Site iconSite icon Janayugom Online

ഇന്തോനേഷ്യയിൽ യാത്രാ കപ്പലിന് തീപിടിച്ചു; 18 പേർക്ക് പരിക്ക്, രക്ഷാപ്രവർത്തനം തുടരുന്നു

ഇന്തോനേഷ്യയിലെ വടക്കൻ സുലവേസി പ്രവിശ്യയിലെ താലിസ് ദ്വീപിന് സമീപം കെഎം ബാഴ്‌സലോണ 5 എന്ന യാത്രാ കപ്പലിൽ വൻ തീപിടുത്തമുണ്ടായി. ഇത് വ്യാപകമായ പരിഭ്രാന്തി സൃഷ്ടിക്കുകയും, നൂറുകണക്കിന് യാത്രക്കാരെ തീയിൽ നിന്ന് രക്ഷപ്പെടാനായി കടലിലേക്ക് ചാടാൻ നിർബന്ധിതരാക്കുകയും ചെയ്തു. 18 പേര്‍ക്ക് പരിക്കേറ്റു. 280 പേരെ വഹിച്ചുകൊണ്ട് തലൗഡ് ദ്വീപുകളിൽ നിന്ന് മനാഡോ സിറ്റിയിലേക്ക് പോകുമ്പോഴാണ് കപ്പലിൽ തീപിടുത്തമുണ്ടായത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 1:30 ഓടെയാണ് തീപിടുത്തം ആരംഭിച്ചത്.

ഇന്തോനേഷ്യയിലെ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഏജൻസി, നാവികസേന, കോസ്റ്റ് ഗാർഡ്, പ്രാദേശിക മത്സ്യത്തൊഴിലാളികൾ എന്നിവർ ചേർന്ന് കപ്പലിലുള്ളവരെ ഒഴിപ്പിക്കാൻ അടിയന്തര നടപടികൾ ആരംഭിച്ചു. തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ലികുപാങ് തുറമുഖത്ത് ഒരു കമാൻഡ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇതുവരെ ആളപായമൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്.

Exit mobile version