Site iconSite icon Janayugom Online

ഒരേ ഒരു ഭൂമി: ഈ ഭൂമിയെ താലോലിക്കുക

2022 ജൂൺ അഞ്ച്, വീണ്ടുമൊരു പരിസ്ഥിതി ദിനം കൂടി എത്തുകയാണ്. 1972ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയാണ് ജൂൺ അഞ്ച് പരിസ്ഥിതി ദിനമായി അംഗീകരിച്ചത്. യുഎൻഇപി (യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം) ജൂൺ അഞ്ചിന് പരിസ്ഥിതി ദിനമായി ആചരിക്കാൻ ലോക രാജ്യങ്ങളോടഭ്യർത്ഥിക്കുകയും അങ്ങനെ ആദ്യത്തെ പരിസ്ഥിതിദിനം ആചരിക്കുകയും ചെയ്തു. ”ഒരേയൊരു ഭൂമി നമുക്കായി മാത്രം” എന്ന ആശയമാണ് ആദ്യത്തെ പരിസ്ഥിതി ദിനത്തിൽ മുന്നോട്ടുവച്ചത്. ഒരോ വർഷവും ഏതെങ്കിലും പ്രസക്തമായ മുദ്രാവാക്യങ്ങളെ ആസ്പദമാക്കി യുഎന്നിന്റെ ഏതെങ്കിലും ഒരു രാജ്യം ആതിഥേയ രാഷ്ട്രമായി നിശ്ചയിച്ചുകൊണ്ടാണ് പരിസ്ഥിതി ദിനാചരണം നടക്കുന്നത്. ഇത്തവണത്തെ പരിസ്ഥിതിദിനത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. 1972 ജൂൺ അഞ്ച് മുതൽ 13 വരെയാണ് ലോകത്തെ ആദ്യത്തെ പരിസ്ഥിതി ഉച്ചകോടി നടന്നത്. അതുകൊണ്ടുതന്നെ 2022 ജൂൺ അഞ്ച് സ്റ്റോക്ഹോം കോൺഫറൻസിന്റെ അമ്പതാം വാർഷിക ദിനമാണ്. 1972ൽ സ്വീഡനിലെ സ്റ്റോക്ഹോം പരിസ്ഥിതി ഉച്ചകോടി മുന്നോട്ടുവച്ച ”ഒരേയൊരു ഭൂമി നമുക്കായി മാത്രം” എന്ന മുദ്രാവാക്യമാണ് വീണ്ടും ഈ വർഷത്തെ പരിസ്ഥിതി ദിനത്തിലെ പ്രസക്തമായ ആശയം. സ്വീഡൻ തന്നെയാണ് ആതിഥേയ രാജ്യം. ഈ അമ്പതാം വാർഷികത്തിൽ സ്റ്റോക്ഹോം +50 എന്ന ബാനറിൽ സ്വീഡനിലെ സ്റ്റോക്ഹോമിൽ ലോകത്തെ ഭരണത്തലവന്മാരും പരിസ്ഥിതി ശാസ്ത്രജ്ഞന്മാരും ആഗോളാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി പ്രസ്ഥാനത്തിന്റെ പ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും ഒത്തുചേരും. 1972 ലെ സ്റ്റോക്ഹോം ഉച്ചകോടിയിൽ ദാരിദ്ര്യ നിർമാർജനത്തിലൂടെ മാത്രമേ പരിസ്ഥിതി സംരക്ഷണം സാധ്യമാകൂ എന്ന അഭിപ്രായം അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിലൂടെ ഉച്ചകോടിയിൽ മുഴങ്ങി കേട്ടു.

