Site iconSite icon Janayugom Online

ദാരിദ്ര്യം മറയ്ക്കാന്‍ വെള്ളപൂശല്‍ മതിയാകില്ല

നിറം പിടിപ്പിച്ച വികസന കഥകൾക്കും, സാമ്പത്തിക വളർച്ചയുടെ വീമ്പുപറച്ചിലുകൾക്കും ഒരു കുറവുമില്ലാതെ മുന്നേറുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കൂട്ടരും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ‘മോഡി ഗ്യാരന്റി‘യെന്ന പുതിയ തട്ടിപ്പുമായി ഇറങ്ങിയ മോഡിയെ സഹായിക്കാന്‍ അദ്ദേഹത്തിന്റെ ഭരണത്തിന്‍കീഴിലുള്ള നിതി ആയോഗ് കഴിഞ്ഞദിവസം ഒരു കണക്ക് പുറത്തുവിട്ടിട്ടുണ്ട്. മോഡി സർക്കാരിന് കീഴിൽ കഴിഞ്ഞ ഒമ്പതുവർഷത്തിനിടെ ദരിദ്രരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായാണ് റിപ്പോർട്ട്. ഇക്കാലയളവില്‍ 24.82 കോടി പേരാണ് രാജ്യത്ത് ദാരിദ്ര്യത്തില്‍ നിന്നും കരകയറിയതെന്നാണ് ഏജന്‍സിയുടെ അവകാശവാദം. 2013–14ൽ 29.17 ശതമാനമായിരുന്ന ദാരിദ്ര്യനിരക്ക് 2022–23ൽ 11.28 ശതമാനമായി കുറഞ്ഞുവെന്നും പറയുന്നു. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ദാരിദ്ര്യം ഏറ്റവും കുറഞ്ഞത്. 5.94 കോടി ജനങ്ങളാണ് ഉത്തര്‍പ്രദേശില്‍ മാത്രം ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത്. ബിഹാറില്‍ 3.77 കോടിയും മധ്യപ്രദേശില്‍ 2.30 കോടിയും രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആകെ സമ്പത്തിന്റെ പകുതിയോളം കയ്യടക്കി വച്ചിരിക്കുന്നത് വെറും ഒരുശതമാനം മാത്രം വരുന്ന അതിസമ്പന്നരാണെന്ന കണക്കുകള്‍ നിലനില്‍ക്കെയാണ് നിതി ആയോഗിന്റെ വെള്ളപൂശല്‍. നിത്യനിദാനച്ചെലവുകൾക്ക് മുന്നിൽ പകച്ചുനിൽക്കുകയാണ് ശരാശരി ഭാരതീയനെന്നും വിലക്കയറ്റവും തൊഴിലില്ലായ്മയും അതിരൂക്ഷമാണെന്നുമുള്ള റിപ്പോര്‍ട്ടും മുന്നിലുണ്ട്. കോവിഡനന്തരം രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം കൂടിയതായാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച റിപ്പോർട്ട്.

