ഉത്തര്‍പ്രദേശില്‍ വീട് ഒഴിപ്പിക്കുന്നതിനിടെ അമ്മയെയും മകളെയും പൊലീസ് ചുട്ടുകൊന്ന സംഭവം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അനധികൃത കയ്യേറ്റക്കാരെന്ന പേരില്‍ വീടുകളും കെട്ടിടങ്ങളും ഇടിച്ചുനിരത്തി ആളുകളെ ഒഴിപ്പിക്കുന്ന നടപടികള്‍ ആവര്‍ത്തിക്കുകയാണ്. യുപിയില്‍ കഴിഞ്ഞ ദിവസം ഇത്തരമൊരു നടപടിക്കിടയിലാണ് പ്രമീള ദീക്ഷിത് (45), മകള്‍ നേഹ (20) എന്നിവര്‍ കുടിലിനൊപ്പം ചാമ്പലായത്. കുടിലിനുള്ളില്‍ ആള്‍താമസമുണ്ടെന്നറിഞ്ഞാണ് തീയിട്ടതെന്ന് നാട്ടുകാര്‍ ആരോപിക്കുമ്പോള്‍ കുടിയൊഴിപ്പിക്കലില്‍ മനംനൊന്ത് ഇരുവരും സ്വയം തീകൊളുത്തിയതാണെന്നാണ് പൊലീസ് ഭാഷ്യം. രണ്ടായാലും പ്രതികള്‍ അധികാരികള്‍തന്നെയാണ്. കത്തിച്ചതാണെങ്കിലും തീകൊളുത്തിയതാണെങ്കിലും. പകരം സംവിധാനമൊരുക്കാതെ സര്‍വ സന്നാഹങ്ങളുമായി ഒഴിപ്പിക്കാനെത്തിയ നടപടിയെ കാടത്തമെന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ. യുപിയില്‍ ഇത്തരം നടപടികള്‍ ഇതാദ്യമല്ല. ഇത്തവണ മരിച്ചുപോയത് ഒരു ഹിന്ദു സ്ത്രീയും മകളുമായത് എന്തുകൊണ്ടാണെന്നറിയില്ല. യഥാര്‍ത്ഥത്തില്‍ ഇത്തരം ഒഴിപ്പിക്കല്‍ നടപടികള്‍ മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിനുള്ള പൊതുരീതിയായാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് 55 കാരിയായ വിധവയെ ഇത്തരത്തില്‍ ഒഴിപ്പിക്കുവാനുള്ള മഹാരാഷ്ട്ര ഭവന വികസന സമിതിയുടെ നടപടിക്കെതിരെ മുംബൈ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായത്. കയ്യേറ്റക്കാരാണെങ്കില്‍ പോലും താല്‍ക്കാലിക താമസ സൗകര്യമൊരുക്കാതെയുള്ള നടപടി അംഗീകരിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ഇവിടെ എവിടെയാണ് നീതി, മഹാരാഷ്ട്ര ഭവന വികസന സമിതിയുടെ നിലപാട് അംഗീകരിച്ചാല്‍, വ്യക്തമായൊരു നീതികേടിന് അംഗീകാരം നല്കുന്നതിന് തുല്യമാകുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം നിലപാടുകള്‍ എത്രയോ തവണ പല കോടതികളും ആവര്‍ത്തിച്ചിട്ടുണ്ട്. യുപിയില്‍ കാണ്‍പൂരില്‍ ദേഹത് ജില്ലയിലെ മദൗലിയില്‍ അമ്മയും മകളും മരിച്ച സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഒരു നടപടിയുമില്ലാതെ ആളുകളെ കൂട്ടമായി ഒഴിപ്പിക്കുകയും പതിനായിരങ്ങള്‍ ഭവനരഹിതരാകുകയും ചെയ്യുന്ന സ്ഥിതിയാണ് പല സംസ്ഥാനങ്ങളിലുമുള്ളത്. കുറ്റകൃത്യങ്ങളില്‍ പ്രതികളായ ചിലരുടെ വീടുകളും സ്ഥാപനങ്ങളും തകര്‍ത്തുകൊണ്ടായിരുന്നു ബുള്‍ഡോസര്‍ നീതിക്ക് തുടക്കം. പിന്നീട് അത് എതിരാളികളുടെ കൂട്ടഒഴിപ്പിക്കലായി പരിണമിക്കുകയായിരുന്നു. നേരത്തെയും ചില നടപടികളുണ്ടായിരുന്നുവെങ്കിലും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തവരോടുള്ള പ്രതികാര നടപടിയായി 2020ല്‍ യുപിയില്‍ മുഖ്യമന്ത്രി ആദിത്യനാഥാണ് ഇത്തരം രീതി വ്യാപകമായി തുടക്കമിട്ടത്. തുടര്‍ന്ന് മതന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമണത്തിനുള്ള പ്രധാന ഉപാധിയായി അത് മാറ്റി. രാഷ്ട്രീയഅധികാരവും പൊലീസിന്റെ സഹായവും ലഭ്യമായ ഡല്‍ഹിയിലും മധ്യപ്രദേശിലും ഗുജറാത്തിലും അസമിലും ത്രിപുരയിലുമെല്ലാം നടപടി വ്യാപകമായി. സിഎഎക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത നൂറുക്കണക്കിനു പേരുടെ വീടുകളും വഴിയോര വാണിഭ കേന്ദ്രങ്ങളുമാണ് യുപിയില്‍ ബുള്‍ഡോസര്‍ രാജിനിരയായത്. അവരെല്ലാം ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നുവെന്നത് യാദൃച്ഛികമായിരുന്നില്ല. മധ്യപ്രദേശിലെ ഖര്‍ഗോണില്‍ രാമനവമി ഘോഷയാത്രയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ബുള്‍ഡോസര്‍ രാജ് അരങ്ങേറിയത്.