സ്വീഡനിലെ ഭരണത്തലവന് പുറമേ ആ ഉച്ചകോടിയിൽ പങ്കെടുത്തു പ്രസംഗിച്ച ഒരേ ഒരു രാഷ്ട്ര നേതാവ് ഇന്ദിരാഗാന്ധിയായിരുന്നു. യഥാർത്ഥത്തിൽ സ്റ്റോക്ഹോം സമ്മേളനത്തിന് (സ്റ്റോക്ഹോം കോൺഫറൻസ് ഓൺ ദി ഹ്യൂമൻ എൻവയോൺമെന്റ്) പരിസ്ഥിതി വിഷയങ്ങളെ സംബന്ധിച്ച് വിശദമായി പഠനം നടത്താനും കർമ്മപരിപാടികൾ ആവിഷ്കരിക്കാനും ഇതിനായി ലോകരാഷ്ട്രങ്ങൾ ഒത്തുചേർന്നു പ്രവർത്തിക്കാനുമുള്ള പ്രഖ്യാപനങ്ങളുണ്ടായി. പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഭാവിയിലെ പ്രായോഗിക രൂപം സംബന്ധിച്ച് സ്റ്റോക്ഹോം സമ്മേളനം അംഗീകാരം നൽകി. പരിസ്ഥിതി മലിനീകരണം, ഓസോൺ പാളികളുടെ തകർച്ച, വനനശീകരണം, ജൈവ വൈവിധ്യനാശം, ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി അടിയന്തര വിഷയങ്ങൾ ലോക മനഃസാക്ഷിയുടെ മുന്നിൽ കൊണ്ടുവരാൻ സ്റ്റോക്ഹോം ഉച്ചകോടിക്ക് കഴിഞ്ഞു. മനുഷ്യരാശിയുടെ നിലനില്പും അതിജീവനവും പരിസ്ഥിതി സംരക്ഷണം, ജൈവ വൈവിധ്യം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളുമായി കണ്ണി ചേർക്കപ്പെട്ടതാണെന്ന ബോധം ഇന്ന് ആഗോളാടിസ്ഥാനത്തിൽ സംവദിക്കപ്പെടുന്നു. പരിസ്ഥിതിനാശവും ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും മറ്റും പ്രകൃതിയെ കൊള്ളയടിക്കുന്ന മുതലാളിത്തത്തിന്റെ വിനാശകരമായ പരിണതിയാണെന്ന ശാസ്ത്രീയ ചിന്തയാണ് യഥാർത്ഥത്തിൽ ഇടതുപക്ഷ പ്രസ്ഥാനം എക്കാലവും ഉയർത്തിപ്പിടിച്ചിട്ടുള്ളത്. മനുഷ്യനും പ്രകൃതിയും തമ്മിൽ ഇണങ്ങിച്ചേർന്നുള്ള സന്തുലത്തിൽ നിന്നും മുതലാളിത്ത കോർപറേറ്റ് ശക്തികളെയും ഭരണകൂടങ്ങളെയും സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഇവിടെയാണ് പരിസ്ഥിതി വിഷയത്തിന്റെ രാഷ്ട്രീയം നാം യഥാർത്ഥ ബോധത്തോടെ ഉൾക്കൊള്ളേണ്ടത്. മുതലാളിത്തത്തിന്റെ ചരിത്രം മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ മാത്രമല്ല മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെയും പ്രകൃതിയെ ഹൃദയശൂന്യവും നിഷ്ഠുരവുമാക്കിയതിന്റെ ചരിത്രം കൂടിയാണ്.


