Site iconSite icon Janayugom Online

നാറ്റോ വേണ്ട, സമാധാനവും ലോകക്രമവും നിലനില്‍ക്കണം

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റഷ്യ‑ഉക്രെയ്‌ന്‍ യുദ്ധത്തിനിടെ ശ്രദ്ധാകേന്ദ്രമായൊരു സംഘടനയാണ് നാറ്റോ എന്നത്. സംഘര്‍ഷത്തിന്റെ എല്ലാ മേഖലകളിലും ഈ സംഘടനയെ കാണാനാവുന്നുണ്ട്. കുപ്രസിദ്ധ സംഘടനയായ നോര്‍ത്ത് അറ്റലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ ആണ് നാറ്റോ എന്നറിയപ്പെടുന്നത്. സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ ഉയര്‍ച്ചയോടും മുന്നേറ്റത്തോടുമുള്ള പാശ്ചാത്യ ലോകത്തിന്റെ പ്രതികരണമായാണ് രണ്ടാം ലോക മഹായുദ്ധത്തിനുശേഷം നാറ്റോ രൂപീകൃതമാവുന്നത്. ആസൂത്രിതമായ സോഷ്യലിസ്റ്റ് സമ്പദ്ഘടനയുടെ അടിസ്ഥാനത്തില്‍ യുഎസ്എസ്ആര്‍ എല്ലാ മേഖലയിലും അതിദ്രുതമായ മുന്നേറ്റം കാഴ്ചവച്ചു. റഷ്യക്കാരുടെ ചോരയും വിയര്‍പ്പുംകൊണ്ട് നാസിസത്തിന്റെയും ഫാസിസത്തിന്റെയും നികൃഷ്ടമായ പ്രത്യയശാസ്ത്രത്തിനുമേല്‍ വിജയം കൈവരിച്ചു. ബര്‍ലിനില്‍ നാട്ടിയ ചെങ്കൊടി ലോകമെമ്പാടുമുള്ള മുതലാളിമാരില്‍ അസ്വസ്ഥതയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയും ചെയ്തു. അങ്ങനെയാണ് സാമ്രാജ്യത്ത ശക്തികള്‍ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രവാഹത്തെ തടയുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയും നാറ്റോ അതിന്റെ സൈനിക ഉപകരണമായി മാറുകയും ചെയ്യുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (യുഎസ്എ) യുടെ നേതൃത്വത്തില്‍ ലോകത്തെ പ്രമുഖ മുതലാളിത്ത രാജ്യങ്ങളുടെ സൈനിക പങ്കാളിയായി, സംയുക്ത സുരക്ഷിതത്വത്തിന് വേണ്ടിയെന്ന നിലയിലാണ് ആരംഭിച്ചതെങ്കിലും യുഎസ്എസ്ആറിനെയും കിഴക്കന്‍ — മധ്യ യൂറോപ്പിലെ മറ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങളെയും വളഞ്ഞിടുകയെന്നതായിരുന്നു സംഘടനയുടെ പ്രധാന ലക്ഷ്യം. അതിനായി പടിഞ്ഞാറന്‍ യൂറോപ്പ് സോവിയറ്റ് യൂണിയന്റെ സൈനിക ഭീഷണി നേരിടുകയാണെന്ന വിശദീകരണവും അവര്‍ നടത്തി. ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ടത് യുഎസ്എസ്ആറിന്റെ നേതൃത്വത്തിലുള്ള വാഴ്സാ സഖ്യം നിലവില്‍ വരുന്നത് നാറ്റോ പടിഞ്ഞാറന്‍ യൂറോപ്പിനെ സംയോജിപ്പിക്കുകയും കോളനി രാജ്യങ്ങളുടെ വിമോചന പോരാട്ടങ്ങളെയും സ്വാതന്ത്ര്യ പ്രക്രിയയെയും തടയാന്‍ ശ്രമിക്കുകയും ചെയ്തതിനു ശേഷമായിരുന്നു എന്നതാണ്. ആ സങ്കീര്‍ണ കാലഘട്ടത്തില്‍ യുഎസ്എസ്ആര്‍ ദേശീയ വിമോചന പോരാട്ടങ്ങളെ പിന്തുണക്കുകയാണ് ചെയ്തുപോന്നിരുന്നത്. 