സംസ്ഥാന സ്കൂള്‍ കായികമേളയില്‍ അത്‍ലറ്റിക്സ് വിഭാഗത്തില്‍ പാലക്കാട് മുന്നേറ്റം തുടരുന്നു. 34 ഇനങ്ങള്‍ അവസാനിച്ചപ്പോള്‍ 12 സ്വര്‍ണം, 10 വെള്ളി, മൂന്ന് വെങ്കലം എന്നീ മെഡലുകള്‍ നേടിയ പാലക്കാടിന് 103 പോയിന്റാണുള്ളത്. പാലക്കാട് മുണ്ടൂര്‍ എച്ച്എസിന്റെ ഊര്‍ജമാണ് പാലക്കാടിന് അനുഗ്രഹമായത്. മുണ്ടൂര്‍ സ്കൂളിന്റെ സംഭാവന 29 പോയിന്റാണ്. പാലക്കാടിന് വേണ്ടി വിഎംഎച്ച്എസ് വടവന്നൂര്‍ 17 പോയിന്റും പറളി എച്ച്എസ് 13 പോയിന്റും നേടി.
ഏഴ് സ്വര്‍ണം, ഏഴ് വെള്ളി, 10 വെങ്കല മെഡലുകള്‍ നേടി 70 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനത്തും നാല് സ്വര്‍ണം, നാല് വെള്ളി, ഒരു വെങ്കലം എന്നിവ നേടി 36 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്. ആതിഥേയരായ തിരുവനന്തപുരത്തിന് ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും നേടി 16 പോയിന്റുള്ള ആതിഥേയരായ തിരുവനന്തപുരം അഞ്ചാം സ്ഥാനത്താണ്.
സ്കൂള്‍ വിഭാഗത്തില്‍ പാലക്കാട് മുണ്ടൂര്‍ എച്ച്എസും മലപ്പുറം തിരുനാവായ നവമുകുന്ദ എച്ച്എസ്എസും തമ്മില്‍ ഒന്നാം സ്ഥാനത്തിനായി പോരാട്ടം തുടരുകയാണ്. മുണ്ടൂരിന് 29 പോയിന്റും നവമുകുന്ദയ്ക്ക് 25 പോയിന്റുമാണുള്ളത്. കോഴിക്കോട് പുല്ലൂരാൻപാറ സെന്റ് ജോസഫ് എച്ച്എസ് 18 പോയിന്റുമായി മൂന്നാം സ്ഥാനത്തും 17 പോയിന്റുള്ള പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസ് നാലാം സ്ഥാനത്തുമാണ്.