ഇതുകൂടി വായിക്കാം; ആശങ്കപ്പെടുത്തുന്ന ആഗോള റിപ്പോര്‍ട്ടുകള്‍


അറ്റമില്ലാത്ത അനന്തവും ഭ്രാന്തമായ ധനാർത്തിയും കൂടിക്കലർന്ന് പ്രകൃതിക്കുമേൽ നടത്തുന്ന അധിനിവേശവും സീമാതീതമായ ചൂഷണവും സൃഷ്ടിച്ച ദുരന്തങ്ങളാണ് ഇന്ന് മനുഷ്യരാശിയും ജീവജാലങ്ങളും പ്രകൃതിയും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മുതലാളിത്തത്തിന്റെ ചരിത്രമെന്നത് മനുഷ്യരാശിക്കും പ്രകൃതിക്കും മേൽ നടത്തിയ കൊടിയ വെട്ടിപ്പിടുത്തങ്ങളുടെ ചരിത്രമാണ്. ഫ്രഡറിക് എംഗൽസിന്റെ ”ഇംഗ്ലണ്ടിലെ തൊഴിലാളി വർഗത്തിന്റെ അവസ്ഥ” എന്ന ഗ്രന്ഥത്തിൽ ആധുനിക മുതലാളിത്ത വ്യവസായം പ്രകൃതി വിഭവങ്ങൾക്കുമേൽ നടത്തുന്ന വിനാശകരമായ ഫലങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. കാൾമാർക്സിന്റെ മൂലധനം ഒന്നാംവാല്യത്തിൽ ഇങ്ങനെ പരാമർശിക്കുകയുണ്ടായി. ”ഉല്പാദന പ്രക്രിയയുടെ മുതലാളിത്ത പരിണാമം ഒരേസമയം ഉല്പാദകരുടെ രക്തസാക്ഷിത്വം കൂടിയാണ്. മുതലാളിത്ത കൃഷിയുടെ ഓരോ വികാസവും തൊഴിലാളിയെ കൊള്ളചെയ്യുന്ന കലയുടെ വികസനം മാത്രമല്ല മണ്ണിനെ കൊള്ളചെയ്യുന്നതിന്റേത് കൂടിയാണ്. ” തുടർന്ന് അദ്ദേഹം ഇങ്ങനെ നിരീക്ഷിക്കുന്നു. ഇത്തരം വികസനം ദീർഘകാലാടിസ്ഥാനത്തിൽ മണ്ണിന്റെ ഫലപുഷ്ടിയുടെ ശാശ്വത സ്രോതസുകളെ നശിപ്പിക്കുന്നു. (ഇതേ ഗ്രന്ഥം) മനുഷ്യർ പ്രകൃതി സമ്പത്തിനെ ഭാവിതലമുറയ്ക്കു വേണ്ടി എങ്ങനെ പരിരക്ഷിക്കണമെന്ന് നിർദേശിക്കുന്നു. ”ഒരു സമൂഹം മുഴുവനായാലും രാഷ്ട്രമായാലും സമകാലിക സമൂഹങ്ങളായാലും ആത്യന്തികമായും ഭൂമിയുടെ ഉടമസ്ഥരല്ല. അവർ അതിന്റെ ഗുണഭോക്താക്കളായ കൈവശാവകാശക്കാർ മാത്രമാണ്. അതുകൊണ്ട് നല്ല തറവാട്ട് കാരണവരെപ്പോലെ അവരത് അടുത്ത തലമുറയ്ക്ക് വേണ്ടി കൈമാറണം. ” എത്ര അന്വർത്ഥമായ വചനങ്ങളാണിവ. ഇതുതന്നെയാണ് പ്രകൃതിയുടെ പരിവ്രാചിക റേച്ചൽ കഴ്സൺ 1963ൽ രചിച്ച ”മൂകവസന്ത”ത്തിൽ അടിവരയിട്ട് ഓർമ്മിപ്പിക്കുന്നത്. ”ഭൂമിയിൽ ജീവന്റെ ചരിത്രം ജീവജാലങ്ങളും അവയുടെ പരിസ്ഥിതിയും തമ്മിലുള്ള പ്രതിപ്രവർത്തനത്തിന്റെ ചരിത്രമാണ്. എന്നാൽ അടുത്ത കാലത്ത് മനുഷ്യൻ സ്വായത്തമാക്കിയ അധീനശക്തി ഭൂമിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നതിന്റെ രീതികൾ പലതാണ്”.

