Site iconSite icon Janayugom Online

‘ഓടയിൽ നിന്ന്’ @ 60; കീഴാള രാഷ്ട്രിയം ഉയർത്തിപ്പിടിച്ച ചലച്ചിത്ര കാവ്യം

മലയാള സിനിമയുടെ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ ചിത്രമാണ് ‘ഓടയിൽ നിന്ന്.’ 1965‑ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ചിത്രം പ്രശസ്ത സാഹിത്യകാരൻ പി കേശവദേവിന്റെ ‘ഓടയിൽ നിന്ന്’ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു. അദ്ദേഹം തന്നെയാണ് സിനിമയുടെയും രചന നിർവഹിച്ചത്. റിലീസ് ചെയ്ത് 60 വർഷം പിന്നിടുമ്പോഴും ഈ സിനിമ അതിന്റെ പ്രമേയപരമായ ഗൗരവം കൊണ്ടും അവതരണത്തിലെ മികവ് കൊണ്ടും ശ്രദ്ധേയമായി നിലനിൽക്കുന്നു. ‘ഓടയിൽ നിന്ന്’ വെറും ഒരു സിനിമ എന്നതിലുപരി, അന്നത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളുടെ ശക്തമായ പ്രതിഫലനം കൂടിയായിരുന്നു. സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്, അന്നുവരെ മലയാള സിനിമയിൽ അത്രകണ്ട് പ്രാധാന്യം ലഭിച്ചിട്ടില്ലാത്ത ദളിത് കഥാപാത്രത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു എന്നതാണ്. പപ്പു എന്ന ഓടയിൽ താമസിക്കുന്ന, ദാരിദ്ര്യവും ജാതി വിവേചനവും നിറഞ്ഞ ജീവിതം നയിക്കുന്ന ഒരു ദളിത് യുവാവാണ് സിനിമയുടെ കേന്ദ്ര കഥാപാത്രം. സത്യൻ അവതരിപ്പിച്ച ഈ കഥാപാത്രം, അക്കാലത്തെ സാമൂഹിക യാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചയായിരുന്നു.
സമൂഹത്തിലെ ദുരവസ്ഥകളോട് പൊരുതിയാണ് പപ്പു ജീവിക്കുന്നത്. ഒരിക്കൽ അയാൾ അറിയാതെ അയാളുടെ റിക്ഷ വണ്ടി തട്ടി ലക്ഷ്മി എന്ന പെൺകുട്ടി ഓടയിൽ വീഴുന്നു. അവിടം മുതൽ ലക്ഷ്മി, പപ്പുവിന്റെ ജീവിതത്തിന്റെ ഭാഗമായി തീരുന്നു. അമ്മ മാത്രമുള്ള ലക്ഷ്മി പപ്പുവിനെ അമ്മാവൻ എന്നാണ് വിളിക്കുന്നത്. പപ്പുവിന്റെ അധ്വാനം കൊണ്ട് ലക്ഷ്മിയുടെ കുടുംബം പുലരുന്നു. കഠിനാധ്വാനം മൂലം പപ്പു ക്ഷയരോഗിയായി മാറുന്നു.

