Site icon Janayugom Online

‘പത്തൊമ്പതാം നൂറ്റാണ്ട്‘കഥാപാത്രങ്ങളുടെ വിശേഷങ്ങളുമായി വിനയൻ…

തിരുവിതാംകൂറിൽ ജീവിച്ചിരുന്ന ധീരനും സാഹസികനുമായ പോരാളിയുടെ കഥപറയുന്ന “പത്തൊൻപതാം നുറ്റാണ്ട്”. ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന സാധാരണക്കാരുടെ മനസ്സുലയ്കുന്ന ജീവിത സാഹചര്യങ്ങളുടെ നേർച്ചിത്രം. അതിസാഹസികനും ധീരനുമായിരുന്ന പോരാളിയായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരായി എത്തുന്നത് സിജു വിൽസൺ. വൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

കണ്ണൻ കുറുപ്പായി വിഷ്ണു വിനയ് എത്തുന്നു. കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ വിനയന്‍ ജനയുഗത്തോട് പറയുന്നു..

തിരുവിതാംകൂറിൻെറ മുൻ പടനായകൻമാരിൽ ശ്രദ്ധേയനായിരുന്ന പപ്പുക്കുറുപ്പിൻെറ പുത്രൻ കണ്ണൻ കുറുപ്പ് എന്ന പോലീസ് ഇൻസ്പെക്ടറെ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പിനിയുടെ അധിനിവേശത്തോടെ പുത്തൻ ഉണർവ്വു നേടിയ തിരുവിതാംകൂർ പോലീസിലെ വ്യത്യസ്ത വ്യക്തിത്വമായ ഈ ഇൻസ്പെക്ടറെ വിഷ്ണു വിനയ് എന്ന യുവ നടനാണ് അവതരിപ്പിക്കുന്നത്.

അധസ്ഥിതർക്കു വേണ്ടി പൊരുതിയ ധീരനായ പോരാളി ആറാട്ടുപുഴ വേലായുധ പണിക്കർ ഒരു വശത്തും, അയാളെ ഉൻമൂലനം ചെയ്യാൻ സർവ്വസന്നാഹത്തോടെ പടയൊരുക്കിയ നാടുവാഴികൾ മറു ഭാഗത്തും അണിനിരന്നപ്പോൾ കണ്ണൻ കുറുപ്പു സ്വീകരിച്ച നിലപാട് ആരെയും അമ്പരപ്പിക്കുന്നതായിരുന്നു.

വിഷ്ണു ആ കഥാപാത്രത്തോടു നീതി പുലർത്തിയിട്ടുണ്ട്. എൻെറ മകനായതുകൊണ്ട് വിഷ്ണുവിന് ആ വേഷം കൊടുത്തതല്ല മറിച്ച് അയാൾ ആ വേഷം ഭംഗിയാക്കും എന്നെനിക്കു തോന്നിയതു കൊണ്ടു മാത്രമാണ്. ഇനി ചിത്രം കണ്ടുകഴിഞ്ഞ് നിങ്ങൾ വിലയിരുത്തുക. ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പത്തൊൻപതാം നൂറ്റാണ്ട് ഷൂട്ടിംഗ് പൂർത്തിയായെങ്കിലും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കായി ഇനിയും നാലുമാസമെങ്കിലും എടുക്കും..2022 ഏപ്രിലിൽ ചിത്രം തീയറ്ററിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്..

Exit mobile version