Site icon Janayugom Online

10 വയസ് തികയുന്ന പോക്സോ നിയമം

2012 നവംബർ 14നാണ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻസ് ഫ്രം സെക്ഷൻ ഒഫൻസസ് ആക്ട് അഥവാ പോക്സോ നിയമം രാജ്യത്ത് നിലവിൽ വന്നത്. ലൈംഗിക അതിക്രമങ്ങളിൽ നിന്നും കുട്ടികൾക്ക് സംരക്ഷണം നല്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമമാണിത്.
രാജ്യത്തിന്റെ ഭരണഘടന ഉറപ്പുവരുത്തുന്ന കുട്ടികളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി പുതിയ നിയമനിർമ്മാണം, കുട്ടികളെ സംബന്ധിച്ചുള്ള അന്തർദേശീയ കരാറുകള്‍, ലോ കമ്മിഷനുകളുടെയും, പരമോന്നത നീതിന്യായ കോടതികളുടെയും വിവിധ വിധി പ്രസ്താവങ്ങള്‍ എന്നിവയുടെ ആകെത്തുകയാണ് 2012 ൽ നടപ്പിലാക്കപ്പെട്ട പോക്സോ നിയമം.
ആൺ — പെൺ വ്യത്യാസമില്ലാതെ ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന 18 വയസിൽ താഴെയുള്ള ഏതൊരാളെയും കുട്ടി എന്ന നിർവചനത്തിൽ ഉൾപ്പെടുത്തി നിയമസംരക്ഷണം ഉറപ്പുവരുത്തുന്ന “ജെൻട്രൽ ന്യൂട്രൽ” നിയമമെന്ന സവിശേഷതയും ഇതിനുണ്ട്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളിൽ പ്രതിയാകുന്നവർക്ക് കഠിനമായ ശിക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം, ഇരയാക്കപ്പെടുന്ന കുട്ടിയുടെ സംരക്ഷണത്തിനും ഭാവിക്കും പുനരധിവാസത്തിനും ആവശ്യമായ നടപടികൾ സ്വീകരിക്കുവാനും വ്യവസ്ഥകൾ ഉൾപ്പെടുത്തി എന്നത് നിയമത്തിലെ ഒരു പ്രധാന സംഗതിയാണ്. 2019 ൽ നിയമം കൂടുതൽ കർശനമാക്കുന്നതിനായി ചില വ്യവസ്ഥകളിൽ ഭേദഗതി കൊണ്ടുവന്നു. അതുപ്രകാരം നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നതിലേക്കുള്ള റൂൾസ് 2020 ല്‍ കേന്ദ്ര സർക്കാർ പാസാക്കിയിട്ടുണ്ട്. കുട്ടികൾക്കായുള്ള പ്രത്യേക നിയമം നിലവിൽ വരുന്നതിനു മുൻപ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകളായിരുന്നു ഇരയാക്കപ്പെടുന്ന കുട്ടിയുടെ പരാതിക്കാധാരമായ സംഗതികളിലെ കുറ്റങ്ങളെയും ശിക്ഷകളെയും നിർവചിച്ചിരുന്നത്. പ്രത്യേക നിയമം നടപ്പിലായതോടുകൂടി ഒരേസമയം ഇന്ത്യൻ ശിക്ഷാനിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചും, കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചും വിചാരണ നടത്തപ്പെടുന്ന സവിശേഷ സാഹചര്യമുണ്ടായി.


