Site iconSite icon Janayugom Online

ഒന്നര മീറ്റർ ചുറ്റളവ് — മികച്ച സന്ദേശങ്ങളുമായി ഒരു ചിത്രം

പ്രേക്ഷകർക്ക് മികച്ച സന്ദേശങ്ങളുമായി എത്തുകയാണ് ഒന്നര മീറ്റർ ചുറ്റളവ് എന്ന ചിത്രം. കാഞ്ഞിരമലയിൽ ഫിലിംസിനു വേണ്ടി ഉമേഷ് തങ്കപ്പൻ നിർമ്മിക്കുന്ന ഈ ചിത്രം, 2021‑ൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ കാടകലം എന്ന ചിത്രം സംവിധാനം ചെയ്ത സഖിൽ രവീന്ദ്രൻ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രീകരണം പൂർത്തിയായി.
വേഴാമ്പലുകളെ പ്രണയിക്കുന്ന ഹൈറേഞ്ചിൽ താമസിക്കുന്ന കുട്ടന്റേയും, കുട്ടനാട് പോലുള്ള താഴ്ന്ന പ്രദേശത്ത് താമസിക്കുന്ന, കോളേജ് മാഗസിൻ എഡിറ്ററായ നസീറിന്റേയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.

വേഴാമ്പലുകളെ പ്രണയിക്കുന്ന കുട്ടൻ, സ്ഥിരമായി വേഴാമ്പലുകളെ അന്വേഷിച്ച് നടക്കും. കുറച്ചു കാലങ്ങളായി അവന്റെ നാട്ടിൽ വേഴാമ്പലുകൾ വരാറില്ല. അതിനെക്കുറിച്ചുള്ള അന്വേഷണം, പുതിയ ചില കണ്ടെത്തലുകളിൽ എത്തുന്നു. അതിനെക്കുറിച്ച് ഒരു ഫീച്ചർ കുട്ടൻ എഴുതി. കോളേജ് മാഗസിൻ എഡിറ്ററായ നസീർ ഈ ഫിച്ചർ ശ്രദ്ധിച്ചു. കേരളത്തിലെ താഴ്ന്ന ചതുപ്പ് പ്രദേശങ്ങളിൽ ജീവിക്കുന്ന തന്നെപ്പോലുള്ള ജനങ്ങൾ അനുഭവിക്കുന്ന വെള്ളപ്പൊക്കം പോലുള്ള ദുരന്തങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്നതിലേക്ക് വെളിച്ചം വീശുന്ന ഒരു ഫീച്ചറായിരുന്നു അത്. ഉടൻ നസീർ കുട്ടനെ കാണാൻ പുറപ്പെട്ടു. തുടർന്നുണ്ടാവുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.

കുട്ടനാട് പോലുള്ള കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്, വെള്ളപ്പൊക്ക ദുരന്തം. കേരളത്തിലെ ഉയർന്ന പ്രദേശങ്ങളിൽ, പമ്പ പോലുള്ള വൻ നദികളുടെ തീരപ്രദേശങ്ങളിൽ, നദികളുടെ കൈവഴികൾ അടച്ചു കൊണ്ട് നടക്കുന്ന കൺസഷൻ വർക്കുകളാണ്, താഴ്ന്ന പ്രദേശങ്ങളിലെ പെട്ടന്നുള്ള വെള്ളപ്പൊക്ക ദുരന്തത്തിന് കാരണമെന്ന് ഉദാഹരണ സഹിതം സമർത്ഥിക്കുകയാണ് ഈ ചിത്രം . മലയാള സിനിമയിൽ ആരും ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ഒരു വിഷയം അവതരിപ്പിച്ച് വിജയം വരിച്ചിരിക്കുകയാണ് , ഒന്നര മീറ്റർ ചുറ്റളവ് എന്ന ചിത്രം.വൈക്കം വിജയലക്ഷ്മിയുടെ വ്യത്യസ്തമായൊരു ഗാനം ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.

കാഞ്ഞിരമലയിൽ ഫിലിംസിനു വേണ്ടി ഉമേഷ് തങ്കപ്പൻ നിർമ്മിക്കുന്ന ചിത്രം, സഖിൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്നു. ഛായാഗ്രഹണം — ഹാരീസ് കോർമോത്ത്, എഡിറ്റർ — അഖിൽ കുമാർ, ഗാനങ്ങൾ — വിജു രാമചന്ദ്രൻ, സംഗീതം — മുരളി കൃഷ്ണൻ, ആലാപനം — വൈക്കം വിജയലക്ഷ്മി, കളറിംഗ് — ആശിവാദ് സ്റ്റുഡിയോസ്, സൗണ്ട് ഡിസൈൻ — ദിനേശ്, പശ്ചാത്തല സംഗീതം — മുരളി കൃഷ്ണൻ, സഹസംവിധാനം — ജസ്റ്റിൻ ബെന്നി, നീതിഅഭിലാഷ്, പ്രൊഡഷൻ കൺട്രോളർ — രഞ്ജു മോൻ, സ്റ്റിൽ — വിനോദ് ജയപാൽ, ഡിസൈൻ — അനന്തു കളത്തിൽ, പി.ആർ.ഒ — അയ്മനം സാജൻ. ഡാനീഷ്, സിജിൻ സതീശ്, മനോജ്, ആതിര, പ്രതാപൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അയ്മനം സാജൻ

Exit mobile version