Site iconSite icon Janayugom Online

ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കാനിരുന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിന് അനുമതി നിഷേധിച്ച് പൊലീസ്

ഡൽഹിയും ആന്ധ്രപ്രദേശും തമ്മിലുള്ള വിജയ് ഹസാരെ ട്രോഫി മത്സരത്തിന് അനുമതി നിഷേധിച്ച് കര്‍ണാടക പൊലീസ്. ഗുരുതര സുരക്ഷാപ്രശ്നവും ജനക്കൂട്ട നിയന്ത്രണ വെല്ലുവിളിയും ചൂണ്ടിക്കാട്ടിയാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കാൻ ഉദ്ദേശിച്ച മത്സരത്തിന് അനുമതി നിഷേധിച്ചത്. 

ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരം സുരക്ഷാസമിതി തിങ്കളാഴ്ച സ്റ്റേഡിയം സന്ദർശിച്ചിരുന്നു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്റ്റേഡിയം പരിശോധിച്ചു. ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് പ്രകാരം ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് അനുമതി നൽകിയിട്ടില്ല.കമ്മിറ്റി വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും പൊലീസ് കമ്മീഷണര്‍ സീമന്ത് കുമാർ സിങ് അറിയിച്ചു.കൂടാതെ മത്സരത്തില്‍ വിരാട് കോഹ്‌ലി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ വൻതോതിൽ ആരാധകരെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് വെങ്കിടേഷ് പ്രസാദ് സംസ്ഥാന ആഭ്യന്തര മന്ത്രി ജി പരമേശ്വരയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പൊലീസ് നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. വിജയ് ഹസാരെ ട്രോഫി മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ചിന്നസ്വാമി സ്റ്റേഡിയം അനുയോജ്യമാണോ എന്ന് പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി സമിതി രൂപീകരിച്ചതായി അദ്ദേഹം തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ജൂൺ നാലിന് റോയൽ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലുംതിരക്കിലും 11 പേർ മരിച്ചിരുന്നു.

Exit mobile version