മണ്ണിന്റെ മണമുള്ള രചനകൾ.. കണ്ടും കേട്ടും അറിഞ്ഞ ജീവിതത്തിൽ നിന്ന് നേരിട്ട് കയറിവരുന്ന കഥാപാത്രങ്ങൾ.. ജീവിതത്തിന്റെ പുറം കാഴ്ചകളിൽ അഭിരമിക്കാതെ ആന്തരിക ജീവിത സംഘർഷങ്ങൾ പറയുമ്പോൾ തന്നെ ഒട്ടും സങ്കീർണ്ണതയില്ലാത്ത അവതരണം.. നാടും നാട്ടിടവഴികളും കാടും പുഴയും പ്രകൃതിയുടെ സംഗീതവും സാധാരണക്കാരായ കഥാപാത്രങ്ങളും നിറയുന്ന കഥാസന്ദർഭങ്ങൾ.. സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് കേരള സർക്കാറിന്റെ എഴുത്തച്ഛൻ പുരസ്കാരം പി വത്സലയ്ക്ക് ലഭിക്കുമ്പോൾ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം അടയാളപ്പെടുത്തുകയും പാർശ്വവത്ക്കരിക്കപ്പെട്ട ജീവിതങ്ങളെ എഴുത്തിലേക്ക് ആവാഹിക്കുകയും ചെയ്ത രചനകൾക്കുള്ള അംഗീകാരമാവുകയാണ്.
പുരസ്ക്കാരങ്ങൾ ഏറെയുണ്ടെങ്കിലും എഴുത്തച്ഛന്റെ പേരിലുള്ള പുരസ്ക്കാരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് പി വത്സല പറഞ്ഞു. ഭാഷാ പിതാവിന്റെ പേരിലുള്ള പുരസ്ക്കാരമായതുകൊണ്ടാണ് ഏറെ വ്യത്യസ്തമാകുന്നതെന്നും അവർ പറഞ്ഞു.
അനുഭവങ്ങളുടെ ആഴങ്ങളിൽ നിന്നാണ് പി വത്സലയുടെ രചനകൾ പിറവിയെടുക്കുന്നത്. തന്റെ കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളുമെല്ലാം താൻ കണ്ടോ കേട്ടോ അറിഞ്ഞവയാണെന്ന് അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവഗണിക്കപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ആദിവാസികളുടെയും ജീവിതം അവർ സൂക്ഷ്മതയോടെ പകർത്തി. പ്രാദേശികവും വംശീയവും സ്വത്വപരവുമായ കേരളീയ പാരമ്പര്യങ്ങളെ അതിമനോഹരമായി ആവിഷ്ക്കരിച്ചുവെന്നാണ് പുരസ്ക്കാര സമിതിയും വിലയിരുത്തിയിട്ടുള്ളത്. അമ്മയ്ക്ക് ക്രിയ ചെയ്യാൻ തിരുനെല്ലിയിലെത്തിയ രാഘവൻ നായരും സാവിത്രി വാരസ്യാരും നങ്ങേമ അന്തർജനവും മാരയും മല്ലയും കുറുമാട്ടിയും തട്ടാൻ ബാപ്പുവും കടക്കാരൻ സെയ്തും പേമ്പിയും പൗലോസും അനന്തൻ മാസ്റ്ററുമെല്ലാം നേരിൽ കണ്ടും അടുത്തറിഞ്ഞതുമായ കഥാപാത്രങ്ങൾ തന്നെയായിരുന്നു. “സ്വന്തം അനുഭവങ്ങളിൽ നിന്ന് പാകപ്പെടുത്തിയ കഥാപാത്രങ്ങളായിരുന്നു എന്റെ എഴുത്തിൽ നിറഞ്ഞത്. അവ എന്റെ മാത്രം കഥാപാത്രങ്ങളാണ്’- പി വത്സല പറഞ്ഞു.
ശക്തരായ സ്ത്രീ കഥാപാത്രങ്ങളാണ് പി വത്സലയുടെ രചനകളിലെ മറ്റൊരു പ്രത്യേകത. പ്രശസ്ത വിവർത്തകനായിരുന്ന എം എൻ സത്യാർത്ഥിയെ പരിചയപ്പെട്ടതാണ് എഴുത്തിന്റെ ലോകത്തേക്ക് പി വത്സലയെ കൂടുതലടുപ്പിച്ചത്. നാട്ടുകാരൻ കൂടിയായ എസ് കെ പൊറ്റക്കാട്ടിന്റെ രചനകളുടെ ലോകവും അവരെ ഏറെ സ്വാധീനിച്ചു. എഴുത്തുകാരുടെ ദേശമാണ് കോഴിക്കോട്. എം ടിയെപ്പോലുള്ള നിരവധി എഴുത്തുകാർ കോഴിക്കോടിനെ സ്വന്തം ദേശമായി സ്വീകരിച്ച് ഇവിടേക്കെത്തി. ഇതേ സമയം കോഴിക്കോട്ടുകാരിയായ പി വത്സല വയനാടൻ ജീവിതങ്ങൾ തേടിയുള്ള യാത്രയിലായിരുന്നു. ഇന്നത്തേതുപോലെ അത്രയേറെ പുരോഗമിക്കാത്ത.. കാടിനും മലകൾക്കുമിടയിൽ പുറം ലോകവുമായി അധികം ബന്ധമില്ലാതെ ജീവിച്ചിരുന്ന ജനതയുടെ ജീവിതങ്ങൾ തേടി അവർ ഇറങ്ങിത്തിരിച്ചു. നെല്ലും ആഗ്നേയവും കൂമൻകൊല്ലിയുമെല്ലാം അങ്ങിനെ രൂപംകൊണ്ടു. കുങ്കുമം അവാർഡ് നേടിയ നെല്ല് എന്ന ആദ്യനോവൽ വയനാട്ടിലെ തിരുനെല്ലി പശ്ചാത്തലമാക്കിയാണ് എഴുതിയത്. 