ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിച്ച ബിക്കാജി കാമ അന്തരിച്ചിട്ട് ഓഗസ്റ്റ് 30ന് 88 വര്‍ഷം പൂര്‍ത്തിയായി. 1861 സെപ്റ്റംബര്‍ മാസം 24ന് ബോംബെയില്‍ ജനിച്ച കാമ ചെറുപ്പത്തില്‍ത്തന്നെ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്ര സന്ദേശം ലോകമെങ്ങും അറിയിക്കുന്നതിനുവേണ്ടി മാഡം ബിക്കാജി റൂസ്റ്റം കെ ആര്‍ കാമ ഇന്ത്യ വിടുകയും യൂറോപ്പിലും അമേരിക്കയിലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി സംസാരിക്കുകയും ബ്രിട്ടനില്‍ നിന്ന് അവര്‍ ‘വന്ദേമാതരം’ എന്ന പത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. മാഡം കാമ ‘ഇന്ത്യന്‍ വിപ്ലവത്തിന്റെ അമ്മയായി അറിയപ്പെട്ടു.
1907 ഓഗസ്റ്റ് മാസം 18ന് ജര്‍മ്മനിയിലെ സ്റ്റുര്‍ട്ട് ഗര്‍ട്ടില്‍ നടന്ന രണ്ടാം അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോണ്‍ഗ്രസില്‍ മാഡം കാമ ഇന്ത്യയുടെ ത്രിവര്‍ണ പതാക ഉയര്‍ത്തി. ഒരു അന്താരാഷ്ട്ര സമ്മേളനത്തില്‍ ത്രിവര്‍ണ പതാക പാറുന്നത് ആദ്യ സംഭവമായിരുന്നു. ലെനിന്‍ ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളും പ്രതിനിധികളും ത്രിവര്‍ണപതാകയെ വന്ദിച്ചു. ഈ പതാകയ്ക്ക് നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാകയാക്കി മാറ്റിയത്. 1909 മുതല്‍ 1935 വരെ വിപ്ലവകാരി മാഡം കാമയ്ക്ക് ഇന്ത്യയില്‍ പ്രവേശിക്കുവാന്‍ ബ്രിട്ടീഷ് ഭരണകൂടം അനുവദിച്ചില്ല. ആരോഗ്യം പൂര്‍ണമായും നശിച്ചുകഴിഞ്ഞ അവസ്ഥയിലാണ് 1935ല്‍ മാഡം ബിക്കാജി റൂസ്റ്റം കാമയ്ക്ക് ഇന്ത്യയില്‍ കടക്കാന്‍ ബ്രിട്ടീഷുകാര്‍ അനുവാദം നല്കിയത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ അമ്മ എന്നറിയപ്പെടുന്ന മാഡം ബിക്കാജി കാമ 1936 ഓഗസ്റ്റ് 30ന് അന്തരിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ കാമ വഹിച്ച പങ്ക് ഇന്ത്യന്‍ ജനതയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയുകയില്ല.