ഇതുകൂടി വായിക്കൂ: ഇന്ത്യയില്‍ ന്യൂനപക്ഷ പീഡനം


പരാതിക്കാരനും കുറ്റാരോപിതനും ന്യായമായ വിചാരണ ഉറപ്പുവരുത്തുന്ന നിയമവ്യവസ്ഥകൾ ഉൾപ്പെടുന്ന നീതിന്യായ സംവിധാനം നിലനില്ക്കുന്ന രാജ്യത്ത് ഇത്തരത്തിൽ പ്രത്യേക നിയമം പാസാക്കിയതിൽ സവിശേഷ പ്രാധാന്യമുണ്ട്. കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ ഉറപ്പുവരുത്തുന്നു എന്നതാണ് ഈ പ്രത്യേക നിയമത്തിന്റെ പ്രാധാന്യം. ശിക്ഷാവിധികൾ എന്നത് കുറ്റവാളിയായി കണ്ടെത്തുന്നയാളെ പരിഷ്കരിക്കുവാൻ, ചില സന്ദർഭങ്ങളിൽ പുനരധിവസിപ്പിക്കുവാൻ, മറ്റു ചിലപ്പോൾ സമൂഹത്തിന് മാതൃകയാകുന്ന തരത്തിൽ കഠിനമായ ശിക്ഷ എന്നിങ്ങനെ വിവിധ മാർഗങ്ങളാണ് നിയമ സംവിധാനം സ്വീകരിക്കുന്നത്. ഇതിൽ കുട്ടികൾക്ക് എതിരെ അതിക്രമം നടത്തുന്ന വ്യക്തികളെ കഠിനമായ ശിക്ഷ നൽകുന്നതിലൂടെ സമൂഹത്തിന് വ്യക്തമായ സന്ദേശം പോക്സോ നിയമം നല്കുന്നു. കുറ്റകൃത്യം സംബന്ധിച്ച് അടിസ്ഥാന വസ്തുതകൾ തെളിയിക്കുന്നതോടുകൂടി കുറ്റം ചെയ്തിട്ടില്ല എന്ന് തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതരിൽ വന്നുചേരുന്ന വിധത്തിലുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് നിയമം വിഭാവനം ചെയ്തിരിക്കുന്നത്. മറ്റ് പല ക്രിമിനൽ നിയമങ്ങളിലും പ്രതിക്കെതിരെയുള്ള കുറ്റം തെളിയിക്കേണ്ടത് പ്രോസിക്യൂഷന്റെ ചുമതലയാണെങ്കിൽ “താനല്ല കുറ്റം ചെയ്തത്” എന്ന് തെളിയിക്കേണ്ട ബാധ്യത പോക്സോ നിയമത്തിൽ കുറ്റാരോപിതനാണ്.
മാറുന്ന കാലത്ത് ആധുനിക വിവര സാങ്കേതിക വിദ്യകളുടെയും ഉപകരണങ്ങളുടെയുമൊക്കെ പ്രയോഗം കുറ്റകൃത്യങ്ങളുടെ രീതിയിലും പ്രയോഗത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കി. ഇത്തരം സാങ്കേതികവിദ്യകളുടെ വികാസം കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ ഡിജിറ്റൽ അതിക്രമങ്ങളെന്ന