Site iconSite icon Janayugom Online

ചിത്രത്തിലെങ്ങും പ്രിയന്റെ ഓട്ടം; ഒപ്പം പ്രേക്ഷകരുടെ മനസ്സും

ടൈറ്റില്‍ പോലെ തന്നെ ചിത്രത്തില്‍ എങ്ങും പ്രിയന്‍ ഓട്ടത്തിലാണ്. കെയർ ഓഫ് സൈറാ ബാനുവിന് ശേഷം ആന്റണി സോണിയാണ് ചിത്രത്തിന്റെ സംവിധാനം. പ്രിയന്‍ എന്ന കഥാപാത്രമായി എത്തുന്ന ഷറഫുദ്ദീന്റെ ഓട്ടം തന്നെയാണ് തുടക്കം മുതല്‍ ഒടുക്കം വരെ ചിത്രത്തില്‍ കാണാന്‍ സാധിക്കുക. തന്റെ ആവശ്യങ്ങളെക്കാളുമേറെ കൂടെയുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്ന വിനയ ഹോമിയോ ക്ലിനിക്കിലെ ഡോക്ടറും താമസ്സിക്കുന്ന ഫ്ലാറ്റിന്റെ സെക്രട്ടറിയും വീട്ടുകാരുടെ എല്ലാംമെല്ലാമായ പ്രിയന്റെ നെട്ടോട്ടമാണ് ചിത്രത്തില്‍ കഥയെ മുന്നോട്ട് പോകുന്നത്. ചിത്രം ഒരു ഫീല്‍ ഗുഡ് മൂവി എന്ന് പറയാം. പ്രിയന്റെ തിരക്കുകളും പ്രശ്നങ്ങളുമെല്ലാം സംവിധായകൻ പ്രേക്ഷകരിലേക്കെത്തിക്കാന്‍ ശ്രമിച്ചത് വലിയ രീതിയില്‍ വിജയിച്ചു എന്ന് തന്നെ പറയാം. പ്രിയന്റെ ഓട്ടത്തിനൊപ്പം പ്രേക്ഷകന്റെ മനസും കൂടെ ഓടുന്നുണ്ട്. നായകനെയും ചിത്രത്തിന്റെ ടൈറ്റിലിനേയും കൃത്യമായി പരിചയപ്പെടുത്തുന്ന രീതിയിലാണ് തുടക്കമെന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്. നായകന്റെ കുട്ടിക്കാല രംഗത്തോടെയാണ് ചിത്രം തുടങ്ങുന്നത്. 

കലാവാസനകളുള്ള നായകനാണ് പ്രിയദർശനെന്ന് തുടക്കത്തിലേ സംവിധായകൻ പ്രേക്ഷകര്‍ക്ക് സൂചന നല്‍കുന്നു. പുതുമയുള്ള ആശയവും കെട്ടുറപ്പുള്ള തിരക്കഥയുടെ സഹായത്തോടെ ചിത്രം പ്രേക്ഷകരുടെ മുന്നിലേയ്ക്ക് സംവിധായകൻ എത്തിച്ചു വെങ്കിലും ചില പിന്തിരിപ്പൻ ആശയങ്ങളും ചിത്രത്തിൽ ഇടയ്ക്ക് കടന്ന് വരുന്നുണ്ട്. പൊട്ടിചിരിപ്പിക്കുന്ന താമശകള്‍ കുറാവണെങ്കിലും നർമപ്രാധാന്യമുള്ള ഒട്ടേറെ മൂഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്. ചിത്രം റിലീസിന് മുമ്പ് പറഞ്ഞപ്പോലെ അഭ്യൂഹങ്ങൾ ശരിവച്ചുകൊണ്ട് മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നുണ്ട്. വേർതിരിവില്ലാതെ ആദ്യം മുതല്‍ അവസാനം വരെ ചിത്രം ഒരേ രീതിയിലാണ് മുന്നോട്ട് പോകുന്നത്. മറ്റുള്ളവരുടെ കാര്യങ്ങള്‍ ചെയ്യുമ്പോളും തന്റെ ഭാര്യയുടെയും മകളുടെയും കാര്യങ്ങളിലെ പ്രിയന്റെ ശ്രദ്ധകുറവ് ചിത്രത്തില്‍ ചിലയിടങ്ങളില്‍ കാണിക്കുന്നു. അവയെല്ലാം ക്ലിയര്‍ ചെയ്ത് കുടുംബ ബന്ധം ദൃഢമാക്കുന്നതും ചിത്രത്തില്‍ കാണാം. 

പ്രശ്നങ്ങളല്ല പകരം സ്നേഹ ബന്ധങ്ങളാണ് ചിത്രത്തില്‍ എങ്ങും കാണാന്‍ സാധിക്കുക. ലാളിത്യമുള്ള ഒരു സിനിമ എന്ന് വിശേഷിപ്പിക്കാം. പ്രിയനായി അഭിനയിക്കുകയല്ല, ജീവിക്കുകയാണ് എന്ന് തോന്നിപ്പിക്കുന്ന പ്രകടനമാണ് ഷറഫുദ്ദീൻ നടത്തിയിരിക്കുന്നത്. അത്രത്തോളം മികച്ചതായിരുന്നു ഒരോ പ്രകടനങ്ങളും. ചെറിയ വേഷങ്ങളിലൂടെയും പിന്നീട് പതിയെ നായകനായും പ്രതിനായകനുമായി പ്രേക്ഷക ശ്രദ്ധനേടി മലയാള സിനിമയില്‍ ഷറഫുദ്ദീന്‍ ഇടംപിടിക്കുന്നു എന്നതില്‍ തര്‍ക്കമില്ല. പ്രിയന്റെ ഭാര്യയായി എത്തിയ അപർണ ദാസും ചോക്കുട്ടന്‍ എന്ന കഥാപാത്രമായി ബിജു സോപാനം ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. നൈല ഉഷ, സുധി കോപ്പ, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ഹരിശ്രീ അശോകൻ, അശോകൻ, അനാർക്കലി മരക്കാർ, സ്മിനു സിജോ തുടങ്ങിയവരും അവരവരുടെ കഥാപാത്രങ്ങൾ ഭംഗിയാക്കിയിരിക്കുന്നു. ലിജിൻ ബംബീനോ ഒരുക്കിയ പാട്ടുകളും പശ്ചാത്തല സംഗീതവും പി എം ഉണ്ണികൃഷ്ണന്റെ ഛായാഗ്രഹണവും മികച്ച് നിന്നു. അഭയകുമാർ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ജോയൽ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് സന്തോഷ് ത്രിവിക്രമനാണ്. 

Eng­lish Summary:movie review priyan ottathilanu
You may also like this video

Exit mobile version