മോട്ടോര്‍സൈക്കിളില്‍ സഞ്ചരിച്ച യുവാവിനേയും സുഹൃത്തിനേയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തെ പൊലീസ് പിടികൂടി. ശക്തികുളങ്ങര കന്നിമേല്‍ ചേരി മണ്ണാശ്ശേരി പടിഞ്ഞാറ്റതില്‍ യദുകൃഷ്ണന്‍ (23), സഹോദരന്‍ ഹരികൃഷ്ണന്‍ (26), ശക്തികുളങ്ങര മീനത്ത് ചേരികാവനാട് പറയോട്ടില്‍ പടിഞ്ഞാറ്റതില്‍ രാജീവ് (27), മീനത്ത് ചേരിമണ്ണത്താഴത്ത് വീട്ടില്‍ രാജീവ് (28) എന്നിവരാണ് പിടിയിലായത്. ശക്തികുളങ്ങര കാട്ടയ്യത്ത് മുക്കിലൂടെ ബൈക്കില്‍ യാത്ര ചെയ്ത് വന്ന പ്രജിത്തിനേയും സുഹൃത്ത് സോമുവിനേയുമാണ് ഇവര്‍ ആക്രമിച്ചത്. ബൈക്ക് തടഞ്ഞ് നിര്‍ത്തി സോമുവിനെ പിടിച്ചിറക്കി ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച പ്രിജിത്തിനെ കോണ്‍ക്രീറ്റ് കഷണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളേയും സുഹൃത്തിനേയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശക്തികുളങ്ങര ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിലുണ്ടായ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്. തുടര്‍ന്ന് പ്രതികളെ ശക്തികുളങ്ങര ഹാര്‍ബറിന്റെ പരിസരത്ത് നിന്നും പിടികൂടുകയായിരുന്നു. ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ ബിജു യു വിന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ആശ ഐ വി, പ്രകാശ്, എഎസ്ഐമാരായ അനില്‍കുമാര്‍, ക്രിസ്റ്റി, സിപിഒ നൗഫല്‍ ഹോംഗാര്‍ഡ് ഗുഹാനന്ദന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.