Site iconSite icon Janayugom Online

കുരുമുളക് വില താഴേക്ക്; കർഷകർ വീണ്ടും പ്രതിസന്ധിയിൽ

കർഷകർക്ക് തിരിച്ചടിയായി മലക്കംമറഞ്ഞ് കുരുമുളക് വില. ഏതാനും ദിവസം മുമ്പുവരെ കത്തിക്കയറി നിന്ന വിലയാണ് എല്ലാ കണക്കുകൂട്ടലുകളെയും തകിടം മറിച്ച് താഴേക്ക് പതിച്ചത്. മുഖ്യ കുരുമുളക് ഉല്പാദക രാജ്യങ്ങളായ ശ്രീലങ്ക, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്ന് അന്താരാഷ്ട്ര വിപണിയിലേക്കുള്ള വരവ് ഇടിഞ്ഞതോടെയാണ് വില ഉയരാൻ തുടങ്ങിയത്. ഏറെക്കാലത്തെ മാന്ദ്യത്തിന് ശേഷമുള്ള മാറ്റമായിരുന്നു ഇത്. ചില്ലറ വിപണിയിൽ മെച്ചപ്പെട്ട ഗുണനിലവാരമുള്ള പ്രത്യേകയിനം കുരുമുളകിന്റെ വില 800 രൂപയ്ക്ക് മുകളിൽ വരെയെത്തി. ഇത് കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലുമടക്കമുള്ള കർഷകരിൽ വലിയ പ്രതീക്ഷ ജനിപ്പിച്ചിരുന്നു. ആഭ്യന്തര വിപണിയിൽ അതിന്റെ ഉണർവും പ്രകടമായി. എന്നാൽ, വിദേശ രാജ്യങ്ങളിൽ നിന്നുള്ള കുരുമുളക് അന്താരാഷ്ട്ര വിപണിയിൽ വീണ്ടും സാന്നിദ്ധ്യമറിയിച്ചതോടെ ഉയർന്നു നിന്ന വില താഴോട്ടിടിയുകയായിരുന്നു. 

ജൂണിൽ ശ്രീലങ്കയിലെ വിളവെടുപ്പ് കാലം കൂടിയാകുന്നതോടെ വില ഇനിയും കുറയാനാണ് സാധ്യതയെന്ന് വ്യാപാരികൾ വിലയിരുത്തുന്നു. ഇന്ത്യൻ കുരുമുളകുമായി താരതമ്യം ചെയ്യുമ്പോൾ ശ്രീലങ്കൻ, വിയറ്റ്നാം കുരുളകിന് ഗുണനിലവാരം കുറവാണ് ; വിലയും. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ — ശ്രീലങ്കൻ ചരക്കുകൾക്ക് ടണ്ണിന് 1400 ഡോളറിന്റെ ഏറ്റക്കുറച്ചിലുണ്ട്. ഗുണമേന്മയെക്കാൾ വിലക്കുറവ് മാത്രം നോട്ടമുള്ള മസാലക്കമ്പനികൾക്ക് ഇക്കാരണത്താൽ പഥ്യം ശ്രീലങ്കൻ കുരുമുളകാണ്. ആഭ്യന്തര വില നിശ്ചയിക്കുന്നതും ഈ വിഭാഗത്തിന് കൂടി സ്വാധീനമുള്ള ഉത്തരേന്ത്യൻ വിപണിയാണ്. മസാല ഉല്പാദനത്തിന് പറ്റിയത് ശ്രീലങ്കൻ കുരുമുളകാണെന്ന വലിയ പ്രചരണവും ഇവർ നടത്തുന്നുണ്ട്. രാജ്യാന്തര വിപണിയിലേക്കുള്ള വരവിൽ ഇടിവുണ്ടായ ശ്രീലങ്കൻ കുരുമുളക്, അടുത്ത വിളവെടുപ്പിന് ഇനിയും രണ്ട് മാസം അവശേഷിക്കെ അപ്രതീക്ഷിതമായി വീണ്ടും വിപണിയിൽ സജീവ സാന്നിദ്ധ്യമായതിന് പിന്നിൽ ചില ഒത്തുകളികൾ നടന്നിട്ടുണ്ടോ എന്ന സംശയം പ്രബലമാണ്. ഗുണനിലവാരമില്ലാത്തതിന്റെ പേരിൽ നേരത്തേ പിടിച്ചുവച്ച ചരക്ക് ഇപ്പോൾ വിപണിയിലേക്ക് എത്തിക്കുന്നതായാണ് വ്യാപാരികൾ സംശയിക്കുന്നത്.വില ഇടിയാൻ തുടങ്ങിയതോടെ വാങ്ങലുകാർ മാറി നിൽക്കുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്.

Exit mobile version