1990കളുടെ ആദ്യം യുഎസ്എസ്ആറിന്റെ ശിഥിലീകരണവും കിഴക്കന്‍ — മധ്യ യൂറോപ്യന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തകര്‍ച്ചയും സംഭവിച്ചപ്പോള്‍ നാറ്റോയുടെ വിപുലീകരണം മാത്രമല്ല നിലനില്പ് പോലും അപ്രസക്തമായി. എന്നാല്‍ ഈ സംഘടനയെ പിരിച്ചുവിടുന്നതിനു പകരം യുഎസിന്റെ അധിനിവേശ താല്പര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഉപകരണമായി നാറ്റോ എന്ന സൈനിക സംവിധാനത്തെ പുനര്‍നിര്‍മ്മിക്കുന്നതിനാണ് ശ്രമിച്ചത്. യുഎസ്എസ്ആര്‍ എന്ന എതിര്‍ചേരി ഇല്ലാതായപ്പോള്‍ ഏകധ്രുവ ലോകക്രമം അടിച്ചേല്‍പ്പിക്കുവാനാണ് യുഎസ് ശ്രമിച്ചത്. നാറ്റോ ഉടന്‍ തന്നെ അത്തരം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തുതുടങ്ങി. പിരിച്ചുവിടുന്നതിന് പകരം നാറ്റോയെ യുഎസ് സാമ്രാജ്യത്തിന്റെ സൈനിക ഉപകരണമായി വികസിപ്പിക്കുന്നതിനും ശ്രമിച്ചു. നാറ്റോയുടെ വിപുലീകരണം ഒന്നിനു പിറകേ ഒന്നായി നിരവധി മാനുഷിക പ്രതിസന്ധികള്‍ക്കു കാരണമായി. ലോnകത്ത് എവിടെയെല്ലാം സാന്നിധ്യമുണ്ടായോ അവിടെയെല്ലാം നാശവും അസ്ഥിരതയുമാണ് നാറ്റോയുടെ പാദമുദ്രയായി പതിഞ്ഞുകിടക്കുന്നത്. ശീതയുദ്ധകാലത്തുപോലും നാറ്റോ സാധാരണ നിലയിലുള്ള സൈനിക നടപടികളിലൂടെയല്ല ഇടപെടലുകള്‍ നടത്തിയതെന്നത് എടുത്തുപറയേണ്ടതുണ്ട്. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിന് ശേഷമാണ് നാറ്റോ അതിന്റെ ഇടപെടലുകളും അതിവേഗത്തിലുള്ള വിപുലീകരണവും ആരംഭിച്ചത്.


ഇതുകൂടി വായിക്കാം; റഷ്യയുടെ ഉക്രെയ്ന്‍ ആക്രമണവും; ഇന്ത്യയുടെ ആത്മനിര്‍ഭരതയും


ഇത് യുഎസ് അധിനിവേശം ഉറപ്പിക്കുകയെന്ന, നാറ്റോയുടെ നിലനിൽപ്പിന് പിന്നിലെ ഗൂഢ ലക്ഷ്യങ്ങളെ വ്യക്തമായി സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ സ്വാഭാവികമായും യുഎസിന്റെ അധിനിവേശ താല്പര്യങ്ങള്‍ക്കിടയില്‍ വരുന്ന എന്തും നാറ്റോയുടെ ശത്രുവായി പരിഗണിക്കപ്പെടുന്നു. നാറ്റോ ഒരിഞ്ചുപോലും മുന്നോട്ടുപോകില്ലെന്ന് പാശ്ചാത്യ നേതാക്കള്‍ മിഖായേല്‍ ഗോര്‍ബച്ചേവിന് ഉറപ്പ് നല്കിയിരുന്നതാണ്. എന്നാല്‍ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകളുണ്ടായിട്ടും നാറ്റോയുടെ വിപുലീകരണ ശ്രമങ്ങളാണുണ്ടായത്. അതുകൊണ്ടുതന്നെ 12 അംഗങ്ങളുണ്ടായിരുന്ന സഖ്യത്തില്‍ ഇപ്പോള്‍ 30 അംഗരാജ്യങ്ങളാണുള്ളത്. റഷ്യ ഒഴികെ പഴയ വാഴ്സാ സഖ്യരാഷ്ട്രങ്ങളെല്ലാം ഇപ്പോള്‍ നാറ്റോയിലെ അംഗങ്ങളാണ്. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിനു ശേഷം ആഗോളതലത്തിൽ നാറ്റോയുടെ ഇടപെടലുകളുടെ സ്വാഭാവികമായ തുടർനടപടി പരിശോധിച്ചാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ സംഘടന എങ്ങനെയാണ് അടിച്ചമർത്തല്‍ ശക്തികളും ചൂഷകരുമായി പ്രവർത്തിച്ചതെന്നതിനെക്കുറിച്ചുള്ള ചില കാഴ്ചപ്പാടുകൾ നമുക്ക് ലഭിക്കും. കൊസോവോയിലെ നാറ്റോയുടെ ഇടപെടല്‍ വളരെ പ്രസിദ്ധമാണ്. സമാധാനപരവും ബഹുവംശീയവും ജനാധിപത്യപരവും അതോടൊപ്പം എല്ലാ ആളുകൾക്കും സുരക്ഷിതമായി ജീവിക്കാനും സാർവത്രിക മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും തുല്യ അടിസ്ഥാനത്തിൽ ആസ്വദിക്കാനും കഴിയുന്ന കൊസോവോ എന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുക എന്നതായിരുന്നു അവരുടെ പ്രഖ്യാപിത നയം. നാറ്റോയുടെ ഇടപെടലും വിവേചന രഹിതമായ ബോംബ് വര്‍ഷവും ഉണ്ടായതിനെ തുടര്‍ന്ന് അഞ്ഞൂറിലധികം സാധാരണക്കാരുടെ ജീവഹാനി സംഭവിച്ചുവെന്നതായിരുന്നു ഫലം. പരിക്കേറ്റവരുടെ എണ്ണം 6000ത്തിലധികമായിരുന്നു. കൊസോവോയിലെ ബോംബാക്രമണം പതിനൊന്ന് ആഴ്‌ച നീണ്ടുനിന്നു. അതിനിടെ ചൈനീസ് എംബസിക്ക് നേരെ ബോംബാക്രമണം നടത്താൻ നാറ്റോ മടിച്ചില്ല. മുന്‍ യുഗോസ്ലാവിയയില്‍ ബോംബാക്രമണം നടത്തുന്നതിന് യുദ്ധോപകരണ വ്യൂഹം തന്നെ നാറ്റോ ഉപയോഗിച്ചു. വീണ്ടും അഫ്ഗാനിസ്ഥാന്റെ തകര്‍ച്ചയിലും നാറ്റോ തന്നെയായിരുന്നു പ്രധാന ശക്തിയായത്. ബ്രൗണ്‍ സര്‍വകലാശാലയുടെ നേതൃത്വത്തിലുള്ള യുദ്ധത്തിന്റെ വില എന്ന പേരില്‍ നടന്ന വിലയിരുത്തല്‍ പ്രകാരം അഫ്ഗാന്‍ യുദ്ധവേളയില്‍ 2001നും 2019നുമിടയില്‍ 1,76,000 മനുഷ്യരാണ് കൊല്ലപ്പെട്ടത്. അവരില്‍ 46,319 പേരും സാധാരണക്കാരായിരുന്നു. യുദ്ധത്തെ തുടര്‍ന്ന് രോഗകാരണത്താലും ഭക്ഷണം, വെള്ളം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ അഭാവത്താലും നടന്ന മരണങ്ങള്‍ കണക്കില്‍പ്പെടുന്നില്ല എന്നതിനാല്‍ ഇത് യഥാര്‍ത്ഥ മരണനിരക്കിനെ പ്രതിഫലിപ്പിക്കുന്നില്ല. അത് ഇതിനെക്കാള്‍ കൂടുതലായിരിക്കും. സ്വീഡനിലെ സര്‍വകലാശാലയുടെ സംഘടിത ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരെ സംബന്ധിച്ച കണക്കുകള്‍ പ്രകാരം അഫ്ഗാനിലെ മരണ നിരക്ക് 2,12,191 ആണ്. സമാനമായി യുഎസ് നേതൃത്വത്തില്‍ ഇറാഖിലുണ്ടായ അധിനിവേശത്തില്‍ 2003നും 2010നുമിടയില്‍ ഒന്നരലക്ഷത്തിലധികം മരണങ്ങളാണുണ്ടായത്. ഇറാഖ് യുദ്ധം സംബന്ധിച്ച വിക്കിലീക്സ് രേഖകള്‍ പ്രകാരം അതില്‍ 1,22,000 (80 ശതമാനത്തിലധികം) മരണങ്ങളും സാധാരണക്കാരുടേതായിരുന്നു. ലിബിയക്കുമേല്‍ വ്യോമനിരോധിത മേഖല അടിച്ചേല്‍പ്പിക്കുന്നതിനായി നടന്ന നാറ്റോയുടെ ഇടപെടല്‍ മൂലം 400ലധികം സാധാരണപൗരന്മാരാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാന്‍, ഇറാക്ക്, സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ രണ്ടു ദശകത്തിനിടെ നടന്ന അധിനിവേശത്തെ തുടര്‍ന്ന് യുദ്ധമേഖലകളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലു ലക്ഷം സാധാരണ പൗരന്മാരുള്‍പ്പെടെ പത്തു ലക്ഷത്തിലധികമായിരുന്നു. പലായനം, പരിക്കുകള്‍, വസ്തുനാശം, മാനസികാഘാതം അല്ലെങ്കില്‍ ഭൗമ രാഷ്ട്രീയ അസ്ഥിരത എന്നിങ്ങനെയുള്ള പരോക്ഷമായ കാരണങ്ങളാല്‍ സംഭവിച്ച മരണങ്ങൾ ഉൾക്കൊള്ളാത്തതിനാൽ, ഈ കണക്കുകളിലൂടെ അതാത് മേഖലകളിലെ നാറ്റോയുടെ ഇടപെടലിനെ തുടര്‍ന്നുണ്ടായ ഭീകരത കുറച്ചാണ് പ്രതിഫലിക്കുന്നത്.


ഇതുകൂടി വായിക്കാം;ഉത്തരം യുദ്ധമല്ല 


യഥാര്‍ത്ഥ ചിത്രം ഇതിനെക്കാള്‍ വലുതായിരിക്കും. അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ അത്യാധുനിക ആയുധ ശേഖരംകൊണ്ടാണ് അതിന്റെ അതിശക്തമായ സൈനിക സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സംഘടനയെ കുറിച്ച് ആശങ്കയുണ്ടാകുന്നതിന് മതിയായ കാരണങ്ങളുണ്ട്, പ്രത്യേകിച്ച് ഏതെങ്കിലും ഒരുരാജ്യത്തിന്റെ അതിര്‍ത്തികളില്‍ ഇടപെടുന്ന ഘട്ടത്തില്‍. 2019ല്‍ റഷ്യയുടെ 600 കോടി ഡോളറെന്ന കണക്കുമായി താരതമ്യം ചെയ്താല്‍ നാറ്റോ അംഗരാജ്യങ്ങളുടെ സംയോജിത പ്രതിരോധ ചെലവ് 1,03,600 കോടി ഡോളറായിരുന്നു. ഇതെല്ലാംകൊണ്ടുതന്നെ ഇപ്പോള്‍ ഉക്രെയ്‌നിലെ സംഭവവികാസങ്ങള്‍ നാറ്റോ അംഗരാജ്യങ്ങള്‍ക്കിടയില്‍ പ്രത്യക്ഷമായ വൈരുദ്ധ്യങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. മേല്‍പ്പറഞ്ഞ വിശദീകരണത്തിലൂടെ നാറ്റോയെയും ആഗോളതലത്തില്‍ അതിന്റെ പങ്കിനെ സംബന്ധിച്ചും ശരിയായ വീക്ഷണത്തോടെ മനസിലാക്കുക എളുപ്പമാകുന്നു. ഒരുകാലത്ത് യുഎസ്എസ്ആറില്‍ നിന്നുണ്ടായിരുന്ന പ്രതിരോധം ഇല്ലാതായതോടെ, തുടക്കത്തില്‍ യൂറോപ്പിലെയും പിന്നീട് ഏഷ്യന്‍ രാജ്യങ്ങളിലെയും യുഎസിന്റെ വിദേശ — പ്രതിരോധ നയലക്ഷ്യം നേടുന്നതിനുള്ള ഉപകരണമായി നാറ്റോ പെട്ടെന്നുതന്നെ മാറി. നാറ്റോയുടെ തുടര്‍ച്ചയായ വിപുലീകരണവും ആഗോള വിഷയങ്ങളിലുള്ള ഇടപെടലുകളും ലോകസമാധാനത്തിനും ലോകക്രമത്തിനുതന്നെയും ഭീഷണിയായിതീരുകയും ചെയ്തു. 