Site iconSite icon Janayugom Online

ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹി ദൗത്യം പരാജയം സുധാകരന്റെ സമ്മര്‍ദ്ദതന്ത്രം വിജയത്തിലേക്ക്

ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങുന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെതിരെ അങ്കം കുറിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എ ഗ്രൂപ്പ് സുപ്രീം കമാന്‍ഡര്‍ ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഇന്നലെ ഇവിടെയെത്തിയ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറെ കണ്ട് ഗ്രൂപ്പുകള്‍ക്കു വഴങ്ങിയാല്‍ താന്‍ പ്രസിഡന്റ് പദം രാജിവയ്ക്കുമെന്ന് ഭീഷണി മുഴക്കിയതായും അറിയുന്നു. കോണ്‍ഗ്രസിന്റെ അംഗത്വ വിതരണ ക്യാമ്പയിന്‍ ഇന്നലെ തിരുവനന്തപുരത്ത് പൂവാറില്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു താരിഖ് അന്‍വര്‍.

എന്നാല്‍ ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലെത്തിയ ദിവസം തന്നെ ഹൈക്കമാന്‍ഡിനെതിരെ അങ്കം കുറിച്ചതും തുടര്‍ന്ന് രാജിഭീഷണി മുഴക്കിയതും സമ്മര്‍ദ്ദതന്ത്രത്തിന്റെ ഭാഗമാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുതന്നെ ദുര്‍ബലമായിരിക്കുന്നുവെന്ന് ഒരു പൊതുയോഗത്തില്‍ പരസ്യമായി മൈക്കുവച്ച് പ്രഖ്യാപിച്ച സുധാകരന്‍ പാര്‍ട്ടിക്കു കാലപ്പഴക്കം കൊണ്ടുണ്ടായ ദൗര്‍ബല്യമാണിതെന്നു വരെ പരിഹസിച്ചു. ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലുണ്ടായിരുന്ന ദിവസം തന്നെ ഗ്രൂപ്പ് കമാന്‍ഡര്‍മാരായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാര്‍ട്ടിയെ തകര്‍ക്കുന്നുവെന്നു കാണിച്ച് ഹൈക്കമാന്‍ഡിനു മുന്നില്‍ ഒരു പരാതി പ്രളയംതന്നെ സൃഷ്ടിച്ചതും ഈ സമ്മര്‍ദ്ദതന്ത്രത്തിന്റെ ഭാഗമായിരുന്നു. അംഗത്വവിതരണം പൂര്‍ത്തിയാകുന്ന മാര്‍ച്ച് 31 വരെ ജില്ലാ — സംസ്ഥാന സമിതികളുടെ പുനഃസംഘടന നിര്‍ത്തിവയ്ക്കണമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയും രമേശും ഹൈക്കമാന്‍ഡിനു നിവേദനം സമര്‍പ്പിച്ചത്.

എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹി ദൗത്യം പരാജയപ്പെട്ടുവെന്ന സൂചനകളും പുറത്തുവരുന്നു. പുനഃസംഘടന തുടരാന്‍ ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടിയതായാണ് അറിവ്. ആവശ്യമെങ്കില്‍ പുനഃസംഘടന നടത്തുമെന്ന് താരിഖ് അന്‍വര്‍ ഇന്നലെ മാധ്യമങ്ങളോട് വ്യക്തിമാക്കിയതില്‍ നിന്നും സുധാകരന്റെ സമ്മര്‍ദ്ദതന്ത്രത്തിന് ഹൈക്കമാന്‍ഡ് കീഴടങ്ങിയെന്ന വിലയിരുത്തലുമുണ്ട്. മറ്റെല്ലാ സംസ്ഥാനങ്ങളിലും പുനഃസംഘടന നടക്കുമ്പോള്‍ കേരളത്തിനു മാത്രമായി ഒരിളവു നല്കാനാവില്ലെന്ന് ഉമ്മന്‍ചാണ്ടിയോട് സോണിയ അറിയിച്ചതായും ഇന്ദിരാഭവന്‍ വൃത്തങ്ങള്‍ പറയുന്നു. പുനഃസംഘടനയും അംഗത്വ വിതരണവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്നാണ് സോണിയ അറിയിച്ചതത്രേ. പുനഃസംഘടനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്നലെ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചതും ഈ സാഹചര്യത്തിലാവാം. പുനഃസംഘടനയില്‍ മുതിര്‍ന്ന നേതാക്കളെയെല്ലാം വിശ്വാസത്തിലെടുക്കുമെന്ന് താരിഖ് അന്‍വര്‍ ഇന്നലെ പറഞ്ഞതില്‍ നിന്നും എ, ഐ ഗ്രൂപ്പു കമാന്‍ഡര്‍മാര്‍ നഖശിഖാന്തം എതിര്‍ക്കുന്ന പുനഃസംഘടന നടക്കുമെന്നുതന്നെയാണ്.
എന്നാല്‍ പുനഃസംഘടനയ്ക്ക് സോണിയ ഗാന്ധിയുടെ ഓഫറുകളും ഉമ്മന്‍ചാണ്ടിക്കു നല്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കെപിസിസിക്ക് പത്ത് പുതിയ ജനറല്‍‍ സെക്രട്ടറിമാരെക്കൂടി നിയമിക്കുക. അതില്‍ നാലെണ്ണം ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിക്കുന്നവരെയും മൂന്നുപേരെ രമേശിന്റെ നോമിനികളായും ശേഷിക്കുന്ന മൂന്നെണ്ണം സുധാകരനും സതീശനും എഐസിസി സംഘടനാകാര്യ സെക്രട്ടറി കെ സി വേണുഗോപാലും നിര്‍ദ്ദേശിക്കുന്നവര്‍ക്കായി പങ്കുവയ്ക്കണമെന്ന ഫോര്‍മുലയാണ് സോണിയ മുന്നോട്ടുവച്ചതെന്നറിയുന്നു. ഡിസിസികളുടെ പുനഃസംഘടനയും ഈ അനുപാതത്തിലാകാമെന്നായിരുന്നു സോണിയയുടെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം എ, ഐ ഗ്രൂപ്പുകള്‍ക്ക് ഏതാണ്ട് സ്വീകാര്യമായിരുന്നുവെങ്കിലും കെ സി വേണുഗോപാല്‍ ഈ ഫോര്‍മുലയെ അട്ടിമറിച്ചുവെന്നാണ് ഗ്രൂപ്പുകളുടെ ആരോപണം. ഉമ്മന്‍ചാണ്ടിയും രമേശും നിര്‍ദ്ദേശിക്കുന്ന ഓരോ പേരുകാരെ മാത്രമേ ഉള്‍പ്പെടുത്താനാവൂ എന്നാണ് വേണുഗോപാലിന്റെ ഉറച്ച നിലപാട്. ശേഷിക്കുന്ന എട്ടുപേരെ സുധാകരനും സതീശനും ചേര്‍ന്ന് നിര്‍ദ്ദേശിക്കണമെന്നും അദ്ദേഹം പറയുന്നു. താനുള്‍പ്പെടുന്ന ഈ ഗ്രൂപ്പ് എട്ടു സ്ഥാനങ്ങളും പിടിച്ചെടുക്കാമെന്നാണ് വേണുഗോപാലിന്റെ കണക്കുകൂട്ടല്‍. 

ഈ നിര്‍ദ്ദേശത്തെ അപ്പാടെ തള്ളുന്ന എ, ഐ ഗ്രൂപ്പുകള്‍ ജില്ലാ — സംസ്ഥാന പുനഃസംഘടനാ പ്രക്രിയ ബഹിഷ്കരിക്കുമെന്ന് രമേശിനോട് അടുത്ത വൃത്തങ്ങള്‍ ഇന്നലെ വ്യക്തമാക്കി. രമേശും ഉമ്മന്‍ചാണ്ടിയും ഉന്നയിച്ച ആവശ്യങ്ങള്‍ ഏതാണ്ട് പൂര്‍ണമായിത്തന്നെ തള്ളിയ ഹൈക്കമാന്‍ഡ് സുധാകരന്റെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കു വഴങ്ങിയെന്നാണ് ഗ്രൂപ്പുകളുടെ പരാതി. ബഹിഷ്കരണത്തിലേക്കാണ് ഗ്രൂപ്പുകള്‍ നീങ്ങുന്നതെങ്കില്‍ കെപിസിസിക്കും ഡിസിസികള്‍ക്കും സമാന്തര കമ്മിറ്റികളുണ്ടാകുമെന്നും ഉറപ്പ്. ഇതിനുവേണ്ടി ഇരു ഗ്രൂപ്പുകളും വെവ്വേറെയും ഒന്നിച്ചും രഹസ്യയോഗങ്ങള്‍ സംസ്ഥാന വ്യാപകമായി നടത്തിവരുന്നു. സംസ്ഥാന കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പുതന്നെയുണ്ടാക്കാവുന്ന പ്രതിസന്ധി. പണ്ട് എ കെ ആന്റണി കോണ്‍ഗ്രസില്‍ നിന്നു വിട്ടുമാറി കോണ്‍ഗ്രസ് (എ) രൂപീകരിച്ച കാലത്തെ ഓര്‍മ്മിപ്പിക്കുന്നവിധം രൂക്ഷമാവുന്ന ചേരിപ്പോര്. 

Exit mobile version