Site icon Janayugom Online

ദേശീയപാത നവീകരണം 2025ൽ പൂർത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ ദേശീയപാത വികസനം 2025 ഓടെ പൂർത്തിയാക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ദേവികുളങ്ങര, കണ്ടല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂട്ടുംവാതുക്കൽക്കടവ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ പാതയുടെ വികസനം യാഥാർത്ഥ്യമാകുന്നതോടെ വാഹനത്തിരക്കുമൂലം ഗതാഗത മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകും. ദേശീയ പാതയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ പൊതുമരാമത്ത് വകുപ്പ് സസൂക്ഷമം നിരീക്ഷിച്ചുവരികയാണ്.

തടസമില്ലാത്ത റോഡ് ശൃംഖലയാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രധാന പാതകളിൽ റെയിൽവേ ക്രോസിംഗ് ഒഴിവാക്കുന്നതിന് 10 മേൽപ്പാലങ്ങൾ നിർമിച്ചുവരികയാണ്. തീരദേശ പാത വികസനവും സമയബന്ധിതമായി പൂർത്തീകരിക്കുമെമന്ത്രി പറഞ്ഞു. 40 കോടി രൂപ വിനിയോഗിച്ചാണ് ദേവികുളങ്ങര, കണ്ടല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂട്ടുംവാതുക്കൽക്കടവ് പാലം നിർമിച്ചത്. 320 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിൽ ഇരുവശങ്ങളിലും നടപ്പാതയും പാലത്തിനറെ ഇരുകരകളിലും 500 മീറ്റർ വീതം നീളത്തിൽ ബി എം. ആന്റ് ബി സി നിലവാരത്തിൽ അപ്രോച്ച് റോഡുകളുമുണ്ട്. അഞ്ച് വലിയ ആർച്ചുകളും സജ്ജമാക്കിയിരിക്കുന്നു.

ചടങ്ങിൽ യു പ്രതിഭ എംഎൽഎ അധ്യക്ഷത വഹിച്ചു. എ എം ആരിഫ് എം പി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അംബുജാക്ഷി ടീച്ചർ, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പവനനാഥൻ, കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം വയലിൽ നൗഷാദ്, ചീഫ് എൻജിനീയർ എം അശോക് കുമാർ, സൂപ്രണ്ടിംഗ് എൻജിനീയർ ദീപ്തി ഭാനു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചിത്രലേഖ, ശ്രീലത, ഷീജ മോഹൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Exit mobile version