നിലയിൽ കൂടി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായി. കുട്ടിയോടുള്ള ലൈംഗിക അതിക്രമങ്ങൾ, കുട്ടിയുടെ നേരെയുള്ള ലൈംഗിക ചുവയുള്ള പദപ്രയോഗങ്ങൾ, ലൈംഗിക ഉദ്ദേശത്തോടുകൂടി ശരീരഭാഗങ്ങളുടെ പ്രദർശനം തുടങ്ങിയ അതിക്രമങ്ങളാണ് നിയമത്തിന്റെ പരിധിയിൽ വരുന്നത്. കുറ്റം ചെയ്യുന്നതിന് പ്രേരിപ്പിക്കുകയും കൂട്ടുനില്ക്കുകയും ചെയ്യുന്നതടക്കമുള്ള കുറ്റങ്ങൾക്ക് കാരണക്കാരാവുന്നവർ ഉൾപ്പെടെ വിചാരണ നേരിടേണ്ടിവരുന്നു എന്നതും, ലൈംഗിക അതിക്രമങ്ങൾക്ക് ശ്രമം നടത്തുന്നവരും കുറ്റവാളികൾ എന്ന നിർവചനത്തിൽ വരുന്നു എന്നതും, അതിക്രമം സംബന്ധിച്ച് വിവരം മറച്ചുവയ്ക്കുന്നതും, ആയത് അധികാരികളെ അറിയിക്കാതിരിക്കുന്നതും പോക്സോ നിയമം അനുസരിച്ച് കുറ്റകരമായ പ്രവർത്തിയാണ്.
ലൈംഗിക അതിക്രമം നേരിട്ടത് സംബന്ധിച്ച് കുട്ടിയിൽ നിന്നോ മറ്റേതെങ്കിലും രീതിയിലോ വിവരം ലഭിച്ചതു മുതൽ വിചാരണ പൂർത്തിയാക്കപ്പെട്ട് ശിക്ഷ വിധിക്കുന്നത് വരെയും, തുടർന്നും അനുവർത്തിക്കേണ്ട നടപടികൾ, കുട്ടിയുടെ മൊഴി രേഖപ്പെടുത്തൽ, മെഡിക്കൽ പരിശോധന, രഹസ്യ മൊഴി രേഖപ്പെടുത്തൽ, വിചാരണ, നഷ്ടപരിഹാരം, പുനരധിവാസം തുടങ്ങിയവ സമഗ്രമായി നിയമം പ്രതിപാദിക്കുന്നു. കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കുവാൻ സ്വീകരിക്കേണ്ട നടപടികൾ, അതിക്രമം സംബന്ധിച്ചുള്ള വാർത്തകളിൽ മാധ്യമങ്ങൾക്കുള്ള അതിർവരമ്പുകൾ തുടങ്ങിയവയ്ക്കൊപ്പം നിയമം സംബന്ധിച്ചുള്ള സമഗ്രമായ അവബോധം പൊതുസമൂഹത്തിൽ ഉണ്ടാക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികള്‍, നിയമം നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്നത് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ, ശിക്ഷാവിധി എന്നിവയൊക്കെ നിയമത്തിൽ കൃത്യമായി വ്യവസ്ഥ ചെയ്യുന്നു.


