Site iconSite icon Janayugom Online

ചേലക്കരയുടെ രാഷ്ട്രീയ പുരാവൃത്തങ്ങൾ

പേരാറിന്റെ തീരഗ്രാമമാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര. തിരുവില്വാമല മുതൽ ദേശമംഗലംവരെ നിളാനദി ഏറെദൂരം ചേലക്കരയെ തഴുകിയാണൊഴുകുന്നത്. കേരളത്തിന്റെ വർത്തമാന ചരിത്രത്തിൽ പുകഴ്‌പെറ്റ നവോത്ഥാന രാഷ്ട്രീയ സാംസ്കാരിക മുന്നേറ്റങ്ങളുടെ വിളനിലമാണ് ഈ നിളാതീരദേശം. നവോത്ഥാന ചരിത്രത്തിലെ സ്ത്രീവിമോചന നായിക എന്ന് വി ടി ഭട്ടതിരിപ്പാട് വാഴ്ത്തിയ താത്രിക്കുട്ടി പിറന്നത് ചേലക്കരയ്ക്ക് പടിഞ്ഞാറ് ദേശമംഗലത്തിനടുത്ത കല്പകഞ്ചേരിയിലാണ്. നിളയുടെ തീരഗ്രാമമായ ചെറുതുരുത്തിയിലാണ് മഹാകവി വള്ളത്തോളും മുകുന്ദരാജാവും സ്ഥാപിച്ച കേരള കലാമണ്ഡലം 1936 മുതൽ പ്രവർത്തിച്ചുവരുന്നത്. മഹാകവി വള്ളത്തോൾ ഋഗ്വേദം തർജമ ചെയ്തതും ചെറുതുരുത്തിയിൽ വച്ചാണ്. കഥകളിയും കൂത്തും കൂടിയാട്ടവും തുള്ളലും മോഹിനിയാട്ടവും പഞ്ചവാദ്യവും മേളങ്ങളും സിംഫണി തീർക്കുന്ന ചേലക്കര കേരളീയ കലകളുടെ കേളീരംഗമാണ്.
കേരളീയ നവോത്ഥാനത്തിന്റെ സർഗാവിഷ്കാരമായ തുള്ളൽക്കലയുടെ ഉപജ്ഞാതാവ് കുഞ്ചൻ നമ്പ്യാർ ജനിച്ച കിള്ളിക്കുറിശി മംഗലത്തെ കലക്കത്ത് ഭവനം ഭാരതപ്പുഴയ്ക്കക്കരെ ചേലക്കരയ്ക്ക് വിളിപ്പാടകലെയാണ്. സഹ്യന്റെ താഴ്‌വരകളുടെ പ്രകൃതി ലാവണ്യത്തിലും വള്ളുവനാടൻ സംസ്കൃതിയിലും അഭിരമിച്ച കളിയച്ഛൻ മഹാകവി പി കുഞ്ഞിരാമൻ നായർ മതിമറന്നാടിയ നിളാതീരമാണ് ചേലക്കരയുടെ കിഴക്കൻ മലയടിവാരമായ തിരുവില്വാമല. പഞ്ചവാദ്യത്തിന്റെ ഉപജ്ഞാതാവ് വെങ്കിച്ച സ്വാമിയും അധുനിക മലയാള സാഹിത്യ സാമ്രാട്ട് വികെഎന്നും കവികളായ ഓട്ടൂർ ഉണ്ണിനമ്പൂതിരിപ്പാടും ദേശമംഗലം രാമകൃഷ്ണനും ആറ്റൂർ രവിവർമ്മയും കഥാകൃത്തുക്കളായ കെ പി നിർമ്മൽകുമാറും അഷിതയും കഥകളി ആചാര്യന്മാരായ ശങ്കരപ്പണിക്കരും ചാത്തുണ്ണിപ്പണിക്കരുമൊക്കെ അരങ്ങുവാണ കാവുങ്കൽ കളരിയും തിച്ചൂർ, പാഞ്ഞാൾ, തിരുവില്വാമല തുടങ്ങിയ പൈതൃക കലാ ഗ്രാമങ്ങളും നിളാ സംസ്കൃതിയിൽ വിടർന്ന ചേലക്കരയുടെ സൗഭാഗ്യങ്ങളാണ്. 

