Site iconSite icon Janayugom Online

ഇനി കളി കാര്യവട്ടത്ത്; നീലപ്പടയും കിവികളും തിരുവനന്തപുരത്ത് എത്തി

അന്താരാഷ്ട്ര ക്രിക്കറ്റ് പോരാട്ടത്തിന്റെ ആവേശമുയർത്തി ഇന്ത്യ‑ന്യൂസിലാന്റ് ടീമുകൾ കേരളത്തിന്റെ തലസ്ഥാന നഗരിയിലെത്തി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകിട്ട് 7 മണിക്ക് നടക്കുന്ന മത്സരത്തിനായി എത്തിയ ഇരു ടീമുകൾക്കും വിമാനത്താവളത്തിൽ ആവേശ്വജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. സഞ്ജു സാംസണിന്റെ സാന്നിധ്യം വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.

പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് ഇരു ടീമിലെയും താരങ്ങളും പരിശീലകരും എത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ട്രഷറർ ടി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം താരങ്ങളെ വിമാനത്താവളത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. പ്രിയതാരങ്ങളെ ഒരു നോക്ക് കാണാൻ നിരവധി ആരാധകരാണ് വിമാനത്താവള പരിസരത്ത് തടിച്ചുകൂടിയിരുന്നത്. ആവേശഭരിതരായ കായികപ്രേമികളുടെ ഹർഷാരവങ്ങൾക്കിടയിലൂടെ കനത്ത സുരക്ഷാ വലയത്തിലാണ് താരങ്ങളെ പുറത്തേക്ക് എത്തിച്ചത്. ടീമുകളുടെ സന്ദർശനം പ്രമാണിച്ച് വിമാനത്താവളം മുതൽ ഹോട്ടലുകൾ വരെയും സ്റ്റേഡിയം പരിസരത്തും കനത്ത പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

ഗതാഗത നിയന്ത്രണമുൾപ്പെടെയുള്ള മുൻകരുതലുകൾ സിറ്റി പോലീസ് നേരത്തെ തന്നെ സജ്ജമാക്കിയിരുന്നു. ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലാന്റ് ടീമിനായി ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. മത്സരത്തോടനുബന്ധിച്ച് വിമാനത്താവളം, ഹോട്ടലുകൾ, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Exit mobile version