ഇതുകൂടി വായിക്കൂ: പോക്സോ നിയമം 2012: കുട്ടികൾക്കൊരു സംരക്ഷണ വലയം


അതിജീവിതരെ തിരിച്ചറിയും വിധത്തിൽ കേസിലെ വസ്തുതകൾ സംബന്ധിച്ചുള്ള വിവരണം പരസ്യപ്പെടുത്തുന്നത് കുട്ടികളുടെ സ്വകാര്യതയുടെ മേലുള്ള അതിക്രമവും കടന്നുകയറ്റവും ആയതിനാൽ ഇത്തരം കേസുകൾ സംബന്ധിച്ചുള്ള വിചാരണ നടപടികൾ വളരെ സൂക്ഷ്മബോധ്യസ്വഭാവമുള്ളതാണ്.
കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ വിചാരണ ചെയ്യുന്നതിന് ജില്ലാ ജഡ്ജി പദവിയുള്ളയാൾ ന്യായാധിപനായി പ്രത്യേക കോടതി ഉണ്ടാകേണ്ടതുണ്ടെന്ന് നിയമം പറയുന്നു. ഇരയായ കുട്ടികൾക്ക് സഹായം നൽകുന്നതിന് വേണ്ടിയിട്ടുള്ള സംവിധാനങ്ങൾ, ഭാവിജീവിത സംരക്ഷണത്തിനും പുനരധിവാസത്തിനും ഉള്ള നടപടികൾ എന്നിവയെല്ലാം സമഗ്രമായി പ്രതിപാദിക്കുന്നു.
നിയമത്തെ സമഗ്രമായി വിശകലനം ചെയ്തുകൊണ്ടുള്ള അപ്പീൽ കോടതി വിധികൾ ശക്തമായി നിയമം നടപ്പിലാക്കുന്നതിന് സഹായകരമാകുന്നുണ്ട്.
കുട്ടിയുടെ പ്രായം കണക്കാക്കേണ്ടത് എങ്ങനെ എന്ന് നിയമത്തിൽ പ്രത്യേകം വ്യവസ്ഥ ചെയ്തില്ലെങ്കിലും സുപ്രീം കോടതി, “ജെർണയിൽ സിങ് കേസ്” വിധിയെ അടിസ്ഥാനപ്പെടുത്തി “ബാലനീതി നിയമത്തിലെ വ്യവസ്ഥകൾ” കുട്ടിയുടെ പ്രായം നിർണയിക്കുന്നതിലേക്ക് പോക്സോ കേസുകളിൽ പരിഗണിക്കാം എന്ന് നിരീക്ഷിച്ചത് രാജ്യത്തെ നിയമമായി നിലനില്ക്കുന്നു.
ദുരുപയോഗം ചെയ്യപ്പെടുവാനുള്ള ശ്രമങ്ങൾ ഉണ്ട് എന്ന ആരോപണങ്ങൾ പല നിയമങ്ങളെ സംബന്ധിച്ചും ഉയർത്തപ്പെടാറുള്ള പോലെ പോക്സോ നിയമത്തെ സംബന്ധിച്ചും നിലനില്ക്കുന്നുണ്ട്. ആദിവാസി സമൂഹങ്ങളിൽ ചിലർക്കിടയിൽ നിലനില്ക്കുന്ന പരമ്പരാഗത വിവാഹരീതി അനുസരിച്ച് 18 വയസിനു മുൻപ് സമുദായ ആചാരമനുസരിച്ച് വിവാഹം നടത്തപ്പെടുന്ന ചില സംഭവങ്ങൾ ഉണ്ട്. പലപ്പോഴും ഇരയുടെ മാതാപിതാക്കൾ ഉൾപ്പെടെ കേസിൽ പ്രതിസ്ഥാനത്ത് വരാറുമുണ്ട്. കുട്ടികൾക്കെതിരെയുള്ള എല്ലാത്തരം ലൈംഗിക അതിക്രമങ്ങളും പ്രസ്തുത നിയമത്തിന്റെ പരിധിയിൽ വരുന്നതിനാലും, മറ്റേത് നിയമങ്ങൾക്കും മുകളിൽ നിലനിൽക്കുന്ന പ്രത്യേക നിയമം എന്ന നിലയിലും വിവാഹം കഴിച്ചു എന്നതുകൊണ്ട് മാത്രം പോക്സോ നിയമപ്രകാരമുള്ള കേസ് വിചാരണ നടപടികളിൽ നിന്നും ഒഴിവാക്കാനാകില്ല എന്ന് പരമോന്നത കോടതി വിധികൾ നിലവിലുണ്ട്. എന്നാൽ ഇത്തരം സംഭവങ്ങളിൽ അതിക്രമത്തിനിരയായി കുഞ്ഞു ജനിച്ച ശേഷമോ അതിന് മുൻപോ, പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു വിചാരണ നടന്നുവരവേ, പ്രായപൂർത്തിയായ ശേഷം വിവാഹിതരായി ഭാര്യ — ഭർതൃ ബന്ധം പുലർത്തി ജീവിക്കുന്നവരുടെ കാര്യത്തിൽ “അതിജീവിതയുടെ ഭാവി ജീവിതസംരക്ഷണം” എന്ന പരിഗണനയിൽ ഉന്നത നീതിപീഠങ്ങളിൽ നിന്ന് തുടർ നിയമനടപടികൾ അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവുകൾ ഉണ്ടാകുന്നുമുണ്ട്. ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18 വയസായി വർധിപ്പിക്കണം എന്നത് വിവാദമായ സൂര്യനെല്ലി കേസിന്റെ വിധിപ്രസ്താവത്തിൽ കേരള ഹൈക്കോടതി നിരീക്ഷിച്ചിട്ടുള്ളതാണ്. പോക്സോ നിയമം നിലവിൽവന്ന ശേഷം കൗമാര പ്രണയം സംബന്ധിച്ചുള്ള പരാതികളിന്മേൽ എടുക്കപ്പെടുന്ന ലൈംഗികകേസുകളുടെ വിചാരണയിൽ ചില മാനുഷിക വശങ്ങൾ നേരിടുന്നുണ്ട്.