ഇതുകൂടി വായിക്കൂ: ഗവര്‍ണര്‍ പദവി: പ്രത്യുപകാരവും പ്രലോഭനവും
ഇവിടെ ഇരുവിഭാഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം കടകളും വീടുകളും ഇടിച്ചു നിരത്തി. ഘോഷയാത്രയ്ക്കുനേരെ കല്ലെറിഞ്ഞെന്ന പേരില്‍ 16 വീടുകളും 29 കടകളുമാണ് തകര്‍ത്തത്. അനധികൃതമെന്ന പേരിലാണ് ഇടിച്ചു നിരത്തിയതെങ്കിലും ഇതില്‍ സര്‍ക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജനയില്‍ നിര്‍മ്മിച്ച ചെറുഭവനങ്ങളുമുണ്ടായിരുന്നു. പക്ഷേ അതിന്റെ ഉടമകള്‍ മുസ്ലിങ്ങളായിരുന്നു. അതുകൊണ്ട് ആ ഭവനങ്ങളും അനധികൃതമായി. ഡല്‍ഹിയില്‍ ബുള്‍ഡോസര്‍രാജ് നടന്നത് ജഹാംഗിര്‍പൂരിയിലായിരുന്നു. വഴിവാണിഭത്തിനും താമസത്തിനുമായി ഇവിടെ തമ്പടിച്ചിരിക്കുന്ന ബംഗാളി മുസ്ലിങ്ങളായിരുന്നു ഇരകളായത്. അവരില്‍ പലരും അഭയാര്‍ത്ഥികളുമായിരുന്നു. ഇവിടെയും ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പേരിലായിരുന്നു പൊളിച്ചുമാറ്റല്‍ നടന്നത്. മുസ്ലിം പള്ളിയുടെ കവാടമുള്‍പ്പെടെയാണ് പൊളിച്ചുമാറ്റിയത്. ആയുധങ്ങളുമായി സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ ഘോഷയാത്രയാണ് സംഘര്‍ഷത്തിന് വഴിമരുന്നിട്ടത്. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു പ്രകടനം നീങ്ങിയത്. കൊലവിളികളുമുയര്‍ന്നു. നൂറുകണക്കിന് പൊലീസുകാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ഇതെല്ലാം. ഒരു നടപടിയുമുണ്ടായില്ല. ബോധപൂര്‍വം കലാപാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു അവര്‍. എന്നാല്‍ പ്രദേശത്തെ മുസ്ലിങ്ങളെ മാത്രം വേട്ടയാടുന്ന സാഹചര്യമാണുണ്ടായത്. ഇവിടെ ഇരുപതിലധികം കെട്ടിടങ്ങളും നിരവധി വഴിയോര കച്ചവട സ്ഥാപനങ്ങളുമാണ് ഇടിച്ചുനീക്കിയത്. ഗുജറാത്തിലും രാമനവമി ഘോഷയാത്രയിലൂടെ സംഘര്‍ഷം സൃഷ്ടിച്ച് പിന്നീട് ന്യൂനപക്ഷങ്ങളുടെ ഭവനങ്ങളും കെട്ടിടങ്ങളും ഇടിച്ചുനിരത്തുന്ന സ്ഥിതിയുണ്ടായി. ആനന്ദ് ജില്ലയിലായിരുന്നു അത്. ശകര്‍പുര പ്രദേശത്തെ കുറ്റിക്കാടുകളില്‍ ഒളിച്ചിരുന്നാണ് ഘോഷയാത്രയെ അക്രമിച്ചതെന്നാരോപിച്ചായിരുന്നു ഈ പ്രദേശത്തെ താമസക്കാരെയും കച്ചവടക്കാരെയും ഒഴിപ്പിച്ചത്. എത്രയോ ദശകങ്ങളും തലമുറകളുമായി അവിടെ താമസിക്കുന്നവരും തൊഴിലെടുക്കുന്നവരുമാണ് നിരാലംബരായത്.
