Site iconSite icon Janayugom Online

‘പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിനാണ് മുഹമ്മദ് റിസ്‌വാനെ പുറത്താക്കിയത് ; പുതിയ വിവാദത്തിന് തിരികൊളുത്തി മുന്‍ താരം റഷീദ് ലത്തീഫ്

ഏകദിന ടീം ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനെ നീക്കിയതില്‍ പാക് ക്രിക്കറ്റില്‍ വിവാദം ചൂടുപിടിക്കുന്നു. റിസ്വാന്റെ പുറത്താക്കൽ വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്. അതോടെ ടീമിന്റെ മുൻ കളിക്കാരൻ റാഷിദ് ലത്തീഫ് മൈക്ക് ഹെസ്സണാണ് തീരുമാനത്തിന് ഉത്തരവാദിയെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ഗാസ‑ഇസ്രായേൽ സംഘർഷത്തിൽ റിസ്വാൻ പലസ്തീനെ പരസ്യമായി പിന്തുണച്ചതിന്റെയും പാക് ടീമില്‍ മതവിശ്വാസം പ്രോത്സാഹിപ്പിക്കുന്നതിന്റെയും പേരില്‍ മൈക്ക് ഹെസ്സനാണ് റിസ്‌വാനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടതെന്നാണ് മുന്‍ താരം റഷീദ് ലത്തീഫിന്റെ ആരോപണം. റിസ്വാനെ മാറ്റി പകരം ഷഹീൻ അഫ്രീദിയെ നിയമിക്കുകയും ചെയ്തു. 

“പലസ്തീൻ പതാക ഉയർത്തിയതുകൊണ്ട് നിങ്ങൾ അദ്ദേഹത്തെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കുമോ? ഒരു ഇസ്ലാമിക രാജ്യത്ത് ഒരു ഇസ്ലാമികമല്ലാത്ത ക്യാപ്റ്റൻ വരണമെന്ന് ഈ മാനസികാവസ്ഥ വന്നിരിക്കുന്നു,” സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോയിൽ ലത്തീഫ് പറഞ്ഞു. റിസ്വാൻ ക്യാപ്റ്റനെന്ന നിലയിൽ ഡ്രസ്സിംഗ് റൂമിലേക്ക് മതപരമായ ആചാരങ്ങൾ കൊണ്ടുവന്നുവെന്നും അത് ഹെസ്സണിന് ഇഷ്ടപ്പെട്ടില്ലെന്നും ലത്തീഫ് വീഡിയോയിൽ അവകാശപ്പെട്ടു. ഇന്‍സമാം ഉള്‍ ഹഖ്, സയീദ് അന്‍വര്‍, സഖ്‌ലെയ്ന്‍ മുഷ്താഖ് എന്നിവര്‍ ടീമിലുണ്ടായിരുന്നപ്പോള്‍ പോലും എതിര്‍ക്കാതിരുന്ന കാര്യമാണ് ഇപ്പോള്‍ ഉള്ളത് എന്നാണ് റിസ്‌വാന്‍ പറയുന്നത്. 

റിസ്‌വാനെ പുറത്താക്കിയതിന് ഒരു കാരണവും പിസിബി പറഞ്ഞിട്ടില്ല. ഔദ്യോഗിക പ്രസ്താവനയിൽ അദ്ദേഹത്തിന്റെ പേര് പരാമർശിച്ചിട്ടുപോലുമില്ല. സെലക്ഷൻ കമ്മിറ്റിയും പാകിസ്ഥാന്റെ വൈറ്റ്-ബോൾ ഹെഡ് കോച്ച് മൈക്ക് ഹെസ്സണും തമ്മിൽ ഇസ്ലാമാബാദിൽ നടന്ന കൂടിക്കാഴ്ചയെ തുടർന്നാണ് തീരുമാനമെടുത്തതെന്നാണ് ബോർഡ് അറിയിച്ചത്.

Exit mobile version