ലോകം കാത്തിരിക്കുന്ന കായിക മാമാങ്കത്തിന് ഇനി രണ്ട് നാള്‍ കൂടിയാണുള്ളത്. അവസാന ഘട്ട ഒരുക്കങ്ങളുടെ ഭാഗമായി ഓട്ടപ്പാച്ചിലിലാണ് കായികതാരങ്ങളുള്‍പ്പെടെ എല്ലാവരും. വെള്ളിയാഴ്ചയാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുക. എന്നാല്‍ പാരിസ് ഒളിമ്പിക്സില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ ഇന്ന് തുടങ്ങും. ഗ്രൂപ്പ് മത്സരത്തിലെ ആദ്യ അങ്കത്തില്‍ അര്‍ജന്റീനയും മൊറോക്കോയും ഏറ്റുമുട്ടും. ലിയോണിലെ സെയ്ന്റ് എറ്റീന്‍ സ്റ്റേഡിയത്തിലാണ് മത്സരം.
മറ്റൊരു മത്സരത്തില്‍ യൂറോ ചാമ്പ്യന്മാരായ സ്പെയിന്‍ ഉസ്ബക്കിസ്ഥാനെ നേരിടും. യൂറോ കപ്പിൽ മിന്നിത്തിളങ്ങിയ ലാമിൻ യമാൽ, നിക്കോ വില്യംസ്, പെഡ്രി എന്നിവരൊന്നും സ്പാനിഷ് ടീമിലില്ല. വൈകിട്ട് 6.30നാണ് ഫുട്ബോളിലെ രണ്ട് മത്സരങ്ങളും ആരംഭിക്കുക. ഇതേദിവസം മാര്‍സൈയില്‍ ഫ്രാന്‍സ് — യുഎസ് കളിയുമുണ്ട്. പുരുഷ ടൂർണമെന്റിൽ 16 ടീമുകളാണ്. അണ്ടർ 23 നിരകളാണ് കളിക്കുക. ഒരു ടീമിൽ മൂന്നു മുതിർന്ന കളിക്കാരെ ഉൾപ്പെടുത്താം. നിലവിലെ ചാമ്പ്യൻമാരും പ്രതാപശാലികളുമായ ബ്രസീൽ ഇത്തവണയില്ല. ലാറ്റിനമേരിക്കയിൽനിന്ന് കാനിറകൾക്ക് യോഗ്യത നേടാനായില്ല.
നാലുവീതം ഗ്രൂപ്പുകളിലായാണ് മത്സരം. ഗ്രൂപ്പിലെ മികച്ച രണ്ടാംസ്ഥാനക്കാർ ക്വാർട്ടറിലേക്ക് കടക്കും. ഓഗസ്റ്റ് ഒമ്പതിനാണ് ഫൈനൽ. ഫ്രാൻസിന് ഗ്രൂപ്പ് എയിൽ യുഎസ്, ഗിനിയ, ന്യൂസിലൻഡ് എന്നിവർ എതിരാളികളാവും. ഗ്രൂപ്പ് സിയിൽ ഉസ്ബെകിസ്ഥാന് പുറമെ ഈജിപ്ത്, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവരാണ് സ്പെയിനിന്റെ ഗ്രൂപ്പിലുള്ളത്. നാളെ വനിതാ ഫുട്ബോളിനും കിക്കോഫ് ആകും.
നാളെ അമ്പെയ്ത്തില്‍ ഇന്ത്യയും മത്സരിക്കാനിറങ്ങും.
English Summary: Paris Olympics; Football today
You may also like this video