ബംഗ്ലാദേശിലുണ്ടായ സംഭവത്തിന്റെ പ്രതികരണമായാണ് ബിജെപി ഭരിക്കുന്ന ത്രിപുരയില്‍ ബുള്‍ഡോസര്‍രാജ് അരങ്ങേറിയത്. ഏകപക്ഷീയമായ നടപടികളെ സുപ്രീം കോടതി ഉള്‍പ്പെടെ വിമര്‍ശിച്ചുവെങ്കിലും അസമിലേക്കും ത്രിപുരയിലേക്കും ബുള്‍ഡോസര്‍രാജ് വ്യാപിക്കുകയാണ് ചെയ്തത്. അസമില്‍ കഴിഞ്ഞ ദിവസവും ഒഴിപ്പിക്കല്‍ നടപടിയുണ്ടായി. ഡല്‍ഹിയില്‍ തുഗ്ലക്കാബാദില്‍ ആയിരത്തിലധികം പേര്‍ക്കാണ് ഒഴിപ്പിക്കലിന് നോട്ടീസ് നല്കിയിരിക്കുന്നത്. ബിജെപിയിലേക്ക് അധികാരമാറ്റമുണ്ടായതോടെ മഹാരാഷ്ട്രയും ഇതേരീതി പിന്തുടരുന്ന സ്ഥിതിയുണ്ടായി. ആഗോളതലത്തില്‍ പോലും വിമര്‍ശനമുയരുകയും രാജ്യത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുകയും ചെയ്യുന്നതാണ് ബിജെപി സര്‍ക്കാരുകളുടെ ബുള്‍ഡോസര്‍രാജ്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇന്ത്യയിലെ അധികൃതരുടെ ക്രൂരമായ ശക്തിപ്രകടനമെന്നായിരുന്നു ഒരു ആഗോളമാധ്യമം ഈ നടപടിയെ വിശേഷിപ്പിച്ചത്. ആര്‍ത്തനാദങ്ങള്‍ക്കിടയിലെ ഒഴിപ്പിക്കല്‍ നടപടി ആരുടെയും കരളലിയിപ്പിക്കുമെങ്കിലും ഇന്ത്യയിലെ അധികാരികളുടെ ക്രൂരമായ മനസ് മാറ്റുന്നതിന് സാധിക്കുന്നില്ലെന്നാണ് മറ്റൊരു മാധ്യമം എഴുതിയത്. അനധികൃത കയ്യേറ്റങ്ങളും കുടിയേറ്റങ്ങളും ഒഴിപ്പിക്കുമ്പോള്‍ എന്തുകൊണ്ട് പ്രത്യേക മതവിഭാഗങ്ങളിലുള്ളവര്‍ മാത്രം ഇരകളാകുന്നുവെന്ന ചോദ്യവും ആഗോളതലത്തില്‍ ഉയര്‍ത്തപ്പെടുന്നുണ്ട്. മറ്റെല്ലാമെന്നതുപോലെ ബുള്‍ഡോസര്‍ എന്ന വലിയ യന്ത്രവാഹനവും തങ്ങളുടെ ഫാസിസ്റ്റ് നടപടികള്‍ അടിച്ചേല്പിക്കുവാനും എതിരാളികളുടെ വേരറുക്കുവാനും ഉപയോഗിക്കുകയാണ് ബിജെപി സര്‍ക്കാരുകള്‍. അതാണ് രാജ്യത്തിന്റെ പല കോണുകളിലും നാം കാണുന്നത്. യുപിയില്‍ തുടങ്ങി ഇപ്പോള്‍ ഡല്‍ഹിയിലെ തുഗ്ലക്കാബാദിലും മെഹ്റൗലിയിലുമെത്തി നില്ക്കുന്നുവെന്ന് മാത്രം. വേരോടെ പിഴുതെറിയുകയെന്ന അടിസ്ഥാന രാഷ്ട്രീയം തന്നെയാണ് ഇതിനു പിന്നില്‍. കുടിയൊഴിയേണ്ടി വന്നും ഭവനരഹിതരായും ആയിരക്കണക്കിനാളുകള്‍ അഭയാര്‍ത്ഥികളാകുന്നു. പുതിയ അഭയാര്‍ത്ഥിക്കൂട്ടങ്ങള്‍ സൃഷ്ടിച്ച് അവശേഷിക്കുന്നവരില്‍ അരക്ഷിത മനോഭാവമുണ്ടാക്കുകയെന്ന ഗൂഢലക്ഷ്യവും ഇതിനു പിന്നിലുണ്ട്. അതിനിടയില്‍ യുപിയിലെ കുടിലിനകത്ത് കത്തിയമര്‍ന്ന അമ്മയുടെയും മകളുടെയും വിലാപങ്ങളെങ്കിലും ഭരണാധികാരികളുടെ മനസ് തുറപ്പിക്കുമോ.