Site iconSite icon Janayugom Online

ഐടി ജോലിക്കെന്ന വ്യാജേന ഉത്തര കൊറിയൻ ഏജന്റുമാർ; 1800ഓളം അപേക്ഷകൾ തള്ളി ആമസോൺ

വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ഐടി ജോലികൾക്കായി അപേക്ഷിച്ച 1800 ഓളം ഉത്തര കൊറിയൻ ഏജന്റുമാരുടെ അപേക്ഷ തള്ളിയതായി ആമസോൺ. ആമസോൺ ചീഫ് സെക്യൂരിറ്റി ഓഫീസർ സ്റ്റീഫൻ ഷ്മിഡാണ് ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ ഈ വിവരങ്ങൾ പങ്കുവെച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തരം അപേക്ഷകളിൽ 30 ശതമാനത്തോളം വർദ്ധനവുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയിലെ വൻകിട കമ്പനികളിൽ ജോലി സമ്പാദിക്കുകയും അതിലൂടെ ലഭിക്കുന്ന വരുമാനം ഉത്തര കൊറിയയുടെ ആയുധ നിർമ്മാണ പദ്ധതികളിലേക്ക് എത്തിക്കുകയുമാണ് ഇവരുടെ പ്രധാന ലക്ഷ്യം. അമേരിക്കൻ പൗരന്മാരുടെ മോഷ്ടിച്ചതോ വ്യാജമോ ആയ വിവരങ്ങൾ ഉപയോഗിച്ചാണ് ഇവർ ജോലിക്കായി ശ്രമിക്കുന്നത്. സജീവമല്ലാത്ത ലിങ്ക്ഡ്ഇൻ അക്കൗണ്ടുകൾ കൈക്കലാക്കി വിശ്വസനീയമായ പ്രൊഫൈലുകൾ നിർമ്മിച്ച ശേഷമാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം അപേക്ഷകൾ കണ്ടെത്താൻ എഐ ടൂളുകളുടെയും വിദഗ്ധരായ ഉദ്യോഗസ്ഥരുടെയും സഹായം ആമസോൺ തേടുന്നുണ്ട്. ഇതിനുമുൻപ്, ഉത്തര കൊറിയൻ ഏജന്റുകളെ ജോലി നേടുന്നതിന് സഹായിച്ചതിന് ഒരു അരിസോണ സ്വദേശിക്ക് എട്ടു വർഷം തടവുശിക്ഷ വിധിച്ചിരുന്നു. ഏകദേശം 17 മില്യൺ ഡോളറിലധികം തുകയാണ് ഇവർ ഇത്തരത്തിൽ സമ്പാദിച്ചത്.

Exit mobile version