Site iconSite icon Janayugom Online

ഏകദിന ലോകകപ്പ്; ന്യൂസിലന്‍ഡിന് ഒമ്പത് വിക്കറ്റിന്റെ ജയം

കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പ് ഫൈനലിലെ കണക്ക് ഈ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ തന്നെ തീര്‍ത്ത് ന്യൂസിലന്‍ഡ്. ഇംഗ്ലണ്ടിനെതിരെ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ കിവീസ് തുടങ്ങി.  ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സെടുത്തു. 77 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. മൂന്ന് വിക്കറ്റ് നേടിയ മാറ്റ് ഹെന്റി, രണ്ട് പേരെ വീതം പുറത്താക്കിയ മിച്ചല്‍ സാന്റ്‌നര്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മറുപടി ബാറ്റിങ്ങില്‍ 36.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി ന്യൂസിലന്‍ഡ് അനായാസം ലക്ഷ്യത്തിലെത്തുകയായിരുന്നു. 121 പന്തില്‍ 151 റണ്‍സുമായി ഡെവോണ്‍ കോണ്‍വെയും 96 പന്തില്‍ 123 റണ്‍സുമായി രചിന്‍ രവീന്ദ്രയുമാണ് പുറത്താകാതെ നിന്ന് കിവീസിനെ ലക്ഷ്യത്തിലെത്തിച്ചത്. നേരിട്ട ആദ്യ പന്തില്‍ തന്നെ വില്‍ യങ്ങിനെ ന്യൂസിലന്‍ഡിന് നഷ്ടമായി.

ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ഇല്ലാതെയാണ് ന്യൂസിലൻഡ് ആദ്യ മത്സരത്തിനിറങ്ങിയത്. വിക്കറ്റ് കീപ്പർ ടോം ലാതമായിരുന്നു ക്യാപ്റ്റൻ. ലോക്കി ഫെർഗൂസൻ, ഇഷ് സോധി, ടിം സൗത്തി എന്നിവരും ന്യൂസിലൻഡ് പ്ലേയിങ് ഇലവനിനുണ്ടായിരുന്നില്ല.
മോശമല്ലാത്ത തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഡേവിഡ് മലാന്‍ (11) — ജോണി ബെയര്‍സ്റ്റോ സഖ്യം 40 റണ്‍സ് കൂട്ടിചേര്‍ത്തു. 17 റണ്‍സെടുത്ത മലാനെ പുറത്താക്കി മാറ്റ് ഹെന്റി ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ വന്ന ജോ റൂട്ടിനെ കൂട്ടുപിടിച്ച് ബെയര്‍‌സ്റ്റോ ടീം സ്കോര്‍ 50 കടത്തി. എന്നാല്‍ ബെയര്‍സ്‌റ്റോയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. 33 റണ്‍സെടുത്ത താരത്തെ മിച്ചല്‍ സാന്റ്‌നര്‍ പുറത്താക്കി. നാലാമനായി ക്രീസിലെത്തിയ ഹാരി ബ്രൂക്ക് വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. രചിന്‍ രവീന്ദ്ര എറിഞ്ഞ 17-ാം ഓവറില്‍ തുടര്‍ച്ചയായി സിക്സും ഫോറുമടിച്ച് താരം ടി20 ശൈലിയില്‍ ബാറ്റുവീശിയെങ്കിലും ഓവറിലെ അവസാന പന്തില്‍ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി. 25 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

മൊയീന്‍ അലിക്കും (11) അധികം ആയുസുണ്ടായിരുന്നില്ല. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ബട്‌ലര്‍ — റൂട്ട് സഖ്യമാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 70 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ബട്‌ലറെ ഹെന്റി മടക്കി. തുടര്‍ന്നെത്തിയ ലിയാം ലിവിങ്സ്റ്റണ്‍ (20), സാം കറന്‍ (14), ക്രിസ് വോക്‌സ് (11) എന്നിവര്‍ക്ക് തിളങ്ങാനായതുമില്ല. ഇതിനിടെ റൂട്ടിനെ ഫിലിപ്‌സ് ബൗള്‍ഡാക്കി. 86 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും നാല് ഫോറും നേടിയിരുന്നു. അവസാന വിക്കറ്റില്‍ ആദില്‍ റഷീദ് (15) — മാര്‍ക് വുഡ് (13) സഖ്യമാണ് മാന്യമായ സ്കോറിലേക്ക് ഇംഗ്ലണ്ടിനെ നയിച്ചത്.  കഴിഞ്ഞ ലോകകപ്പില്‍ ഇരുടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ബൗണ്ടറികളുടെ എണ്ണത്തിലാണ് ഇംഗ്ലണ്ട് ചാമ്പ്യന്മാരായത്.

ഒഴിഞ്ഞ ഗ്യാലറിയായി മോഡി സ്റ്റേഡിയം

മികച്ച ഒരുക്കങ്ങള്‍ നടത്തിയാണ് ഏ­കദിന ലോകകപ്പ് ക്രിക്കറ്റിന് അ­ഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ തുടക്കമായത്. എന്നാല്‍ ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ഉദ്ഘാടന മത്സരത്തില്‍ ഗ്യാലറി ഒഴിഞ്ഞുകിടന്നു. വളരെ കുറച്ച് കാണികള്‍ മാത്രമേ ഒരു ലക്ഷത്തിലധികം പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തിലുണ്ടായിരുന്നുള്ളു.

ഇന്നത്തെ ആദ്യ മത്സരത്തിൽ 40,000 വരെ സ്ത്രീകൾക്ക് സൗജന്യമായി കളി കാണാന്‍ ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ ടിക്കറ്റ് വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നു. ടിക്കറ്റിന് പുറമെ ചായയ്ക്കും ഉച്ച­ഭക്ഷ­ണ­ത്തി­നു­മുള്ള കോംപ്ലിമെന്ററി കൂപ്പണുകളും നൽകുമെന്നും അ­റി­യിച്ചിരുന്നു. എന്നിട്ടും കാണികള്‍എ­ത്താ­ത്തതോടെയാണ് അഹമ്മദാബാദ് സ്റ്റേഡിയം ഒഴിഞ്ഞ ഗ്യാ­ലറിയായി മാറിയത്. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ തന്നെ കാണികള്‍ ഇത്രയും കുറഞ്ഞ ഉദ്ഘാടന മത്സരം ഉണ്ടാകുമോ എന്ന് സംശയമാണ്.

Eng­lish Summary:ODI World Cup; New Zealand won by nine wickets
You may also like this video

Exit mobile version