പ്രതിദിനം കോടികൾ വരുമാനമുള്ളവരിലേക്കുതന്നെ വീണ്ടുംവീണ്ടും പണമൊഴുകിയെത്തുമ്പോള്‍ അതിദരിദ്രരായ മനുഷ്യർക്ക് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള വരുമാനം പോലും ലഭിക്കുന്നില്ലെന്ന് ഓക്സ്ഫാം ഇന്ത്യ ഏതാനും മാസം മുമ്പ് പുറത്തിറക്കിയ റിപ്പോർട്ടും പറയുന്നു. എന്നാല്‍ പുതിയ നിതി ആയോഗ് റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിക്കുകയും ‘വളരെ പ്രോത്സാഹജനകമാണിതെന്നും എല്ലാ ഇന്ത്യക്കാർക്കും സമൃദ്ധമായ ഭാവി ഉറപ്പാക്കാൻ ഞങ്ങൾ തുടർന്നും പ്രവർത്തിക്കു‘മെന്നും എക്സില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്. ഇതേനാളുകളില്‍ തന്നെ പുറത്തുവന്ന ഓക്സ്ഫാം റിപ്പോര്‍ട്ടാകട്ടെ മോഡിയുടെയും നിതി ആയോഗിന്റെയും വാദങ്ങളുടെ പൊള്ളത്തരം വെളിപ്പെടുത്തുന്നു. 2020 മുതൽ ലോകത്ത് അഞ്ച് സമ്പന്നരുടെ സമ്പത്ത് ഇരട്ടിയിലധികമായി വർധിച്ചപ്പോള്‍ 500 കോടി ജനങ്ങള്‍ ദരിദ്രരായെന്നാണ് ഓക്സ്ഫാം കണ്ടെത്തിയിരിക്കുന്നത്. നിലവിലെ പ്രവണതകൾ തുടര്‍ന്നാൽ, ഒരു ദശാബ്ദത്തിനുള്ളിൽ ലോകത്ത് ആദ്യത്തെ ട്രില്യണയർ ഉണ്ടാകും, എന്നാൽ 229 വർഷം കഴിഞ്ഞാലും ദാരിദ്ര്യം തുടച്ചുനീക്കപ്പെടില്ലെന്നും ഓക്സ്ഫാം മുന്നറിയിപ്പ് നൽകുന്നു. ലോകത്ത് ഏറ്റവും വലിയ അസമത്വം നിലനിൽക്കുന്ന ദക്ഷിണാഫ്രിക്കയുമായി ആഗോള സാമ്പത്തിക അസമത്വത്തെ താരതമ്യപ്പെടുത്താമെന്ന് അസമത്വം അളക്കുന്ന ഗിനി ഇൻഡെക്സ് കണ്ടെത്തിയതായും ഓക്സ്ഫാം റിപ്പോര്‍ട്ടിലുണ്ട്. സ്റ്റോക്കുകൾ, ഷെയറുകൾ, ബോണ്ടുകൾ, സ്വകാര്യ ഉടമസ്ഥതയിലെ ഓഹരികൾ തുടങ്ങി ആഗോള സമ്പത്തിന്റെ 59 ശതമാനവും ഒരു ശതമാനം സമ്പന്നർ കയ്യടക്കിവച്ചിരിക്കുകയാണ്.


ഇതുകൂടി വായിക്കൂ:ഹിന്ദുമതത്തെ ഭിന്നിപ്പിക്കുന്ന പ്രാണപ്രതിഷ്ഠ 


ഇന്ത്യയുള്‍പ്പെടെ ആഗോളരാജ്യങ്ങളിലെ സാമ്പത്തികാസമത്വമാണ് ഓക്സ്ഫാം ചൂണ്ടിക്കാട്ടുന്നത്. അതിനിടയിലാണ് രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞുവെന്ന് കേന്ദ്ര ഏജന്‍സിയുടെ അവകാശവാദം. അവസാനം പുറത്തുവന്ന രണ്ട് ദേശീയ കുടുംബാരോഗ്യ സർവേകള്‍ അവലംബിച്ചാണ് നിതി അയോഗ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇക്കാലത്ത് കൊണ്ടുവന്ന പദ്ധതികളാണ് ദാരിദ്ര്യമുക്തിക്ക് കാരണമായതെന്നും അവകാശപ്പെടുന്നുണ്ട്. കണക്കുകൾക്ക് ആധാരമായി നിതി ആയോഗ് നിരത്തുന്ന സർവേകളിൽ പലതും കോവിഡ് മഹാമാരിക്കാലത്ത് നടന്നിട്ടില്ല. ഇതിനിടയില്‍ നടക്കേണ്ട കാനേഷുമാരി ഉള്‍പ്പെടെ ഔദ്യോഗിക കണക്കെടുപ്പുകള്‍ പലതും യഥാസമയം സംഘടിപ്പിക്കപ്പെട്ടിട്ടില്ലെന്നതും നിതി ആയോഗിന്റെ കണക്കുകളിലെ പൊള്ളത്തരം വെളിവാ‌ക്കുന്നു. പരമ്പരാഗതമായി ദാരിദ്ര്യം നിർവചിക്കുന്നത് ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ സാമ്പത്തിക വരുമാനം കണക്കാക്കിയാണെങ്കിലും വരുമാനം മാത്രം കൊണ്ട് ദാരിദ്ര്യം കണക്കാക്കാനാവില്ലെന്നതിനാൽ ബഹുമുഖ ദാരിദ്ര്യ സൂചിക (എംപിഐ)യാണ് ലോകത്താകമാനം മാനദണ്ഡമാക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം തുടങ്ങി 10 സൂചകങ്ങൾ കണക്കിലെടുത്താണ് ഇതിന്റെ തോത് വിലയിരുത്തുക. ഈ 10 സൂചകങ്ങൾക്ക് പുറമെ രണ്ടെണ്ണംകൂടി ചേർത്തുകൊണ്ടാണ് നിതി ആയോഗിന്റെ കണക്ക്; മാതൃ ആരോഗ്യവും ബാങ്ക് അക്കൗണ്ടും. കഴിഞ്ഞ മൂന്ന് ദശകങ്ങളായി മാതൃ ആരോഗ്യത്തിൽ രാജ്യം പുരോഗതിയിലാണ്. മോഡിയുടെ ജന്‍ധന്‍, തൊഴിലുറപ്പ് വേതനം പാേലുള്ള ‘സാമ്പത്തിക പരിഷ്കരണ’ങ്ങളുടെ ഭാഗമായി മിക്കവാറും എല്ലാ പൗരന്മാര്‍ക്കും ബാങ്ക് അക്കൗണ്ടുമുണ്ടാകും. ഇത് രണ്ടും എംപിഐ മാനദണ്ഡങ്ങളുടെ ഭാഗമാകുന്നതോടെ ദാരി​​​ദ്ര്യമുക്തി സൂചിക കുത്തനെ ഉയരുമെന്നതാണ് നിതി ആയോഗ് തന്ത്രം.

