Site iconSite icon Janayugom Online

പി ബി ഷെല്ലിയും മേരി ഷെല്ലിയും

shellyshelly

ആകാശത്തും കരയിലും കടലിലും ഏതുവഴികളിലൂടെയും ആഞ്ഞുവീശിയും കുതിച്ചുപാഞ്ഞും അലയടിച്ച് കുത്തിയൊഴുകിയും ഭ്രാന്തുകണക്കെ ലഹരിപിടിപ്പിക്കുകയാണ് ആ പടിഞ്ഞാറൻ കാറ്റ്. പ്രകൃതിയും മനുഷ്യരും കോരിത്തരിച്ചുപോകുന്ന നിമിഷങ്ങൾ. അതേസമയം ആ ഭ്രമമാരുതൻ ജീർണതകളെ വാരിമാറ്റിയും വളരാൻ വിതുമ്പിനിൽക്കുന്ന വിളകൾക്ക് കളമൊരുക്കിയും ഋതുഭേദങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. വല്ലാത്തൊരു ചെെതന്യസൃഷ്ടിയാണ് സർവവ്യാപിയായ ആ പടിഞ്ഞാറൻ കാറ്റ്. എന്തെന്നില്ലാത്തൊരു സ്വാതന്ത്ര്യത്തിന്റെയും ശക്തിയുടെയും കൂട്ടിക്കിഴിക്കലുകൾ.
പി ബി ഷെല്ലി എന്ന റൊമാന്റിക് ഇന്റിവിജ്വലിന്റെ പടിഞ്ഞാറൻ കാറ്റിനോടുള്ള ഗീതകം (ODE TO THE WEST WIND) എന്ന കാവ്യോജ്ജ്വലമായ കാറ്റിന്റെ മഹാപ്രതിഭാസം അങ്ങനെയായിരുന്നു. തന്റെ വാക്കുകൾ കാറ്റിലൂടെ മനുഷ്യരിലേക്ക് പ്രവഹിക്കുന്നു. 

പ്രകൃതിയുടെ അതിതീവ്രതയിലും മഹാസൗന്ദര്യത്തിന്റെ തുടിപ്പുകൾ കണ്ടെത്തിയ പേഴ്സി ബക്ഷി ഷെല്ലിക്ക് കാറ്റും ജലവും പ്രകാശവും കാടും മേടും, അവയുടെ പലതരം ചലനങ്ങളും പ്രതിഭാസങ്ങളും വല്ലാത്തൊരു ലഹരിയായിരുന്നു. ഷെല്ലിയുടെ കവിതകളും ജീവിതവും ഒന്നുതന്നെയായിരുന്നു. മതവും പുരോഹിതവർഗങ്ങളെയും സ്വേച്ഛാധിപത്യത്തെയും ആ മനുഷ്യൻ ചോദ്യം ചെയ്തിരുന്നു. തന്റെ കാലഘട്ടത്തിലെ സാമൂഹ്യവ്യവസ്ഥിതിയിൽ അദ്ദേഹത്തിനു തൃപ്തിവന്നില്ല. ഷെല്ലി വിഭാവനം ചെയ്ത ലോകത്തിന്റെ പ്രത്യേകത സർവവ്യാപിയായ സ്നേഹവും സ്വാതന്ത്ര്യവുമായിരുന്നു. 

