Site iconSite icon Janayugom Online

സഹകരണ മേഖലയ്ക്ക് കെണിയൊരുക്കി, പുതിയ കേന്ദ്ര നിയമം

coorporationcoorporation

സഹകരണ മേഖല ഇന്ത്യയുടെ ഫെഡറൽ തത്വങ്ങൾക്ക് മികവ് കൂട്ടുന്ന സംവിധാനമാണ്. ഭരണഘടന പ്രകാരം കൃഷി, ആരോഗ്യം, സഹകരണം, വിദ്യാഭ്യാസം, ക്രമസമാധാനം എന്നീ വിഷയങ്ങൾ പൂർണമായും സംസ്ഥാനങ്ങളുടെ പട്ടികയിൽ വരുന്നതാണ്. ഭരണഘടനാ നിലപാടുകൾക്ക് വിരുദ്ധമായിട്ടാണ് കേന്ദ്ര സർക്കാരിന്റെ സഹകരണ മേഖലയിലെ പുതിയ നിയമ നിർമ്മാണ നീക്കം. ‘മൾട്ടി സ്റ്റേറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റീസ് (ഭേദഗതി) ബിൽ’ 2022 ലോക്‌സഭയിൽ അവതരിപ്പിച്ചത് ഇക്കഴിഞ്ഞ ഡിസംബർ എഴിനായിരുന്നു. സഹകരണ സംഘങ്ങളെ സംബന്ധിച്ചുള്ള നിയമ നിർമ്മാണങ്ങൾക്കുള്ള അവകാശം സംസ്ഥാനങ്ങളിൽ നിക്ഷിപ്തമായിരിക്കെ, സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്ന നിയമ നിർമ്മാണത്തിന് കേന്ദ്രം മുന്നിട്ടിറങ്ങിയതിനെതിരെ ചോദ്യശരങ്ങൾ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.
കേന്ദ്ര പട്ടികയില്‍പെടാത്ത നിയമനിർമ്മാണ നടപടികളെ കോടതികൾ പലപ്പോഴും ചോദ്യം ചെയ്യുകയും തിരുത്തുകയും ചെയ്തിട്ടുണ്ട്. 97-ാം ഭരണഘടനാ ഭേദഗതി നിയമം ഗുജറാത്ത് ഹൈക്കോടതി പൂർണമായും റദ്ദാക്കിയ അനുഭവം നമുക്ക് മുന്നിലുണ്ട്. ഇതിനെതിരെ നൽകിയ അപ്പീലിൽ വാദം കേട്ട ശേഷം സുപ്രീം കോടതിയിൽ ചെറിയ ഇളവ് മാത്രമാണ് സർക്കാരിന് ലഭിച്ചത്. 2012ൽ പാർലമെന്റ് പാസാക്കിയ 97-ാം ഭരണഘടനാ ഭേദഗതി നിയമത്തിൽ കൂട്ടിച്ചേർത്ത ‘പാർട്ട്, 9ബി’ ഭാഗം ഭാഗികമായി റദ്ദാക്കിക്കൊണ്ടുള്ള വിധി പ്രസ്താവം നടത്തിയത് 2021 ജൂലൈ 21നായിരുന്നു. മൂന്ന് അംഗങ്ങളുള്ള ഡിവിഷൻ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിക്കൊപ്പം ന്യൂനപക്ഷ വിധിയും രേഖപ്പെടുത്തിയിരുന്നു. 97-ാം ഭരണഘടനാ ഭേദഗതി നിയമം പൂർണമായും റദ്ദാക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി വിധിയെ ശരിവച്ചുകൊണ്ടുള്ളതായിരുന്നു ന്യൂനപക്ഷ വിധി പ്രസ്താവം. ഈ നിയമത്തിലെ, മൾട്ടി-സ്റ്റേറ്റ് സഹകരണ സംഘങ്ങൾക്ക് സുപ്രീം കോടതി നൽകിയ ഇളവുകൾ ചുണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ പുതിയ സഹകരണ ഭേദഗതി നിയമത്തിന് രൂപം നൽകിയിട്ടുള്ളത്.
ഒറ്റ വിപണിയും ഒരു നികുതി വ്യവസ്ഥയും എന്ന നയത്തിൽ ഭരണചക്രം തിരിക്കുന്ന മോഡി സർക്കാർ, വികേന്ദ്രീകൃത ആസൂത്രണത്തിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾ സ്വയംഭരണ ജനാധിപത്യ സ്ഥാപനങ്ങളായി തുടരുന്നത് തങ്ങളുടെ നവ ലിബറൽ നയങ്ങൾക്ക് വിഘാതമുണ്ടാക്കുമെന്ന് കരുതുന്നു. അതിനാലാണ് സർക്കാരിലെ രണ്ടാമനായി അറിയപെടുന്ന അമിത്ഷായെ വകുപ്പ് മന്ത്രിയാക്കി കേന്ദ്ര സഹകരണ മന്ത്രാലയത്തിന് രൂപം നൽകിയത്.