1972 ലാണ് നെല്ല് എന്ന നോവൽ സമന്വയം മാസികയിൽ അച്ചടിച്ചുവരുന്നത്. തിരുനെല്ലിയുടെയും പാപനാശിനിയുടെയും ബാവലിപ്പുഴയുടെയും പശ്ചാത്തലത്തിൽ ഒരു സമൂഹത്തിന്റെ ജീവിത ചിത്രം വായനക്കാർക്ക് മുമ്പിൽ തുറക്കുകയായിരുന്നു ഈ നോവലിലൂടെ പി വത്സല. തിരുനെല്ലിയിൽ കാടിനോട് പോരാടി ജീവിതം നയിച്ച അടിയാൻമാരും മണ്ണിനെയും പെണ്ണിനെയും വേട്ടയാടിയ മേലാളൻമാരും നോവലിൽ നിറഞ്ഞു. യുദ്ധകാലത്ത് ഭക്ഷ്യക്ഷാമം നേരിടുന്ന സമയമാണിത്. അതുകൊണ്ട് തന്നെ ആ നോവലിന് നെല്ല് എന്നല്ലാതെ മറ്റൊരു പേരുമിടാൻ ഇല്ലായിരുന്നെന്ന് പി വത്സല വ്യക്തമാക്കിയിട്ടുണ്ട്. നെല്ലിന്റെ തുടർച്ചയായാണ് ആഗ്നേയവും കൂമൻകൊല്ലിയുമെല്ലാം വരുന്നത്. അക്കാലത്ത് പുറം ലോകത്തുള്ളവർക്ക് വിശ്വസിക്കാൻ പോലും കഴിയാത്തതായിരുന്നു ആദിവാസികളുടെ ജീവിതം. ദാരിദ്രവും ചൂഷണവും കൊടികുത്തി വാഴുന്ന കാലത്ത് വിപ്ലവകാരിയായ വർഗ്ഗീസിനെ നേരിട്ട് കണ്ടിട്ടുമുണ്ട് പി വത്സല. ആദിവാസി സംസ്ക്കാരത്തെയും ജീവിതത്തെയും ഇത്രയും ആഴത്തിൽ മനസ്സിലാക്കിയ മറ്റൊരു എഴുത്തുകാരിയും മലയാളത്തിൽ വേറെയില്ല. പ്രകൃതിയുടെ ഭാവ വൈവിധ്യങ്ങൾ പോലും അത്രയധികം മനോഹരമായാണ് നെല്ല് ഉൾപ്പെടെയുള്ള രചനകളിൽ അവർ ആവിഷ്ക്കരിച്ചിരിക്കുന്നത്. ഒഴുക്കിനൊത്ത് നീന്തുകയായിരുന്നില്ല, സ്വന്തം വഴി തെരഞ്ഞെടുക്കുകയായിരുന്നു താൻ ചെയ്തത്. ആദ്യമാരും അത് ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് എഴുത്ത് ശ്രദ്ധിക്കപ്പെട്ടുവെന്നും പി വത്സല പറയുന്നു.
നെല്ല് രാമു കാര്യാട്ട് സിനിമയാക്കിയപ്പോൾ മലയാളത്തിലെ മികവുറ്റ സിനിമകളിലൊന്നായി അത് മാറി. രാമു കാര്യാട്ടും കെ ജി ജോർജ്ജും ചേർന്ന് തിരക്കഥയെഴുതിയ സിനിമയുടെ സംഭാഷണം രചിച്ചത് എസ് എൽ പുരം സദാനന്ദനായിരുന്നു. വയലാർ രചിച്ച് സലിൽ ചൗധരി സംഗീതം പകർന്ന ഗാനങ്ങളും ബാലു മഹേന്ദ്രയുടെ ഛായാഗ്രഹണവും ഋഷികേഷ് മുഖർജിയും ചിത്രസംയോജനവുമെല്ലാം ചേർന്നപ്പോൾ അസാധാരണമായ സിനിമാക്കാഴ്ചകളിലൊന്നായി നെല്ല് മാറുകയായിരുന്നു.
തന്റെ ആഗ്നേയം എന്ന നോവൽ സിനിമയാക്കാൻ അവർ ആഗ്രഹിച്ചിരുന്നുവെങ്കിലും അത് സാധ്യമായില്ല. കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം, പത്മപ്രഭാ പുരസ്ക്കാരം, മുട്ടത്തുവർക്കി പുരസ്ക്കാരം, സി എച്ച് അവാർഡ്, കഥ അവാർഡ് എന്നിവയെല്ലാം ലഭിച്ച പി വത്സലയെത്തേടി ഇപ്പോൾ മലയാളത്തിലെ ഏറ്റവും വലിയ പുരസ്ക്കാരവുമെത്തിയിരിക്കുകയാണ്. പി വത്സല ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യപ്രശ്നങ്ങൾ തന്റെ എഴുത്തിനെ ബാധിച്ചിട്ടില്ലെന്ന് അവർ പറയുന്നു. ബാല്യകാല ജീവിതത്തെ ആസ്പദമാക്കിയുള്ള നോവൽ മുക്കാൽ ഭാഗം പൂർത്തിയായെന്നും അവർ വ്യക്തമാക്കി.