1.
പട്ടിക്കൂടിൽ
ഒരു പട്ടി
കിടന്നുറങ്ങുന്നുണ്ട്.
വീടിനു കാവൽ,
നാഥനു കൂലി…
2.
ആമയിഴഞ്ചാൻ തോട്ടിൽ
ആമയെപ്പോലെയിഴഞ്ഞു
ദുരിതക്കടൽ നീന്തി
നരകവാതിൽ കടന്നു
അപ്രത്യക്ഷനാകൂ,
അങ്ങേവശത്ത്
അധികാരികൾ
കാത്തിരിപ്പുണ്ട്
കോരിയെടുക്കാൻ…
3.
കാത്തിരിക്കുന്നു
സ്വർലോകം
പക്ഷേ,
ഇഴയേണ്ടതോ
മലം നിറഞ്ഞ ദ്വാരത്തിലൂടെ.
4.
കൊതുകിന്റെ
ചുമലേറി
പനിക്കുളിരിൽ
അയാൾ കുറിക്കുന്ന
കവിതകൾക്ക്
എന്തൊരു ചൂട്!
എന്നിട്ടും അനുവാചകൻ
തിരിഞ്ഞുനടക്കുന്നു,
‘പനിയെങ്ങാൻ പടർന്നാലോ…’
5.
നിപ്പ, ഡെങ്കി…
വൈറസ് കൂനയിൽ
മരിക്കുന്നു
കൂനൻറെ സ്വപ്നം…
6.
കുന്നുകൂടുന്ന
പ്ലാസ്റ്റിക് വേസ്റ്റിന്നിടയിൽ
ഞെരുങ്ങുന്നു സൂര്യൻ,
മണ്ണിടിഞ്ഞതിലാഴുന്നു വായു
ജലത്തിലൊടുങ്ങുന്നു
ചില ജന്മങ്ങൾ,
ശേഷിച്ചവർ ജീവിക്കുന്ന
ഫോസ്സിലായി
കണ്ണാടിക്കൂട്ടിൽ
കാലം കഴിക്കുന്നു.
7.
നിരീക്ഷണം -
കേരളസ്റ്റേറ്റ് ഒരു പ്ലാസ്റ്റിക് വേസ്റ്റ്!