Site iconSite icon Janayugom Online

നീലഗിരി ടു എറണാകുളം കാഴ്ചകൾ

1.
കുന്നിറങ്ങുമ്പോൾ
നനവിലും കുളിരിലും
മറവിലും തിരിവിലും
അരുണകിരണനു
കരുതലാണ്‌
തെന്നിവീഴാതെ വേണം
മണ്ണിനെ പുൽകാൻ


2.
താഴ് വാരത്തിലെത്തിയാൽ
ചൂടിന് കിറുക്കാണ്
വല്ലാത്ത ഉച്ചക്കിറുക്ക്,
വട്ടസൂര്യന്റെ കണ്ണിലോ, തീയാണ്
ഒച്ചയിടുന്ന പാതകൾ
പേടിച്ചു കറുത്തതു കണ്ടോ?


3.
അതിരു കടന്നപ്പോൾ
ചുരവും വാളയാറും കഴിഞ്ഞപ്പോൾ
മണ്ണിനു ചോപ്പിന്റെ മാദകലഹരി
കാറ്റിനു വരിനെല്ലിൻമണം
വാനമാകെ
പ്രണയനിലാക്കവിതകൾ


4.
ആലുവാപ്പുഴ കടന്നാൽ
ആൾക്കൂട്ടമൊഴുകുമാരവം
ആശ്വാസത്തിന്റെ വിയർപ്പുചാലുകൾ
പാളമിറങ്ങിയകലും രവം


5.
സാന്ധ്യസൂര്യചുംബനത്തിൽ
ആനമ്രവതിയായ് ചക്രവാളം
ആകാശക്കണ്ണുകളടയ്ക്കുമ്പോൾ
ഞെക്കുവിളക്കുകൾ തെളിയിച്ചു
വീഥികൾ തിരയുന്നതെന്നെയോ
നിന്നെയോ, പ്രണയിനിമാരെയോ?
Exit mobile version