ഇതുകൂടി വായിക്കൂ: സഹകരണ മേഖലയിലെ പ്രതിസന്ധികളും പരിഹാര നിര്‍ദ്ദേശങ്ങളും


2002ൽ മൾട്ടി സ്റ്റേറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റീസ് ആക്ട് ഭേദഗതി ചെയ്തിരുന്നു. ബ്രിട്ടീഷ് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി 1942ൽ മൾട്ടി യൂണിറ്റ് സ്റ്റേറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റിസ് ആക്ട് പാസാക്കുകയുണ്ടായി. സ്വാതന്ത്ര്യത്തിനു ശേഷം നിയമം അതേപടി തുടരുകയും 1984 ൽ മൾട്ടി സ്റ്റേറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റീസ് ആക്ട് എന്ന പുതിയ നിയമം പ്രാബല്യത്തിൽ വരികയും ചെയ്തു. ഈ നിയമത്തിൽ സമൂലമായ മാറ്റം വരുത്തിയാണ് 2002ലെ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പാസാക്കിയത്. ആ നിയമത്തിൽ വീണ്ടും ഭേദഗതി വരുത്തുവാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ലോക്‌സഭയിൽ അവതരിപ്പിച്ച ബില്ല് നിയമ നടപടികളുടെ ഭാഗമായി സെലക്ട് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്.
കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ നിയമ നിർമ്മാണാധികാരങ്ങൾ ഉണ്ടെങ്കിലും കേന്ദ്ര സർക്കാരിന് മേൽക്കോയ്മയുള്ള സമവർത്തി ലിസ്റ്റിൽപ്പെടുത്തി സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുകയെന്ന കേന്ദ്രത്തിന്റെ ഉദ്ദേശ്യം ഇതിലൂടെ വ്യക്തമാകുന്നുണ്ട്. ബില്ലിന്റെ ഉള്ളടക്കം പരിശോധിച്ചാൽ സംസ്ഥാനങ്ങളിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളെ വിഴുങ്ങാനുള്ള ഗൂഢോദ്ദേശ്യം വെളിപ്പെടുന്നുണ്ട്. പുതിയ ബില്ലിലെ ഭേദഗതി ചെയ്ത ആറാം വകുപ്പ് പ്രകാരം, ഏതൊരു സഹകരണ സംഘത്തിനും നിലവിലുള്ള ഒരു മൾട്ടി സ്റ്റേറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റിയിൽ ലയിക്കാവുന്നതാണ്. സംഘത്തിന്റെ പൊതുയോഗത്തിൽ വോട്ട് ചെയ്യുന്നവരിലെ മൂന്നിൽ രണ്ടിൽ കുറയാത്ത ഭൂരിപക്ഷം ഉണ്ടായിരിക്കണമെന്ന് മാത്രം.
ഭേദഗതി ചെയ്യുന്ന 14-ാം വകുപ്പ് പ്രകാരം മൾട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിൽ ലയിച്ച സംഘത്തിന് ഓഹരികൾ വീണ്ടെടുക്കണമെങ്കിൽ കേന്ദ്ര അതോറിറ്റിയുടെ അനുവാദം ഉണ്ടാകണം. 17-ാം വകുപ്പു ഭേദഗതിയനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന് കമ്മിഷനെ നിയമിക്കാനുള്ള അ ധികാരം കേന്ദ്ര സർക്കാരിനായിരിക്കും. 45-ാം വകുപ്പ് അനുസരിച്ച്, കേന്ദ്ര സർക്കാരിന് സഹകരണ സംഘങ്ങളുടെ ഡയറക്ടർ ബോർഡിനെ മറികടന്ന് ഒരു അഡ്മിനിസ്ട്രേറ്ററെ നിയമിക്കാവുന്നതാണ്. ഈ ഭേദഗതികളെല്ലാം സംസ്ഥാനങ്ങളുടെ സഹകരണ ഘടനയിൽ മാറ്റം വരുത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്.


