Site icon Janayugom Online

പ്രധാനമന്ത്രിയുടെ ചികിത്സാനിധി കിട്ടാക്കനിയായി: ആശ്രയമറ്റ് ഗുരുതര രോഗ ബാധിതർ

PMNRF

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഗുരുതര രോഗം ബാധിച്ചർക്കു എംപിമാർ മുഖേന നൽകി വന്ന ചികിത്സാ സഹായം വെട്ടിക്കുറച്ചത് പുന: സ്ഥാപിക്കാൻ കൂട്ടാക്കാതെ കേന്ദ്രം. ഇതിനെതിരെ നിശിത വിമർശനവും എതിർപ്പുമായി സിപിഐ നേതാവ് ബിനോയ് വിശ്വം അടക്കമുള്ള പാർലമെന്റ് അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

കേന്ദ്ര സർക്കാർ കൈക്കൊണ്ടിട്ടുള്ള ക്രൂരവും നിന്ദ്യവുമായ നടപടി മൂലം കാൻസർ, വൃക്ക മാറ്റിവയ്ക്കൽ തുടങ്ങിയ ഗുരുതര രോഗങ്ങൾക്കു ചികിത്സയ്ക്കായി സഹായം പ്രതീക്ഷിച്ചു കാത്തിരിക്കുന്ന അനേകരാണ് ദുരിതത്തിലായിരിക്കുന്നത്. നേരത്തേ, എംപിമാർ മുഖേന വരുന്ന ഇത്തരം അപേക്ഷകൾ പരിഗണിക്കുകയായിരുന്നു പതിവ്. മൂന്നു ലക്ഷം വരെയാണ് സഹായധനമായി നൽകിയിരുന്നത്. കഴിഞ്ഞ വർഷം മുതൽ പൊടുന്നനെ ആവശ്യമായ ആലോചനകൾ പോലുമില്ലാതെ ഏകപക്ഷീയമായി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുകയായിരുന്നു.

ഒരുവർഷം എംപി ക്വോട്ടയിൽ പരമാവധി 35 പേരെ മാത്രം പരിഗണിച്ചാൽ മതി എന്നായിരുന്നു തീരുമാനം. ഒരു ലോകസഭാംഗത്തിന്റെ മണ്ഡലത്തിൽ നിന്ന് മാസത്തിൽ മൂന്നുപേർക്കു മാത്രം ചികിത്സാ സഹായം. ഇതിൽ പിന്നീട് കൂട്ടിച്ചേർക്കലുകൾ വരുത്തി, ഒരു ലോകസഭാ മണ്ഡലത്തിൽ നിന്ന് എംപി മുഖാന്തരം എത്രയധികം അപേക്ഷകൾ വന്നാലും മാസത്തിലൊരിക്കൽ മൂന്നുപേരെ തെരഞ്ഞെടുത്താൽ മതി എന്നാക്കി. ഇതോടെ, രോഗം ഗുരുതരമായി അടിയന്തര ചികിത്സ ആവശ്യമായിരിക്കുന്ന ആയിരക്കണക്കായ സാധുക്കൾ പ്രതീക്ഷയും ആശ്രയവുമറ്റ അവസ്ഥയായിരിക്കുകയാണ്. ചികിത്സാ സഹായം എന്നു കിട്ടും എന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. നറുക്കെടുപ്പിലൂടെ സഹായത്തിന് അർഹരായവർക്കു തന്നെ അതു കിട്ടാൻ ഒരു വർഷമെങ്കിലും കാത്തിരിക്കണം എന്നതാണ് സ്ഥിതി. അപ്പോൾ, നറുക്കു വീഴാത്തവരുടെ സ്ഥിതി പറയാതിരിക്കുകയാണു ഭേദം. രാജ്യസഭാംഗങ്ങൾ മുഖേന അപേക്ഷ സമർപ്പിച്ചവരുടെ ഗതിയും കഷ്ടത്തിൽ. സർക്കാരിന്റെ ചികിത്സാ സഹായം കാത്തിരുന്ന് ആവശ്യമായ ചികിത്സ ലഭിക്കാതെ മരണമടയുന്നവരുടെ എണ്ണവും ഏറുകയാണ്.

കഴിഞ്ഞ വർഷം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു ചികിത്സാ സഹായം നൽകാൻ ചെലവിട്ടത് 124 കോടി രൂപ മാത്രം. മുൻവർഷങ്ങളെ അപേക്ഷിച്ച് തുക കുറഞ്ഞു പോയി എന്ന ആക്ഷേപവുമുയർന്നിരുന്നു.

പാർലമെന്റ് അംഗങ്ങളുടെ വെട്ടിക്കുറച്ച ക്വോട്ട പുന: സ്ഥാപിക്കാൻ വൈകിക്കൂടെന്ന് ബിനോയ് വിശ്വം എംപി ആവശ്യപ്പെട്ടു. ഗുരുതര രോഗം ബാധിച്ച പാവപ്പെട്ടവരെ ദ്രോഹിക്കുന്ന നടപടിയാണിത്. കോർപറേറ്റുകൾക്കു വാരിക്കോരി കൊടുക്കാനുള്ള വ്യഗ്രതയിൽ രാജ്യത്തെ നിരാലംബരെക്കാണാത്ത മോഡി സർക്കാരിന്റെ മനോഭാവത്തിന്റെ മറ്റൊരു തെളിവാണിതെന്ന് ബിനോയ് വിശ്വം പറഞ്ഞു.

ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരിക്കെ, 1948ൽ പാകിസ്ഥാനിൽനിന്ന് പുറത്താക്കപ്പെട്ടവരെ സഹായിക്കാൻ അദ്ദേഹം നടത്തിയ അഭ്യർത്ഥനയെ തുടർന്ന് ലഭിച്ച സംഭാവനകൾ ഉൾപ്പെടുത്തി രൂപവത്കരിച്ചതാണ് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി. ഇതിലെ മുഴുവൻ തുകയും ജനങ്ങളുടെ സംഭാവനയാണ്. കേന്ദ്ര ബജറ്റിൽ ഇതിനായി പണം നീക്കിവയ്ക്കാറില്ല. അർബുദം, വൃക്ക മാറ്റിവയ്ക്കൽ തുടങ്ങിയവയ്ക്കു ചികിത്സാ സഹായം നൽകുന്നതിനു പുറമെ പ്രളയം, ഭൂകമ്പം, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളിലും വൻ അപകടങ്ങളിലും ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകാനുമാണ് ഫണ്ട് ഉപയോഗിക്കുന്നത്.

 

Eng­lish Sum­ma­ry: The Prime Min­is­ter’s Med­ical Fund has been squan­dered: the home­less and the seri­ous­ly ill

You may like this video also

Exit mobile version