Site iconSite icon Janayugom Online

കൂടുതൽ കോർപറേഷനുകളിൽ ഡെപ്യൂട്ടി മേയർ സ്ഥാനം ആവശ്യപ്പെട്ട് മുസ്ലിം ലീഗ്

തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ കൂടുതൽ കോർപറേഷനുകളിൽ ഡെപ്യൂട്ടി മേയർസ്ഥാനം ആവശ്യപ്പെട്ട് മുസ്ലിം ലീഗ്. കണ്ണൂരിന് പുറമെ കൊല്ലം, കൊച്ചി കോർപറേഷനുകളിലാണ് മുസ്ലിം ലീഗ് ഡെപ്യൂട്ടി മേയർ സ്ഥാനം ആവശ്യപ്പെട്ട് രംഗത്ത് വന്നത്. സീറ്റുകൾ നൽകുന്നതിൽ വിമുഖത കാട്ടിയപ്പോൾ കാണിച്ച മുന്നണി മര്യാദ ഡെപ്യൂട്ടി മേയർ പദവി ചോദിച്ചുവാങ്ങുന്നതിൽ കാട്ടേണ്ടതില്ലെന്നാണ് നേതാക്കളുടെ നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ എല്ലാ പാർട്ടികളും മികച്ച വിജയം നേടിയെങ്കിലും, മത്സരിച്ച സീറ്റുകളുടെ എണ്ണം നോക്കിയാൽ കൂടുതൽ നേട്ടമുണ്ടാക്കിയത് മുസ്ലിം ലീഗാണ്. 3203 വാർഡുകളിലാണ് മുസ്ലിം ലീഗ് ജയിച്ചത്. പഞ്ചായത്തുകളിൽ 2248 വാർഡുകളിലും, ബ്ലോക്ക് പഞ്ചായത്തിൽ 300, ജില്ലാ പഞ്ചായത്തിൽ 50 കോർപറേഷൻ 36, മുനിസിപ്പാലിറ്റി 568 വാർഡുകളിലും ലീഗ് ജയിച്ചു. ഇതുകൊണ്ടു തന്നെ ഡെപ്യൂട്ടി മേയർസ്ഥാനം പോലെ നിർണായക പദവികൾക്ക് തങ്ങൾക്ക് അവകാശമുണ്ടെന്ന് ലീഗ് നേതാക്കൾ പറയുന്നു. കണ്ണൂർ കോർപറേഷനിൽ മേയർ — ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ രണ്ടര വർഷം വീതം കോൺഗ്രസുമായി പങ്കിടും. ഇതിന് പുറമെ ആദ്യമായി പിടിച്ചെടുത്ത കൊല്ലം കോർപറേഷനിൽ ഡെപ്യൂട്ടി മേയർ സ്ഥാനം ആവശ്യപ്പെട്ടത് വിവാദമായിട്ടുണ്ട്. ഇവിടെ മുസ്ലിം ലീഗിന് രണ്ടും, ആർഎസ്‌പിക്ക് മൂന്നും കൗൺസിലർമാരുമാണുള്ളത്. അതുകൊണ്ടു തന്നെ ലീഗിനേക്കാൾ ഒരംഗം കൂടുതലുള്ള ആർഎസ്‌പി സെപ്യൂട്ടി മേയർ സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മുന്നണിയിലെ രണ്ടാം കക്ഷി എന്ന നിലയിൽ മുസ്ലിം ലീഗിന് ഡെപ്യൂട്ടി മേയർ സ്ഥാനം നൽകണമെന്നാണ് ലീഗ് നേതാക്കളുടെ ആവശ്യം. കൊച്ചിയിലും ഡെപ്യൂട്ടി മേയർ സ്ഥാനം വേണമെന്നാണ് ലീഗ് ആവശ്യം. എന്നാൽ ഡെപ്യൂട്ടി മേയർ സ്ഥാനം നൽകാൻ കഴിയില്ലെന്ന് ഒറ്റക്ക് ഭൂരിപക്ഷമുള്ള കോൺഗ്രസ് മുതിർന്ന നേതാക്കൾക്കായി പദവി ഒഴിച്ചിട്ടിരിക്കുകയാണെന്ന മറുപടിയാണ് നൽകിയത്. ക്രിസ്ത്യൻ സമുദയത്തിൽ നിന്ന് മേയർ സ്ഥാനാർത്ഥി വന്നാൽ ഹിന്ദു വിഭാഗത്തിൽ നിന്ന് ഡെപ്യൂട്ടി മേയർ വരണമെന്ന നിലപാടിലാണ് കോൺഗ്രസ് ലീഗ് സ്ഥാനാർത്ഥിയായി വിജയിച്ച ടി കെ അഷ്‌റഫിനെ ഡെപ്യൂട്ടി മേയർ ആക്കണമെന്നാണ് ലീഗ് ആവശ്യം. ജില്ലാ കോൺഗ്രസ് നേതൃത്വം അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന തലത്തിൽ സമ്മർദം ചെലുത്താനാണ് ലീഗിന്റെ തീരുമാനം. ഇടതുപക്ഷത്തിനൊപ്പം നിന്ന ശേഷം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ടി കെ അഷ്‌റഫ് ലീഗിലേക്ക് പോയത്. ഇക്കാര്യവും കോൺഗ്രസിൽ അതൃപ്‍തി ഉണ്ടാക്കിയിട്ടുണ്ട്.

Exit mobile version