Site iconSite icon Janayugom Online

‘പഹൽഗാം’ എന്ന പേരിൽ ഓപറേഷൻ സിന്ദൂർ സിനിമയാകുന്നു; ചിത്രത്തിന്റെ പൂജ മൂകാംബിക ക്ഷേത്രത്തിൽ

മലയാള സിനിമയ്ക്ക് മികച്ച സൈനിക ചലച്ചിത്രങ്ങൾ നൽകിയ കൂട്ടുകെട്ടാണ് മേജർ രവി മോഹൻലാൽ കോമ്പോ. അവർ വീണ്ടുമൊന്നിക്കുന്നു എന്ന വിവരമാണിപ്പോൾ പുറത്തുവരുന്നത്. കീർത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ സിനിമകൾക്ക് ശേഷമാണ് ഈ കുട്ടുകെട്ടിലെ പുതിയ സിനിമ ഒരുങ്ങുന്നത്. ഓപ്പറേഷൻ സിന്ദൂറിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന പഹൽഗാം എന്ന് പേരു നൽകിയ സിനിമയിൽ മോഹൻലാൽ മേജർ മഹാദേവനായി തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്.

ചിത്രത്തിന്‍റെ പൂജ മൂകാംബിക ക്ഷേത്രത്തിൽ വെച്ച് നടന്നു. പ്രസിഡൻഷ്യൽ മൂവീസ് ഇന്‍റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന ചിത്രം, മേജർ രവിയും അനൂപ് മോഹനും ചേർന്നാണ് നിർമിക്കുന്നത്. പാൻ‑ഇന്ത്യ റിലീസിനായി ഒരുങ്ങുന്ന ചിത്രം ഒന്നിലധികം ഭാഷകളിലേക്ക് ഡബ് ചെ‍യ്യുമെന്നാണ് റിപ്പോർട്ട്. സ്‌ക്രിപ്റ്റ് പൂജ പൂർത്തിയായതോടെ ചിത്രീകരണത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

മേജർ രവിയോടൊപ്പം യാത്ര ആരംഭിക്കുന്നതിൽ ഞങ്ങൾ അതിയായ സന്തോഷത്തിലാണെന്നും സിനിമയുടെ കഥ അത്യന്തം ശക്തമായതാണെന്നും പഹൽഗാം പ്രേക്ഷകർക്ക് എല്ലാ ഭാഷകളിലും ആഴത്തിൽ ബന്ധപ്പെടുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും നിർമാതാവ് അനൂപ് മോഹൻ പറഞ്ഞു.

വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമക്കായി പല ഇൻഡിസ്ട്രിയിൽ നിന്നുള്ള ഗംഭീര ടെക്‌നീഷ്യൻസ് ഒന്നിക്കുന്നു എന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. 1971 ബിയോണ്ട് ബോർഡേഴ്സാണ് മേജർ രവിയും മോഹൻലാലും അവസാനമായി ഒന്നിച്ച് അഭിനയിച്ച ചിത്രം. ഛായാഗ്രഹണം: എസ്. തിരുനാവുക്കരസ്, എഡിറ്റിങ്: ഡോൺ മാക്സ്, സംഗീതം: ഹർഷവർധൻ രമേശ്വർ, പ്രൊഡക്ഷൻ ഡിസൈൻ: വിനീഷ് ബംഗ്ലാൻ, മേക്കപ്പ്: റോണെക്സ് സേവ്യർ, ആക്ഷൻ ഡയറക്ഷൻ: കെച്ച ഖംഫാക്ക്ഡീ, സെക്കൻഡ് യൂനിറ്റ് കാമറ: അർജുൻ രവി.

Exit mobile version