കാളിദാസ് ജയറാമിനെ നായനാക്കി പാ.രഞ്‍ജിത്ത് സംവിധാനം ചെയ്ത ‘നക്ഷത്തിരം നകർകിരത്’ എന്ന പുതിയ സിനിമ ഓഗസ്റ്റ് 3 1ന് പ്രദർശനത്തിനെത്തുന്നു. യൂത്ത് ഫെസ്റ്റിവൽ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഈ രഞ്ജിത്ത് ചിത്രത്തിന്റെ പ്രമേയം പ്രണയമാണ്. പ്രണയവും ഒരു രാഷ്ട്രീയമാണ് എന്ന ടാഗ് ലൈനുമായിട്ടാണ് ചിത്രം എത്തുന്നത്.
പ്രണയത്തിന് പിന്നിൽ സമൂഹം മെനയുന്ന കഥകളാണ് ചിത്രത്തിന് ആധാരം. ദുഷാര വിജയനാണ് നായിക. കലൈ അരസൻ മറ്റൊരു കേന്ദ്ര കഥാപാത്രമാവുന്നു. ഹരികൃഷ്‍ണൻ, വിനോദ്, ഷബീര്‍ കല്ലറക്കല്‍, റെജിൻ റോസ്, ദാമു തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ചിത്രത്തിന്റെ ഓഡിയോ റിലീസ് കഴിഞ്ഞ ദിവസം ചെന്നൈയിൽ സിനിമാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്നു. പ്രസ്തുത ചടങ്ങിൽ അഭിനേതാക്കൾ തങ്ങളുടെ അനുഭവം പങ്കു വെച്ച് സംസാരിച്ചു.
” പാ.രഞ്ജിത്ത് സാറിന്റെ ഒരു സിനിമയിൽ അഭിനയിച്ചു എന്ന് എനിക്ക് വിശ്വസിക്കാൻ പോലും കഴിയുന്നില്ല. ഞാൻ വിസ്കോമിന് പഠിക്കുന്ന സമയത്താണ് മെഡ്രാസ് എന്ന സിനിമ ഇറങ്ങിയത്. ആ സിനിമ കണ്ടിട്ട് രഞ്ജിത്ത് സാറിന്റെ നമ്പർ അന്വേഷിച്ച് പിടിച്ച് വിളിച്ച് സംസാരിച്ചു. അദ്ദേഹത്തിന് ഞാൻ ആരെന്ന് പോലും അറിയില്ലായിരുന്നു. പക്ഷെ വളരെ നേരം അദ്ദേഹം സിനിമയെ കുറിച്ച് സംസാരിച്ചു. പിൽക്കാലത്ത് അദ്ദേഹത്തിന്റെ സിനിമയിൽ ഞാൻ അഭിനയിക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. വളരെ സന്തോഷം തോന്നുന്നു. അവസരം തന്നതിന് രഞ്ജിത്ത് സാറിന് നന്ദി. ഇനിയൻ എന്നാണ് സിനിമയിലെ എന്റെ കഥാപാത്രത്തിന്റെ പേര്. എന്റെ റിയൽ ലൈഫ് ക്യാരക്ടർ പോലെയാണ് ഈ കഥാപാത്രം. എല്ലാവർക്കും ഇഷ്ടപ്പെടും തീർച്ച ” എന്ന് പറഞ്ഞു.
നായിക ദുഷാരയും തന്റെ പങ്കിനെ കുറിച്ച് വാചാലയായി.
” ‘നക്ഷത്തിരം നകർകിരത് ’ ഞാൻ വളരെയധികം ഇൻവോൾവ്മെന്റോടെ ആസ്വദിച്ച് അഭിനയിച്ച സിനിമയാണ്. ‘സർപട്ട പരമ്പര ‘യിൽ മാരിയമ്മയായി എനിക്ക് സിനിമയിൽ ലൈഫ് തന്ന ആളാണ് രഞ്ജിത്ത് സാർ. ഈ സിനിമയിൽ റെനെ എന്ന കഥാപാത്രത്തിലൂടെ അത് തുടരും എന്നാണ് എന്റെ വിശ്വാസം. ഈ സിനിമയിൽ ഞങ്ങൾ എല്ലാവരും കഠിനമായി അദ്വാനിച്ചിട്ടുണ്ട്. ” ദുഷാരാ വിജയൻ പറഞ്ഞു.
‘സർപട്ട പരമ്പരൈ ’ എന്ന സിനിമക്ക് ശേഷം പാ.രഞ്‍ജിത്ത് അണിയിച്ചൊരുക്കുന്ന ചിത്രമാണിത് . പാ.രഞ്ജിത്തിന്റെ തന്നെ നീലം പ്രൊഡക്ഷൻസും, യാഴി ഫിലിംസും സംയുക്തമായിട്ടാണ് ‘നക്ഷത്തിരം നകർകിരത്’ നിർമ്മിച്ചിരിക്കുന്നത്. മുരളി സിൽവർ സ്ക്രീൻ പിക്ചേർസ് കേരളത്തിൽ റിലീസ് ചെയ്യും.