ഇതുകൂടി വായിക്കൂ:  2.26 ലക്ഷം പോക്സോ കേസുകള്‍ കെട്ടിക്കിടക്കുന്നു


നിർഭയ കേസിന്റെ വിധി പ്രസ്താവത്തെ തുടർന്നാണ് 12 വയസിൽ താഴെയുള്ള കുട്ടികളോടുള്ള കഠിനതരമായ ലൈംഗിക അതിക്രമത്തില്‍ പ്രതിയായി വിചാരണ നേരിടുന്ന ആൾക്ക് വധശിക്ഷ ഉൾപ്പെടെ വ്യവസ്ഥ ചെയ്തും, ബാലനീതി നിയമം നിലനിൽക്കവേ തന്നെ ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെടുന്ന മൈനർ വ്യക്തിക്ക് ശിക്ഷ ഇളവ് നൽകേണ്ടതില്ല എന്നുമുള്ള നിരീക്ഷണം ഉണ്ടായത്. അന്വേഷണത്തിലെയോ വിചാരണവേളയിലെയോ വീഴ്ചകൾ അതിജീവിതയ്ക്ക് നീതിനിഷേധിക്കാൻ കാരണമാകരുതെന്നും വിചാരണവേളയിൽ കോടതികൾ മൂകസാക്ഷികൾ ആകരുതെന്നും കേരള ഹൈക്കോടതിയുടെ നിരീക്ഷണമുണ്ട്.
ആദ്യഘട്ടങ്ങളിൽ ജില്ലാകേന്ദ്രങ്ങൾ ആസ്ഥാനമാക്കി പ്രത്യേക കോടതികളാണ് വിചാരണ നടത്തിവന്നിരുന്നത്. പിന്നീട് 28 അതിവേഗകോടതികൾ സ്ഥാപിക്കപ്പെട്ടതുപ്രകാരം കേരളത്തിൽ പോക്സോ കേസുകളുടെ തീർപ്പാക്കലിന് കൂടുതൽ വേഗം കൈവന്നിട്ടുണ്ട്. സുപ്രീം കോടതി മാർഗനിര്‍ദ്ദേശങ്ങൾക്ക് വിധേയമായും, കേന്ദ്ര സഹായത്തോടെയും 28 കോടതികൾ കൂടി ആരംഭിക്കാനുള്ള നടപടിക്രമങ്ങളിലാണ് കേരളം.
നിയമവ്യവസ്ഥകൾ സംബന്ധിച്ചും വ്യാഖ്യാനം സംബന്ധിച്ചും ഏതെങ്കിലും തരത്തിലുള്ള അവ്യക്തത നിലവിലുണ്ടെങ്കിൽ ആയത് നിയമ ഭേദഗതികളിലൂടെയും, ഭരണഘടനാ കോടതി വിധികളിലൂടെയും പരിഹരിക്കപ്പെട്ട് ലൈംഗിക അതിക്രമങ്ങളിൽ നിന്നും കുട്ടികൾക്ക് സംരക്ഷണം നല്കുന്ന ശക്തമായ നിയമം രാജ്യത്ത് തുടരേണ്ടതുണ്ട്.

(ആറ്റിങ്ങൽ പോക്സോ കോടതിയിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാണ് ലേഖകന്‍)

Exit mobile version