ഒരേസമയം ആനന്ദവും ദുഃഖവും അനുഭൂതിയും നിരാശയും ഒക്കെ അനുഭവിച്ചു മുന്നേറുന്ന ദുരൂഹത നിറഞ്ഞ മനസായിരുന്നു ഷെല്ലിയുടേത്. ഈറ്റൻ കോളജിൽ പഠിക്കുമ്പോൾ ‘ദ നെസിസിറ്റി ഓഫ് എയ്തീയിസം’ (നിരീശ്വരവാദത്തിന്റെ ആവശ്യകത) എന്ന ലഘുലേഖ അച്ചടിച്ചു പ്രചരിപ്പിച്ചതിന്റെ ഫലമായി പുറത്താക്കപ്പെട്ടു. ഓക്സ്ഫോഡിൽ പഠനം തുടരവെ ഭ്രാന്തൻ ഷെല്ലി എന്ന പേര് സമ്പാദിച്ചു.
ആചാരങ്ങൾ മനുഷ്യനെ മാനുഷികമായി തകർക്കുന്നു എന്നു പ്രഖ്യാപിച്ച ‘ക്യൂൻ മാബ്’ എന്ന കൃതി ഷെല്ലിയുടെ നാസ്തികതയെ പുറത്തു കൊണ്ടുവന്നു. വിപ്ലവകാരിയും തന്റേതു മാത്രമായ വിശ്വാസത്തിന്റെ സംരക്ഷകനുമായ ആ കവി കാല്പനികതയുടെ മാന്ത്രികതയിൽ പ്രവാചകനുമൊക്കെയാകുമ്പോൾ ‘സ്റ്റാൻസ റിട്ടൺ ഇൻ സിജക്ഷനും’, ‘നിയർ നേപ്പിൾസും’, ‘സെൻസെയു‘മൊക്കെ ആ തൂലികയിലൂടെ ലിറിക്കൽ സ്കെച്ചുകളായി വിടര്‍ന്നു. ‘വാനമ്പാടിയോട്’ (TO THE SKYLARK) ഷെല്ലിയുടെ മികച്ച കാവ്യമായിരുന്നു.
‘OUR SWEETEST SONGS ARE THOSE THAT TELL OF SADDEST THOUGHT’ നമ്മുടെ ഏറ്റവും മധുരതരമായ ഗാനങ്ങൾ തന്നെ നമ്മുടെ ഏറ്റവും ദുഃഖകരമായ ചിന്തകൾ തന്നെയല്ലേ’ എന്നാണ് വാനമ്പാടിയോട് എന്ന കാവ്യത്തിൽ പറഞ്ഞിരിക്കുന്നത്.
റ്റോറി പാർട്ടിയുൾപ്പെട്ട ഒരു പ്രഭുകുടുംബാംഗമായിരുന്ന തിമോത്തി ഷെല്ലിയുടെ മകന്റെ ജീവിത പ്രയാണങ്ങൾ വളർന്നുവരുന്തോറും പ്രതിഭാജ്വരവും ഭാവനാതീവ്രതയും കാല്പനികാഭിമുഖ്യവുമായിരുന്നു. പക്ഷെ, അവയിലൊക്കെ വല്ലാത്ത നിരാശതയും മരണതാല്പര്യവും അടിയൊഴുക്കായിരുന്നു. താൻ എഴുതിയ പടിഞ്ഞാറൻ കാറ്റുപോലെ തന്നെ അടങ്ങിയിരിക്കാത്ത ഒരു ജ്വരം ഷെല്ലിയിൽ തെറിച്ചുകിടന്നിരുന്നു. 