ഇതുകൂടി വായിക്കൂ: സഹകരണ മേഖലയെ സംരക്ഷിക്കണം


രാജ്യത്തെ മുഴുവൻ സഹകരണ മേഖലയെയും അതിന്റെ ഘടനയെയും കേന്ദ്ര സർക്കാരിന് നിയന്ത്രിക്കാനും ആവശ്യമെങ്കിൽ ഏറ്റെടുക്കാനും കഴിയുംവിധമുള്ള നിയമ മാറ്റത്തിനാണ് കേന്ദ്ര സർക്കാർ രൂപം നൽകിയിട്ടുള്ളത്. അതിനുള്ള ചുവടുവയ്പുകളാണ് നടത്തുന്നത്. പ്രവർത്തനരഹിതമായി കിടക്കുന്ന ധാരാളം മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സംഘങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. മൂലധന അപര്യാപ്തതയാണ് പ്രവർത്തനരാഹിത്യത്തിന്റെ പ്രധാന കാരണം. അത് പരിഹരിച്ചു തരാമെന്ന വാഗ്ദാനത്തിലൂടെ അത്തരം സംഘങ്ങളെ സ്വാധീനിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഇങ്ങനെയുള്ള സംഘങ്ങൾക്ക് കേന്ദ്ര സർക്കാർ പണം നൽകുകയും വിദൂര സംസ്ഥാനങ്ങളിൽ വരെ ബ്രാഞ്ചുകൾ തുടങ്ങാൻ നിർദേശിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം കൂട്ടിവായിക്കേണ്ട ഒരു കാര്യമാണ് ഉല്പാദന വിപണ മേഖലകളിലായി പ്രവർത്തിക്കാൻ ഉദ്ദേശിച്ചുള്ള മൂന്ന് ബഹുസംസ്ഥാന സഹകരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം.
ദേശീയ വിത്ത് സഹകരണ സംഘം ഇങ്ങനെ പ്രഖ്യാപിക്കപ്പെട്ട സംഘങ്ങളിൽ ഒന്നാണ്. ഇതിൽ അംഗമാകാൻ പ്രാഥമിക സഹകരണ സംഘങ്ങൾക്കു പുറമെ ജില്ലാ, സംസ്ഥാന, ദേശീയ ഫെഡറേഷനുകൾക്കും അവസരം ഉണ്ടായിരിക്കും. മറ്റൊന്ന്, ദേശീയ ജൈവ ഉല്പാദന സഹകരണ സംഘമാണ്. മേൽപ്പറഞ്ഞ സംഘങ്ങളെ കൂടാതെ സംസ്ഥാന സഹകരണ ബാങ്ക്, കാർഷികോല്പാദന സംഘങ്ങൾ എന്നിവയ്ക്ക് അംഗങ്ങളാകാൻ കഴിയും. മൂന്നാമതായി പറയുന്നത്, ദേശീയ കയറ്റുമതി സഹകരണ സംഘമാണ്. ഇതിൽ മേൽ സൂചിപ്പിച്ച ഒന്നും രണ്ടും സംഘങ്ങൾക്കു പുറമെ ബഹുസംസ്ഥാന സഹകരണ സംഘങ്ങൾക്കും അംഗമാകാവുന്നതാണ്. രാജ്യത്തെ ഒട്ടുമിക്ക സഹകരണ സ്ഥാപനങ്ങളെയും കൈയടക്കാനുള്ള നെറ്റ്‍വർക്ക് സംവിധാനം കേന്ദ്ര സർക്കാർ പ്രവർത്തിപ്പിച്ചു തുടങ്ങിയെന്ന് വ്യക്തം.
ഇതിന്റെ ആപത്ത് ചുരുക്കി കണ്ടുകൂടാ. ഇന്ത്യൻ ഭരണഘടന, സംസ്ഥാനങ്ങൾക്ക് നൽകുന്ന അവകാശങ്ങൾക്കു നേരെയുള്ള കേന്ദ്രസർക്കാരിന്റെ കടന്നുകയറ്റമാണിത്. ഭരണഘടനയുടെ ജീവവായുവായ ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്തുന്നതാണ് കേന്ദ്രനടപടി.


ഇതുകൂടി വായിക്കൂ: സഹകരണ മേഖല തകര്‍ക്കാന്‍ ആസൂത്രിത ശ്രമം


കേരളം, വൈവിധ്യമായ പാതകൾ വെട്ടിത്തുറന്ന് സഹകരണ മേഖലയിൽ വികസനം സാധ്യമാക്കുന്ന പ്രവർത്തനത്തിലാണ്. പരിഷ്കരണവും പുരോഗതിയും ലക്ഷ്യം വച്ച് നിയമസഭയിൽ അവതരിപ്പിച്ച്, സെലക്ട് കമ്മിറ്റിക്ക് വിട്ട കേരള സഹകരണ നിയമം (ഭേദഗതി) 2022 ബില്ലിൽ 114 ഭേദഗതി നിർദേശങ്ങളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതോടൊപ്പം മറ്റൊരു ദൗത്യം കൂടി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതുണ്ട്. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളെ വിഴുങ്ങാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച നടപടികളെ ചെറുത്തുതോൽപ്പിക്കാൻ ഭരണഘടനാവകാശം വിനിയോഗിച്ചുകൊണ്ട് നിയമ നിർമ്മാണം നടത്തണം. അതിനുള്ള ഭേദഗതി നിർദേശങ്ങൾ കൊണ്ടുവരണം.

Exit mobile version