30 അംഗങ്ങള്‍ മാത്രമുള്ളത്രയും വലിപ്പവും സ്വാധീനവുമുള്ളൊരു സംഘടനയുടെ പ്രതിരോധ ചെലവ് ആഗോള ചെലവിന്റെ 60 ശതമാനത്തോളം വരും. ആ അസ്തിത്വം കൊണ്ടുമാത്രം അന്താരാഷ്ട്ര രംഗത്ത് ആനുപാതികമല്ലാത്ത നേട്ടവും വൈദഗ്ധ്യവുമാണ് ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത്. യുഎസ്എസ്ആർ ഇല്ലാതായതോടെ പ്രതിരോധവും ഇല്ലാതായെങ്കിലും തലവനായ യുഎസ്എ നയിക്കുന്ന ഏകധ്രുവ ലോകക്രമത്തിൽ കഴിഞ്ഞ മൂന്നിലധികം പതിറ്റാണ്ടുകളായി നാറ്റോ പൂർണമായ ശിക്ഷാഭയമേതുമില്ലാതെ പ്രവർത്തിക്കുകയാണ്. സമാധാനപ്രേമികളായ ജനങ്ങളും രാഷ്ട്രങ്ങളും ഭൂഖണ്ഡങ്ങളും അത്തരമൊരു സൈനിക സഖ്യം എന്ന ആശയത്തെ എതിർക്കേണ്ടതാണ്. കാരണം എല്ലാ ദേശ രാഷ്ട്രങ്ങളും തുല്യമാണെന്ന് കരുതുന്ന അന്താരാഷ്ട്ര ധാരണകളെ വളച്ചൊടിക്കുന്നതാണ് നാറ്റോയുടെ നടപടികളും. നാറ്റോയുടെ ജയപരാജയങ്ങളുടെ കണക്ക് സൂചിപ്പിക്കുന്നത്, കൂട്ടായ സുരക്ഷ എന്ന പ്രഖ്യാപിത നയത്തിനു പകരം, യുഎസ് താല്പര്യങ്ങള്‍ക്ക് എതിരു നില്ക്കുന്ന രാജ്യങ്ങൾക്ക് ഗുരുതരമായ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും സൈനിക‑വ്യാവസായിക സംരംഭങ്ങളുടെ ഖജനാവുകള്‍ നിറയ്ക്കുകയുമാണ് ചെയ്യുന്നത് എന്നാണ്. ജനങ്ങളുടെ ഉപജീവനം ലക്ഷ്യമാക്കിയുള്ള സുപ്രധാന പദ്ധതികള്‍ക്കായുള്ള ഫണ്ടുകള്‍ കുത്തകകള്‍ ഫലപ്രദമായി വകമാറ്റുകയും ചെയ്യുന്നു. സൈനിക സഖ്യത്തിന്റെ ഈ വിപുലീകരണ യുക്തിയിൽ വേരാഴ്ന്നുകിടക്കുന്നതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സംഘർഷം. ഉക്രെയ്ൻ അതിനു വേദിയായെന്നുമാത്രം. എങ്കിലും അനിശ്ചിതമായി തുടരുന്ന യുദ്ധത്തെ ശക്തമായി എതിര്‍ക്കുക തന്നെ ചെയ്യുന്നു. അത് ഉടനടി അവസാനിപ്പിച്ച് ബന്ധപ്പെട്ട കക്ഷികള്‍ No NATO ചര്‍ച്ചയില്‍ ഭാഗഭാക്കാകുകയും വേണം. അതേസമയം, നാറ്റോ ഇതിന് പിന്നിലെ മാത്രമല്ല, ആഗോളതലത്തിൽ ഇനിയും നിരവധി സംഘട്ടനങ്ങള്‍ക്കു പിന്നിലെ പാവയായി പ്രവര്‍ത്തിക്കുകയാണ്. അതിന്റെ ഇടപെടലുകൾ മാനവികതയ്ക്കും തൊഴിലാളിവർഗത്തിനും വളരെ ദോഷകരമാണെന്ന് തെളിയിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ലോകത്ത് സമാധാനം നിലനിൽക്കണമെങ്കിൽ നാറ്റോ ഇല്ലാതാകുകയാണ് വേണ്ടത്.

Exit mobile version