നന്നേ ചെറുപ്പത്തിൽത്തന്നെ ഷെല്ലി പ്രണയബന്ധത്തിൽ കുടുങ്ങി. ഹാരിയറ്റ് വെസ്റ്റ്ബ്രൂക്ക് എന്ന സുന്ദരിയായിരുന്നു അത്. തന്റെ കോൺവന്റ് ജീവിതം ഏറെ ദുഃസഹമാണെന്ന് അവൾ ഷെല്ലിയെ ബോധ്യപ്പെടുത്തിയിരുന്നു. മതമേധാവികളുടെ മനുഷ്യത്വമില്ലായ്മയോടും ധിക്കാരത്തോടും സമരസപ്പെടാതിരുന്ന ഷെല്ലിയുടെ രോഷം വർധിച്ച് അവളെ മഠത്തിൽ നിന്നു മോചിപ്പിക്കാനും അവളെ വിവാഹം കഴിക്കാനും തീരുമാനിച്ചു. പണക്കാരനായ ഷെല്ലി ഒരു പാവപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് പിതാവിന് സമ്മതമായിരുന്നില്ല.
ഹാരിയറ്റുമായുള്ള ദാമ്പത്യജീവിതത്തിൽ രണ്ട് കുട്ടികളുമായി. താല്കാലികമായ അടുപ്പത്തിലൂടെ കണ്ടെത്തിയ ആ ജീവിതത്തിൽ മടുപ്പ് തോന്നിയതോടെ മറ്റൊരു പെൺകുട്ടിയിൽ അഭിനിവേശം ജനിച്ചു. എഴുത്തുകാരനായ വില്യം ഗോഡ്വിന്റെയും സ്ത്രീ സ്വാതന്ത്ര്യവാദിയുമായ വോൾസ്റ്റോൺ ക്രാഫ്റ്റിന്റെയും മകളായ മേരിക്ക് ഷെല്ലിയോട് വല്ലാത്ത ആരാധനയായിരുന്നു കവിക്ക്. തന്റെ ആദർശ വനിതയെ ഷെല്ലി അവളിൽ കണ്ടെത്തി. താല്കാലിക നിലനില്പിനുവേണ്ടി ഇരുവരും ഒളിച്ചോടി. വിവാഹം എന്ന ചടങ്ങിനോട് ഒട്ടും യോജിക്കാതിരുന്നിട്ടും ഇറ്റലിയിൽ വച്ച് അവർ വിവാഹിതരായി.
ഷെല്ലിയും മേരിയും ഹാരിയറ്റിനെയും മക്കളെയും തങ്ങളോടൊപ്പം താമസിക്കാൻ ക്ഷണിച്ചെങ്കിലും ആ പെൺകുട്ടി അതിനോട് വിസമ്മതം പ്രകടിപ്പിക്കുക മാത്രമല്ല ഒരു നദിയിൽ ചാടി ആത്മഹത്യ ചെയ്യുകയും ചെയ്തു. മക്കളെ ആവശ്യപ്പെട്ടെങ്കിലും കോടതിവിധി ഷെല്ലിക്ക് എതിരായിരുന്നു.
യാഥാസ്ഥിതികലോകം അതോടെ ഷെല്ലിക്ക് എതിരെ തിരിഞ്ഞു. അവർ ഇംഗ്ലണ്ടിലേക്ക് രക്ഷപ്പെട്ടു. ഷെല്ലി ചെയ്തതൊക്കെ തെറ്റാണെന്ന് മേരിക്ക് തോന്നിയില്ല. അതീവ ഭാവനാശാലിയായിരുന്ന മേരി തന്റെ കൗമാരപ്രായത്തു മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനുപകരം എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുകയായിരുന്നു. കാടുകയറിയ ഭാവനാത്മകത മേരിഷെല്ലിയിൽ വാസനാ വികൃതിയായി. അത്തരം ചിന്തകളോട് ഷെല്ലിക്കും താല്പര്യമായിരുന്നു. ഭൂത‑പ്രേത‑പിശാചുക്കളുടെ പ്രവർത്തനങ്ങൾ മനുഷ്യത്വവിരുദ്ധമാണെന്ന് അറിയാമായിരുന്നിട്ടും അത്തരം ചിന്തകളെ വളർത്തിയെടുക്കുകയായിരുന്നു മേരി. പ്രകൃതിയുടെ നിഗൂഢതകൾ എന്തെന്നറിയാനുള്ള താല്പര്യം ആ പെൺകുട്ടിയിൽ വളര്‍ന്നു.
