ബിജെപി നേതാവ് ആദിത്യനാഥ് മുഖ്യമന്ത്രിയായ ഉത്തര്‍പ്രദേശില്‍ കന്നുകാലികള്‍ക്കാണ് മുഖ്യ പരിഗണന. അലഞ്ഞു തിരിയുന്ന കന്നുകാലികളുടെ പരിപാലനത്തിനായി 750 കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. കന്നുകാലി സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് 120 കോടി രൂപ വേറെയുമുണ്ട്. സംസ്ഥാനത്താകെ എല്ലാ ജില്ലകളിലുമായി 187 വന്‍കിട സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ 171 നേരത്തെ തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ചെറുകിട കേന്ദ്രങ്ങളായി 6000ത്തിലധികം വേറെയുമുണ്ട്. പത്തു ലക്ഷം അലഞ്ഞു തിരിയുന്ന കന്നുകാലികളെയാണ് ഇത്തരം കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുവാനുദ്ദേശിക്കുന്നത്. ഒരു പശുവിനു വേണ്ടി പ്രതിമാസം 900 രൂപ വീതമാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. പശുക്കള്‍ക്ക് രോഗബാധയുണ്ടാകുന്നത് തടയുന്നതിന് 116 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്. പശുക്കളെ കൊല്ലുന്നതിന് നിരോധനമേര്‍പ്പെടുത്തിയതുകൊണ്ടാണ് അലഞ്ഞു തിരിയുന്നവയുടെ എണ്ണം കൂടിയത്. അത് കൃഷിനാശമുണ്ടാക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ് സംരക്ഷണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചത്. അതുകൊണ്ട് പക്ഷേ മനുഷ്യരെക്കാള്‍ കന്നുകാലികള്‍ക്ക് മുഖ്യ പരിഗണന ലഭിക്കുന്ന സ്ഥിതിയുണ്ടാക്കിയിരിക്കുകയാണ്. ഇതൊക്കെ വായിക്കുമ്പോള്‍ മനുഷ്യരായി ജനിക്കുന്നതിന് പകരം കന്നുകാലികളായാല്‍ മതിയെന്ന തോന്നലാണുണ്ടാകുന്നത്.
രാജീവ് കുമാര്‍ എം
കവിഞ്ഞമ്പറ്റ

