Site iconSite icon Janayugom Online

ചുവട് തെറ്റിയില്ല; സുവര്‍ണ നേട്ടത്തില്‍ സഹോദരങ്ങള്‍…

സഹോദരങ്ങളായ ഷാഹിലിനും ഷാമിലിനും ഈ കായികമേള സമ്മാനിച്ചത് ജീവിതത്തിലെ മറക്കാനാവാത്ത ഓര്‍മ്മയാണ്. മേളയില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ കളരിപ്പയറ്റ് മത്സരത്തില്‍ ഇരുവരും സ്വര്‍ണം സ്വന്തമാക്കിയാണ് വീട്ടിലേക്ക് മടങ്ങുന്നത്. കളരിപ്പയറ്റ് ചുവട് ഇനത്തിലാണ് സഹോദരങ്ങളായ മുഹമ്മദ് ഷാഹിലും മുഹമ്മദ് ഷാമിലും മലപ്പുറത്തിന് വേണ്ടി സ്വർണം നേടിയത്. അനിയൻ ഷാഹിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാമതെത്തി. സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ നേരത്തെ മെഡൽ നേടിയിട്ടുണ്ട്.

മേൽമുറി എംഎംഇടി എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഷാമിലിന് സീനിയർ വിഭാഗത്തിലാണ് സ്വർണം. ചുവടിൽ ആദ്യമായാണ് മത്സരിക്കുന്നത്. സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ വാളും പരിചയും വിഭാഗത്തിൽ നാലാമതെത്തിയിരുന്നു. അറവിങ്കര ജിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. മേൽമുറി എപിഎം കളരി സംഘത്തിലാണ് ഇരുവരുടെയും പരിശീലനം. മമ്മദ് ആണ് ഇരുവരുടെയും ഗുരുക്കൾ. ഉമ്മ ഷെമീമ. ഇളയ സഹോദരൻ ഷഹബാസും കളരി പഠിക്കുന്നുണ്ട്. ഗൾഫിൽ ഡ്രൈവറായി ജോലി നോക്കുന്ന വാപ്പ ഷമീർ എത്രയും പെട്ടെന്ന് അവധിക്ക് വരുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. എല്ലാ തവണയും സമ്മാനങ്ങളുമായി വരുന്ന വാപ്പയ്ക്ക് ഇത്തവണ രണ്ടു പൊൻപതക്കങ്ങള്‍ ഇരുവരും സമ്മാനിക്കും.

Exit mobile version