അതിസമ്പന്നരുടെ നികുതി (കോര്‍പറേറ്റ് നികുതി) കുറച്ചാൽ അവരുടെ സമ്പത്ത് മറ്റുള്ളവരിലേക്കും താനെ എത്തുമെന്ന ട്രിക്കിൾ ഡൗൺ സിദ്ധാന്തം മിഥ്യാധാരണയാണെന്ന് ഓക്സ്ഫാം ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഗബ്രിയേല ബുച്ചർ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യ പോലുള്ള രാജ്യത്ത് അസമത്വം കുറയ്ക്കുന്നതിനും ജനാധിപത്യം പുനരുജ്ജീവിപ്പിക്കുന്നതിനും അതിസമ്പന്നർക്ക് നികുതി ചുമത്തേണ്ടത് അനിവാര്യമാണെന്നും അവർ പറഞ്ഞിരുന്നു. കോര്‍പറേറ്റ് പ്രീണനനയവുമായി ഭരിക്കുന്ന മോഡി സര്‍ക്കാരാകട്ടെ സബ്സിഡി വെട്ടിക്കുറച്ചും, തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയും സാധാരണക്കാരില്‍ നിന്ന് നികുതി വരുമാനമുണ്ടാക്കുകയാണ് ചെയ്യുന്നത്. അതിനവര്‍ മുന്നോട്ടുവയ്ക്കുന്നത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ‘കിനിഞ്ഞിറങ്ങല്‍’ സിദ്ധാന്തം തന്നെയാണ്.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഉദാരവൽക്കരണ നയത്തിലേക്ക് മാറിയ 1990കളുടെ തുടക്കത്തിൽ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്, സ്വകാര്യമേഖലയിലെ സംരംഭകത്വത്തെ പുനരുജ്ജീവിപ്പിക്കുകയും ഉയർന്ന വളർച്ച കൈവരിക്കുകയും ചെയ്താൽ, അതിന്റെ നേട്ടങ്ങൾ രാജ്യത്തിന്റെ എല്ലാതട്ടിലേക്കും ‘കിനിഞ്ഞിറങ്ങു‘മെന്ന് അവകാശപ്പെട്ടിരുന്നു. പിന്നീട് പ്രധാനമന്ത്രിയായ മൻമോഹൻ സിങ്ങും അദ്ദേഹത്തിന്റെ ധനമന്ത്രി പി ചിദംബരവും നടപ്പാക്കിയ ‘ട്രിക്കിൾ ഡൗൺ’ സിദ്ധാന്തത്തെ കോൺഗ്രസ് ഉപാധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി തന്നെ 2014ല്‍ വിമര്‍ശിച്ചു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ അന്തിമ ഘട്ടത്തില്‍, കിനിഞ്ഞിറങ്ങല്‍ സിദ്ധാന്തം ഫലവത്തായില്ലെന്ന് മന്‍മോഹന്‍സിങ് കുറ്റസമ്മതം നടത്തുകയുമുണ്ടായി. എന്നാല്‍ മന്‍മോഹന്‍ തുടങ്ങിവച്ച ഉദാരവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ നയങ്ങള്‍ മോഡി സര്‍ക്കാര്‍ ഏറ്റവും ശക്തമായ രീതിയില്‍ നടപ്പാക്കുകയും പൊതുമേഖലയാകെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്താണ് രാജ്യത്തെ സാമ്പത്തികാസമത്വം ഭീഷണമായ അവസ്ഥയിലെത്തിച്ചത്. അത് മറയ്ക്കാനവര്‍ ക്ഷേത്രം പണിയും. മേമ്പൊടിക്ക് സ്വന്തം ഏജന്‍സികളുടെ വെള്ളപൂശല്‍ റിപ്പോര്‍ട്ടുകളും പുറത്തിറക്കും.

Exit mobile version