ഇങ്ങനെയാണ് മൂകവസന്തം വിവരിക്കുന്നത്. ഭൂമിയിലെ ജൈവ വൈവിധ്യ ശൃംഖലയിലെ ഒരു കണ്ണി മാത്രമാണ് മനുഷ്യനെന്നും അത് അവഗണിച്ചുകൊണ്ട് അഹങ്കാരത്തോടെ ഭൗമ പാരസ്പര്യത്തെ തകിടം മറിക്കുന്ന മനുഷ്യന്റെ ഇടപെടലുകൾ, അവന്റെ തന്നെ വിനാശത്തിനേ വഴിതെളിക്കൂ എന്നും റേച്ചേൽ കഴ്സൺ മൂകവസന്തം (സൈലന്റ് സ്പ്രിങ്) എന്ന വിഖ്യാതമായ ഗ്രന്ഥത്തിൽ പരിസ്ഥിതി ഉച്ചകോടികൾക്കൊക്കെ എത്രയോകാലം മുമ്പ് പറഞ്ഞു വച്ചതാണ്. ആഗോളവൽക്കരണ കാലഘട്ടത്തിൽ മാര്‍ക്സിന്റെ ആഴമാർന്ന നിരീക്ഷണങ്ങൾക്കും അതീവ പ്രാധാന്യമുണ്ട്. മാർക്സിന്റെ വിശകലനങ്ങൾ ഉപരിപ്ലവ പരിസ്ഥിതി ലാഭമല്ല ഭൗതിക ഉല്പാദനത്തെയും മുതലാളിത്ത ചൂഷണത്തെയും പാരിസ്ഥിതിക വിനാശത്തെയും പരസ്പരം ബന്ധിപ്പിച്ചാണ് മാർക്സിസം പാരിസ്ഥിതിക വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നത്. അതുകൊണ്ട് തന്നെ സിപിഐ എക്കാലവും പരിസ്ഥിതി പ്രശ്നങ്ങളോട് രചനാത്മകവും പ്രായോഗികവുമായ നിലപാടാണ് സ്വീകരിച്ചു വരുന്നതും ഇപ്പോൾ സ്വീകരിക്കുന്നതും. ഒരു ജീവവംശം എന്ന നിലയിൽ മനുഷ്യസമൂഹത്തിന്റെ ജന്മസിദ്ധമോ നൈസർഗികമോ ആയ സവിശേഷതയാണ് പ്രകൃതിയെയും ജീവജാലത്തെയും കൊള്ളയടിക്കുക ചൂഷണം ചെയ്യുക എന്ന നിലപാടല്ല പാർട്ടിക്കുള്ളത്. മറിച്ച് ഒരു സാമൂഹ്യ സാമ്പത്തിക അവസ്ഥയെന്ന നിലയിൽ മൂലധനശക്തികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് പാരിസ്ഥിതിക പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം എന്ന ശാസ്ത്രീയ കാഴ്ചപ്പാടാണ് മാർക്സിസം ഉയർത്തിപ്പിടിക്കുന്നത്. ഒരു ജീവവംശം എന്ന നിലയിൽ മനുഷ്യന്റെ സ്വാർത്ഥതയും അജ്ഞതയുമാണ് പരിസ്ഥിതി പ്രശ്നങ്ങൾ ലോകത്ത് സൃഷ്ടിക്കുന്നത് എന്ന ഒരു വ്യവസ്ഥാപിത ധാരണയെ മാർക്സിസം തിരസ്കരിക്കുന്നു. ഈ വ്യവസ്ഥാപിത ധാരണ ദൃഢീകരിക്കുന്നതിൽ കേവലം പരിസ്ഥിതി വാദികൾക്ക് വലിയ പങ്കുണ്ട്. ഇത് യഥാർത്ഥത്തിൽ പരിസ്ഥിതിയെ തകർക്കുന്നതിൽ നിന്നും മുതലാളിത്ത കോർപറേറ്റ് ശക്തികളെയും ഭരണകൂടങ്ങളെയും സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഇവിടെയാണ് പരിസ്ഥിതി വിഷയത്തിന്റെ രാഷ്ട്രീയം നാം യഥാർത്ഥ ബോധത്തോടെ ഉൾക്കൊള്ളേണ്ടത്.

(അവസാനിക്കുന്നില്ല)

Exit mobile version