എണ്ണക്കമ്പനികൾ കൃത്രിമക്ഷാമം സൃഷ്ടിച്ചതോടെ സംസ്ഥാനത്തെ പമ്പുകളിൽ ഇന്ധന വിതരണം ഭാഗികമായി തടസപ്പെട്ടു. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില ഉയരുമ്പോൾ ഇന്ധന വില കൂട്ടാത്ത സാഹചര്യത്തിലാണ് പെട്രോളിനും ഡീസലിനു എണ്ണക്കമ്പനികൾ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നത്. ഇന്ധനവില കൂട്ടാത്ത സാഹചര്യത്തിൽ തങ്ങൾക്ക് വലിയ നഷ്ടമുണ്ടാകുന്നുവെന്ന് വ്യക്തമാക്കി കമ്പനികൾ ഇന്ധന വിതരണം വെട്ടിക്കുറയ്ക്കുന്നത് പമ്പുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇന്ധനം സ്റ്റോക്ക് ഇല്ലാതായതോടെ പല പമ്പുകളും അടച്ചിടുന്ന സ്ഥിതിയുണ്ട്. തുറന്ന് പ്രവർത്തിക്കുന്ന പമ്പുകളിൽ പലയിടത്തും വലിയ തിരക്കും അനുഭവപ്പെടുന്നു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ പമ്പുകളിലാണ് പ്രധാനമായും ഇന്ധനലഭ്യത കുറവുള്ളത്. ബിപിസിഎൽ പമ്പുകളെയും പ്രതിസന്ധി ബാധിക്കുന്നുണ്ട്. ഇന്ധന വില വർധിപ്പിക്കാനുള്ള സമ്മർദ്ദത്തിന്റെ ഭാഗമായാണ് കമ്പനികളുടെ ഈ നീക്കമെന്ന് സംശയിക്കുന്നു. നേരത്തെ പമ്പുകൾക്ക് ഇന്ധനം കടമായി നൽകിയിരുന്നത് എച്ച്പിസിഎൽ അവസാനിപ്പിച്ചിരുന്നു. ഇതോടെ മാർച്ച് പകുതി മുതൽ തന്നെ എച്ച്പിസിഎൽ പമ്പുകളിൽ ഇന്ധനക്ഷാമം നേരിട്ടിരുന്നു. ഇന്ധനവില അടിക്കടി വർധിച്ച സാഹചര്യത്തിലാണ് ക്രെഡിറ്റ് സൗകര്യം കമ്പനി നിർത്തലാക്കിയത്.
ക്രെഡിറ്റിന് ലഭിച്ചിരുന്നപ്പോൾ ഡീലർമാർ സ്വകാര്യ ബസുകൾക്കും ചരക്കുലോറികൾക്കും ഡീസൽ കടമായി നൽകിയിരുന്നു. ഇവരിൽ നിന്നെല്ലാം തുക പിരിഞ്ഞുകിട്ടാൻ മാസങ്ങൾ തന്നെയെടുക്കും. ഇത്തരത്തിൽ നൽകിയ ഇന്ധനത്തിന്റെ തുക പലർക്കും ഇനിയും പിരിഞ്ഞുകിട്ടാനുമുണ്ട്. ഇതിനിടയിൽ ക്രെഡിറ്റ് സൗകര്യം എടുത്തുകളഞ്ഞതോടെ ഇന്ധനം എടുക്കാൻ വൻതുക മുടക്കാനില്ലാതെ പമ്പുടമകൾ പ്രതിസന്ധിയിലായിരുന്നു. ഇത്തരം പ്രയാസങ്ങൾക്കിടയിലും കൃത്യമായി പണം അടച്ചിട്ടുപോലും ഇന്ധനം ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് പമ്പുടമകൾ പറയുന്നു. ഇന്ധനം സ്റ്റോക്കില്ലെന്ന് പറയുമ്പോൾ പണം നൽകാത്തതുകൊണ്ടല്ലേ ലഭിക്കാത്തതെന്ന ചോദ്യമാണ് ഉപഭോക്താക്കൾ ഉയർത്തുന്നതെന്നും ഇവർ പറയുന്നു. ഇന്ധനം ആവശ്യത്തിന് ലഭിക്കാത്തതിനാൽ എച്ച്പിസിഎല്ലിന്റെ നിരവധി പമ്പുകൾ പൂർണമായോ ഭാഗികമായോ അടഞ്ഞു കിടക്കുകയാണ്. ഈ സ്ഥിതി തുടർന്നാൽ രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കപ്പെടും. രാജ്യത്ത് മൊത്തത്തിൽ തന്നെ എച്ച്പിസിഎൽ പമ്പുകളിൽ ഇന്ധന ക്ഷാമം നേരിടുന്നുണ്ടെന്നും ഉക്രെയ്ൻ യുദ്ധസാഹചര്യത്തിൽ ഇന്ധനക്ഷാമം രൂക്ഷമായതും പ്രതിസന്ധി വർധിപ്പിക്കുന്നുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു. റിലയൻസ്, നയാര തുടങ്ങിയ സ്വകാര്യ കമ്പനികൾ റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നുണ്ടെങ്കിലും പ്രതിസന്ധി ഇവരെയും ബാധിച്ചിട്ടുണ്ട്.
നയാര പമ്പുകളും പലയിടങ്ങളിലും അടഞ്ഞുകിടക്കുന്ന സാഹചര്യമുണ്ട്. ഇതേസമയം ഇന്ധനക്ഷാമം നേരിടുമ്പോൾ നയാര, റിലയൻസ് പമ്പുകളിൽ വിപണി വിലയേക്കാൾ കൂടുതൽ ഈടാക്കുന്നതായും ആക്ഷേപമുണ്ട്. സ്വകാര്യ എണ്ണക്കമ്പനിയായ റിലയൻസ് പെട്രോളിന് ഏഴ് രൂപയും ഡീസലിന് മൂന്നു രൂപയുമാണ് അധികം ഈടാക്കുന്നത്. കഴിഞ്ഞ ദിവസം വരെ അഞ്ചു രൂപയായിരുന്നു പെട്രോളിന് അധികം വാങ്ങിയിരുന്നതെങ്കിൽ പിന്നീടത് ഏഴാക്കി ഉയർത്തുകയും മൂന്നുരൂപ അധികം വാങ്ങിയിരുന്ന ഡീസലിന് അഞ്ചാക്കി ഉയർത്തുകയുമായിരുന്നു. 105.94 രൂപയുള്ള പെട്രോളിന് റിലയൻസ് പമ്പിൽ 113 രൂപയും 94 രൂപയ്ക്കുള്ള ഡീസലിന് 99.7 രൂപയുമാണ് ഈടാക്കുന്നത്. മറ്റു പമ്പുകളിൽ ഇന്ധന ലഭ്യതക്കുറവുള്ള സാഹചര്യം മുതലെടുത്താണ് സ്വകാര്യ പമ്പുകൾ വൻ തുക ഈടാക്കുന്നത്. ഇതേസമയം ഇന്ധന ലഭ്യത കുറവായ സാഹചര്യത്തിൽ വില കൂട്ടി വില്പന കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി വില വർധിപ്പിക്കുന്നതെന്ന് ഡീലർമാർ പറയുന്നു.
English summary; petrol rate hike
You may also like this video;
&