കോളജ് ജീവിതത്തിലേക്ക് കടക്കുന്ന ലക്ഷ്മിക്ക് വെറും റിക്ഷാക്കാരൻ മാത്രമായ പപ്പുവിനോട് അകൽച്ച തോന്നുന്നു. ത്യാഗ സമ്പന്നനായ പപ്പുവിന്റെ മഹത്വം ലക്ഷ്മിയും അമ്മയും തിരിച്ചറിയുമ്പോഴേക്കും അയാൾ ഈ ലോകത്തോട് വിട പറയുന്നു.
പപ്പുവിന്റെ വ്യക്തിത്വമാണ് ചിത്രത്തിന്റെ കരുത്ത് എന്ന് പറയാം. അധ്വാനിയും തന്റേടിയുമാണ് പപ്പു. ആരുടെയും മുന്നിൽ തലകുനിക്കാത്ത പ്രകൃതമാണ് പപ്പുവിന്റേത്. ആ ആത്മാഭിമാനമാണ് അയാളെ മുന്നോട്ടു കൊണ്ടു പോകുന്നത്.
‘ഓടയിൽ നിന്ന്’ എന്ന സിനിമയ്ക്ക് ശക്തമായ രാഷ്ട്രീയമാനമുണ്ട്. അന്നത്തെ കേരളീയ സമൂഹത്തിൽ നിലനിന്നിരുന്ന ജാതി വ്യവസ്ഥയുടെ ക്രൂരതയും ദളിതർ അനുഭവിക്കുന്ന അവഗണനയും ഈ സിനിമ തുറന്നുകാട്ടുന്നു. പപ്പുവിന്റെ ദുരിത ജീവിതം, വിദ്യാഭ്യാസം നിഷേധിക്കപ്പെടൽ, തൊഴിൽ രംഗത്തെ ചൂഷണം എന്നിവയെല്ലാം ജാതിയുടെയും ദാരിദ്ര്യത്തിന്റെയും കെട്ടുപാടുകളിൽ നിന്ന് ഒരു ദളിതന് മോചനമില്ല എന്ന യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു.
സിനിമയിലെ ഓരോ രംഗവും സംഭാഷണവും അന്നത്തെ സാമൂഹികാന്തരീക്ഷത്തിന്റെ നേർചിത്രമാണ്. ഓട ഒരു അഭയസ്ഥാനമായി മാറുന്നതും, അവിടെ നിന്ന് പുറത്തുള്ള ലോകം പപ്പുവിന് ദുസ്സഹമാകുന്നതും ദളിതരുടെ സാമൂഹികമായ ഒറ്റപ്പെടലിന്റെയും പാർശ്വവൽക്കരിക്കപ്പെടലിന്റെയും ശക്തമായ പ്രതീകമാണ്. വിദ്യാഭ്യാസം നേടാനുള്ള പപ്പുവിന്റെ ആഗ്രഹം, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അവന്റെ വെമ്പൽ എന്നിവയെല്ലാം ജാതിയുടെയും ദാരിദ്ര്യത്തിന്റെയും മതിലുകളിൽ തട്ടി തകരുന്നു.

‘ഓടയിൽ നിന്ന്’ വെറും ഒരു ദുരന്ത കഥയല്ല. മറിച്ച്, അന്നത്തെ സാമൂഹിക വ്യവസ്ഥിതിക്കെതിരെയുള്ള ഒരു നിശബ്ദ പ്രതിഷേധം കൂടിയാണ്. ദളിതരുടെ വേദനയും അവരുടെ പോരാട്ടവും സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചു. ഇത് പിന്നീട് മലയാള സിനിമയിൽ ദളിത് വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നതിനും കൂടുതൽ ശക്തമായ ദളിത് കഥാപാത്രങ്ങൾ വരുന്നതിനും ഒരു പ്രചോദനമായി മാറി.
‘ഓടയിൽ നിന്ന്’ പുറത്തിറങ്ങിയ കാലഘട്ടം കേരളത്തിൽ വലിയ സാമൂഹിക രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്ന സമയമായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളർച്ചയും സാമൂഹിക നീതിക്കായുള്ള പോരാട്ടങ്ങളും ശക്തമായിരുന്ന ഒരന്തരീക്ഷത്തിലാണ് സിനിമ റിലീസ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ, സിനിമ അന്നത്തെ സാമൂഹിക ബോധത്തെ സ്വാധീനിക്കുകയും ദളിത് പ്രശ്നങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ ചർച്ചകൾ ഉയർത്തുകയും ചെയ്തു.
അറുപത് വർഷങ്ങൾക്കിപ്പുറവും ‘ഓടയിൽ നിന്ന്’ പ്രസക്തമായിരിക്കുന്നതിന്റെ കാരണം, ഇന്നും നമ്മുടെ സമൂഹത്തിൽ ജാതീയതയുടെ വേരുകൾ പൂർണമായി പിഴുതെറിയപ്പെട്ടിട്ടില്ല എന്നത് തന്നെയാണ്. ദളിത് വിഭാഗത്തിൽ നിന്നും ഉയർന്നു വന്ന ‘വേടനെ’ പോലുള്ള പേര് കേട്ട ഗായകൻ പോലും വേട്ടയടപ്പെടുന്ന വർത്തമാനകാല സാമൂഹ്യ പരിസ്ഥിതി നമ്മുടെ മുന്നിലുണ്ട്. ദളിതർ ഇപ്പോഴും പല തരത്തിലുള്ള വിവേചനങ്ങൾക്കും അവഗണനകൾക്കും ഇരയാവുന്നുണ്ട് എന്നതാണ് ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യത്തിൽ, ആറ് പതിറ്റാണ്ട് മുൻപുള്ള ‘ഓടയിൽ നിന്ന്’ പോലുള്ള സിനിമകൾ സാമൂഹികമായ ഓർമ്മപ്പെടുത്തലുകളാണ്.

Exit mobile version