Site iconSite icon Janayugom Online

മഞ്ഞുരുകും നേരം..

അതേ വെളിച്ചം.. അതേ കാറ്റ്.. അതേ നിശബ്ദത.. ഒന്നിനും മാറ്റമില്ല.. എന്നാല്‍ നമ്മള്‍???? നമ്മള്‍ മാത്രം… മാറിയിരിക്കുന്നു… നീയും ഞാനുമായി മാറിയിരിക്കുന്നു… ചുറ്റും മഞ്ഞാണ്. നമ്മെ പൊതിയുന്ന മഞ്ഞ്… മങ്ങുന്ന കാഴ്ചയ്ക്കൊപ്പം നീയും.… ഇന്ദ്രസിസ് ആചാര്യയുടെ നിഹാരിക(ഇന്‍ ദി മിസ്റ്റ്) ആധുനിക ജീവിതത്തിലെ സ്ത്രീയുടെ നേര്‍രൂപമാണ് വരച്ചുകാട്ടുന്നത്. സ്വന്തം ലിംഗ സ്വത്വം അന്വേഷിക്കുന്ന ജീവിത അപചയങ്ങളിലൂടെ സ്വയം ശാക്തീകരിക്കപ്പെടുന്ന സ്വയം തിരിച്ചറിയുന്ന ദീപ സമൂഹത്തിന്റെ നേര്‍സാക്ഷ്യം മാത്രമാണ്. എന്നിലും നിന്നിലും നിങ്ങളോരോരുത്തരിലും ദീപയുണ്ട്. അതൊരു രൂപത്തിലും ഭാവത്തിലും അധിഷ്ടിതമല്ല, സര്‍വവ്യാപിയാണ്. ഇരുള്‍മൂടിയ ബാല്യകാലവും ചൂഷണം നിറഞ്ഞ കൗമാരവും കടന്നാണ് അവള്‍ കടന്നു വന്നത്. ആരെയും തോല്‍പ്പിക്കാനല്ല, ജീവിക്കാന്‍, താനായി ജീവിക്കാന്‍ മാത്രം. മനസമാധാനത്തോടെ ഉറങ്ങാനുള്ളൊരിടം ലോകത്തെവിടെയുണ്ടോ അവിടെ നീ സുരക്ഷിതയാണ്. ദീപയുടെ ആ തിരിച്ചറിവില്‍ അവള്‍ ഒരിടത്ത് അഭയം പ്രാപിക്കുന്നു.

ഒടുവില്‍ ആ തണല്‍ മായുമ്പോള്‍ തോളുതന്ന് നിന്ന സുഹൃത്ത് ജീവിതത്തിന്റെ ഭാഗമാവുന്നു. കാണികള്‍ക്ക് എപ്പോഴും കൗണ്ടറടിക്കാനുള്ള ഒരിടം ജീവിതത്തിലുണ്ട്. എന്നാല്‍ സ്വന്തം ജീവിതം താന്‍ അനുഭവിച്ചതുപോലെ അവര്‍ക്ക് അറിയില്ലല്ലോ… നിനക്ക് അമിത ഉത്കണ്ഠയാണെന്നും തനിക്ക് തിരക്കാണെന്നും മറ്റും പറഞ്ഞ് ഓരോ വട്ടവും മാറ്റിവച്ചതുകൊണ്ടുമാത്രമാണ് ദീപയ്ക്ക് തന്റെ കുഞ്ഞിനെ നഷ്ടമാകുന്നത്. രംഗന്‍ എന്ന യുവാവും നമ്മുടെ നിത്യജീവിതത്തില്‍ പല പേരുകളില്‍ നമുക്ക് ചുറ്റുമുണ്ട്. ഭാര്യയെ അറിയാത്ത, അവളുടെ വികാരങ്ങളെ മനസിലാക്കാത്ത ഒരുവനായി.…. ഒടുവില്‍ സ്വയം തിരിച്ചറിയുന്ന നായിക താനായി ജീവിക്കാന്‍ ആരംഭിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.

എന്നാല്‍ കാഴ്ചക്കാരിലേക്ക്, സമൂഹത്തിലേക്ക് കഥാകാരന്‍ എയ്യുന്നത് വലിയൊരു അസ്ത്രമാണ്. സ്ത്രീ, അവളൊരു വ്യക്തിയാണെന്ന് തിരിച്ചറിയാത്ത സമൂഹം എന്നും ശാപം തന്നെയാണ്. ആധുനികത കെട്ടിഘോഷിക്കുന്ന അഹങ്കരിക്കുന്നവര്‍ ആരും അവള്‍ക്കൊരിടം നല്‍കാന്‍ ഇന്നും തയാറാകുന്നില്ല. അതാണ് വേണ്ടത്. അതുമാത്രം… അതുതന്നെയാണ് നിഹാരികയും ആവശ്യപ്പെടുന്നത്.
അനുരാധ മുഖർജി, അനിന്ദ്യ സെൻഗുപ്ത, മല്ലിക മജുംദാർ, പ്രിയങ്ക ഗുഹ് എന്നിവർ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബംഗാളി ചിത്രങ്ങളുടെ മനോഹാരിത ഒട്ടും കൈമോശം വരാതെ നിഹാരികയിലും പ്രതിഫലിക്കുന്നു. ഹനോയ് ഫിലിം ഫെസ്റ്റിവലിനുള്‍പ്പെടെ പ്രവേശനം ലഭിച്ചിട്ടുള്ള ചിത്രംകൂടിയാണ് നിഹാരിക.

Exit mobile version