‘വാൽപെർഗ,’ ‘അവസാനത്തെ മനുഷ്യൻ’, ‘ഫോക്നറ’ തുടങ്ങിയ കൃതികളെഴുതിയ മേരിയുടെ വിചിത്ര ഭാവന സാക്ഷാല്ക്കപ്പെട്ടത് ഫ്രാങ്കസ്റ്റിൻ എന്ന നോവലിലൂടെയായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ സയൻല് ഫിക്ഷൻ എന്നു വിളിക്കാവുന്ന കൃതി. ബീഭത്സവും ഭയാനകതയും മുഖ്യരസങ്ങളായി നിബന്ധിച്ചുള്ള ഭ്രമാത്മകകഥ എഴുതാൻ ഷെല്ലിയുടെ നിർബന്ധവുമുണ്ടായിരുന്നു. തന്റെ യൗവനാരംഭത്തിൽ ശ്മശാനങ്ങൾ ഇടയ്ക്കൊക്കെ സന്ദർശിക്കാറുണ്ടായിരുന്ന ആ വിചിത്ര മനുഷ്യൻ ഭാര്യയുടെ അക്ഷരകോലാഹലങ്ങളെ എങ്ങനെ നിരുത്സാഹപ്പെടുത്തും?
തന്റെ പത്തൊമ്പതാമത്തെ വയസിലാണ് മേരി ഫ്രാങ്കസ്റ്റിന്‍ എഴുതി തുടങ്ങിയത്. രണ്ട് വർഷം കഴിഞ്ഞ് 1815 ല്‍ അത് പ്രസിദ്ധീകരിക്കുമ്പോൾ ഒട്ടേറെ പേർക്ക് ഒരു ശാസ്ത്രാഭാസ നോവലായി മാറി. ശാസ്ത്രം രൂപപ്പെട്ടുവരുന്ന പതിനെട്ടാം നൂറ്റാണ്ടിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്തും ബുദ്ധിജീവികളും നിരൂപകരും അത്ഭുതത്തിലും അവിശ്വസനീയതയിലുമായിരുന്നു. ഒരു പെൺകുട്ടിയുടെ ആന്തരികതയിൽ ഇത്രത്തോളം ബീഭൽസമായ ഒരാശയം എങ്ങനെ രൂപപ്പെട്ടന്നാവോ? ജർമ്മനിയിലെ ശാസ്ത്രജ്ഞനായ ഡോ. ഡാർവിന്റെ ചില പരാമർശങ്ങളിൽ നിന്നായിരുന്നു ഫ്രാങ്കസ്റ്റിന്റെ ആശയം മേരിക്ക് കിട്ടിയത്.
വിക്ടർ ഫ്രാങ്കസ്റ്റിൻ എന്ന യുവശാസ്ത്രജ്ഞൻ മൃതദേഹങ്ങൾ കൂട്ടിയിണക്കി അതിലേക്ക് വെെദ്യുതി കടത്തിവിട്ട് ചില രാസമൂലകങ്ങൾ ചേർത്ത് കൃത്രിമമായി ഒരാളെ സൃഷ്ടിക്കുമ്പോൾ ആ കൃതി നോവൽ സാഹിത്യത്തിലെ ഒരു പ്രഹേളികയായി. തന്റെ പേരു തന്നെയാണ് ശാസ്ത്രജ്ഞൻ നോവലിലെ കഥാപാത്രത്തിനും കൊടുത്തത്.
ആദ്യമാദ്യം സൗമ്യനായിരുന്ന ഫ്രാങ്കസ്റ്റിൻ പിന്നെപ്പിന്നെ ദ്രോഹിയായി മാറി. മനുഷ്യവാസനയും മോഹങ്ങളും മറ്റു വികാരങ്ങളുമൊക്കെയുള്ള ആ വിരൂപസത്വം സ്നേഹത്തിനും കാമത്തിനും വേണ്ടി ദാഹിക്കുകയായിരുന്നു. മനുഷ്യൻ അറയ്ക്കുകയും വെറുക്കുകയും ചെയ്തതോടെ അത് പ്രതികാരദാഹിയായി മാറി. ഒടുവിൽ സ്രഷ്ടാവിനെത്തന്നെ വകവരുത്താൻ നോക്കുന്നു. ശാസ്ത്രത്തിന്റെ നേട്ടം വരുത്തിവച്ച മഹാദുരന്തമായിരുന്നു ആ നോവലിന്റെ ഉള്ളടക്കം. ജീവൻ നൽകാൻ കഴിയുന്ന ശാസ്ത്രജ്ഞനുപോലും ആ ജീവൻ തിരിച്ചെടുക്കാൻ വയ്യാത്ത പരാജയം തന്നെയല്ലേ, ഈ ടെക്നോളജിയുടെ ഓളപ്പരപ്പിലും കാണാൻ കഴിയുന്നത്.
മുപ്പത് വയസുപോലും തികയുന്നതിനു മുൻപേ സ്പെസിയ ഉൾക്കടലിൽ വച്ചുണ്ടായ ബോട്ടപകടത്തിൽ മരിച്ച ഷെല്ലിയുടെ ദുരന്തത്തിന്റെ ഓർമ്മകളുമായി വിഷമിച്ചു ജീവിക്കുകയായിരുന്നു മേരി ഷെല്ലി. അദ്ദേഹത്തിന്റെ പല കൃതികളും മേരിയാണ് പ്രസിദ്ധീകരിച്ചത്. താനും മകളും ഒറ്റപ്പെട്ടുപോയ ഒരു ലോകത്ത് മകളെ വളർത്തി ഒരു നിലയിലെത്തിക്കാൻ ആഗ്രഹിച്ച ആ പ്രതിഭാധന തന്റെ അമ്പത്തിനാലാമത്തെ വയസിൽ ഈ ലോകത്തോട് വിടപറയുകയായിരുന്നു. 

Exit mobile version