ധർമ്മങ്ങളെല്ലാം കൈവിട്ടു മർത്ത്യര-
ധർമ്മത്തിൽ മുങ്ങിത്തുടിക്കുന്ന കാലം
ധർമ്മത്തിൻ മൂർത്തിമദ്ഭാവമാം രാമാ
ധർമ്മരക്ഷാർത്ഥം വീണ്ടും നീ വന്നാലും!
രാവണനും ശൂർപ്പണഖാദികളും
വേഷംമാറി നടക്കുന്നു നാടിതിൽ
വിടൻമാരുടെ കൈകളിൽ സീതമാർ
പിടയും കാഴ്ചകൾ നിത്യം കാണുന്നു!
താതവാക്യം പാലിക്കുവാനായി നീ
സീതാസമേതനായ് കാനനം പൂകി
നിർദ്ദയം മാതാപിതാക്കളെ ഞങ്ങൾ
വൃദ്ധാലയങ്ങളിൽ നടതള്ളുന്നു!
രാജനീതി സംരക്ഷിക്കുവാൻ സം -
പൂജ്യയാം പത്നിയെക്കാട്ടിൽക്കളഞ്ഞു
ജായയെത്തങ്കത്താൽ മൂടുവാനിന്നാ -
രെയും ചതിക്കുവാനില്ലല്ലോ ശങ്ക!
സാധനായോഗങ്ങളെല്ലാമറിഞ്ഞു
സാധാരണക്കാർക്കായി നീ ഭരിച്ചു
ദിശതെറ്റിപ്പായും നേതാക്കളിന്നു
പശിയാറാപ്പാവത്തെക്കാണുന്നുണ്ടോ?
രാമായണത്തിന്നാഴങ്ങളിൽ മുങ്ങി
ആത്മീയഗുരുക്കൻമാർ കണ്ടെടുത്തു
വിശ്വത്തിന്നേകിയ നിധികുംഭമ -
നശ്വരമെന്ന സത്യം നാമറിഞ്ഞിടേണം!