വാതിൽപ്പുറ ചിത്രീകരണം ആരംഭിച്ചകാലം മുതൽ മലയാള ചലച്ചിത്രാലേഖനങ്ങൾക്ക് രംഗവേദിയായ ഇടങ്ങളാണ് ചേലക്കരയിലെ പാഞ്ഞാൾ, തിരുവില്വാമല, ചെറുതുരുത്തി ഗ്രാമങ്ങൾ. ഇപ്പോൾ വള്ളത്തോൾ നഗർ എന്ന പേരിലറിയപ്പെടുന്ന ലോക പ്രശസ്തമായ ഗ്രാമമാണ് കേരളകലാമണ്ഡലം സ്ഥിതിചെയ്യുന്ന ചെറുതുരുത്തി. തിരുവില്വാമലയുടെ മടിത്തട്ടിൽ നെയ്തെടുക്കുന്ന വിശ്രുതമായ കുത്താമ്പുള്ളി കൈത്തറി, ചേലക്കരയുടെ വരദാനമാണ്. തിരുവില്വാമല ശ്രീരാമക്ഷേത്രം, പറക്കോട്ടുകാവ്, പഴയന്നൂർ, തളി ക്ഷേത്രങ്ങളും കാളിയാറോഡ് ചന്ദനക്കുടം നേർച്ചയും മായന്നൂർ താലപ്പൊലിയും ഇരുനിലംകോട് ഷഷ്ഠിയും ബഹുവർണ നിലക്കാവടികളും പ്രാക്തന നാടൻ കലാരൂപങ്ങളുമൊക്കെ ചേലക്കരയുടെ വൈവിധ്യമാർന്ന സാംസ്കാരിക വിശേഷങ്ങളാണ്.
പഴയ കൊച്ചി രാജ്യത്തിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ വടക്കുകിഴക്കൻ മേഖലയായ ചേലക്കര നഗരവൽക്കരണം തൊട്ടുതീണ്ടാത്ത മലയോര കാർഷിക മേഖലയാണ്. അധികപക്ഷവും കർഷകരും കർഷകത്തൊഴിലാളികളും പട്ടികജാതി — പിന്നാക്ക ജനവിഭാഗങ്ങളും തിങ്ങിപ്പാർക്കുന്ന പ്രദേശവുമാണിത്. ന്യൂനപക്ഷ മതവിഭാഗങ്ങളിൽ പെട്ടവരും ഇതര ജാതി- മതസ്ഥരും സമ്മിശ്രമായി ജീവിക്കുന്ന ചേലക്കര, മതനിരപേക്ഷ ജീവിത സംസ്കാരത്തിന്റെ കളിത്തൊട്ടിലാണ്. ചരിത്രത്തിൽ ഒരു കാലത്തും ഏതെങ്കിലും തരത്തിലുള്ള വർഗീയ സംഘർഷങ്ങൾക്ക് ഇന്നേവരെ ചേലക്കര ഇടം നല്‍കിയിട്ടില്ല. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിനും മതേതര പുരോഗമന പ്രസ്ഥാനങ്ങൾക്കും വളക്കൂറുള്ള മണ്ണായിരുന്നു ചേലക്കര. 

1939ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി കേരള ഘടകം രൂപം കൊള്ളുന്നത്. രൂപീകരണ യോഗത്തിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചത് ചേലക്കരയ്ക്കടുത്ത കിള്ളിമംഗലത്ത് സഖാവ് പിഎൻ എന്നറിയപ്പെടുന്ന പി നാരായണൻ നായരുടെ വീട്ടിൽ വച്ചായിരുന്നു. പിഎൻ അക്കാലത്തു തന്നെ ദേശീയപ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായി അറിയപ്പെട്ടിരുന്നു. കെപിസിസി സെക്രട്ടറിയും മാതൃഭൂമി പത്രാധിപരുമൊക്കെയായിരുന്ന പിഎന്നിന്റെ വീട്ടിൽ പി കൃഷ്ണപിള്ളയും ഇഎംഎസും കെ ദാമോദരനും സി ഉണ്ണിരാജയും കെ കെ വാരിയരും പി എസ് നമ്പൂതിരിയും ഉൾപ്പെടെ ഭാരതപ്പുഴയ്ക്ക് തെക്ക് കൊച്ചിയിലും തിരുവിതാംകൂറിലും പ്രവർത്തിച്ചിരുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം ദിവസങ്ങൾക്കു മുമ്പു തന്നെ ഒത്തുചേർന്നു. 

സമ്മേളനം ആരംഭിക്കുന്നതിന്റെ തൊട്ടു മുമ്പത്തെ ദിവസങ്ങളിൽ ഈ നേതാക്കളെല്ലാം പൊലീസിന് പിടികൊടുക്കാതെ ഒറ്റയ്ക്കൊറ്റയ്ക്കായി പൈങ്കുളം വഴി ഭാരതപ്പുഴ കടന്ന് ഷൊർണൂരെത്തി രഹസ്യമായി തീവണ്ടി കയറി തലശേരിയിലിറങ്ങി പിണറായിയിലെത്തിയാണ് പാറപ്രത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്തത്. ആ സമ്മേളനം കൈക്കൊണ്ട ജന്മിത്വം അവസാനിപ്പിക്കണമെന്ന ചരിത്രപ്രസിദ്ധമായ തീരുമാനമാണ് ഐക്യകേരളത്തിൽ അധികാരത്തിൽ വന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ 1957ൽ യാഥാർത്ഥ്യമാക്കിയത്. കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണവും തീരുമാനങ്ങളുമെല്ലാമായി ചേലക്കരയ്ക്ക് ഇങ്ങനെയൊരു ചരിത്ര ബാന്ധവമുണ്ടെന്ന് ഓർമ്മപ്പെടുത്തുകയാണ്.

1957ലെ ആദ്യത്തെ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ചേലക്കര എന്ന പേരിൽ ഒരു മണ്ഡലം ഉണ്ടായിരുന്നില്ല. ജനറൽ, പട്ടികജാതി വിഭാഗങ്ങൾക്കായി സംവരണം ചെയ്യപ്പെട്ട വടക്കാഞ്ചേരി ദ്വയാംഗ മണ്ഡലത്തിന്റെ ഭാഗമായിരുന്നു ചേലക്കര. 1967ൽ മൂന്നാം കേരള നിയസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ആദ്യമായി ചേലക്കര പട്ടികജാതി സംവരണ മണ്ഡലം നിലവിൽ വരുന്നത്. വടക്കാഞ്ചേരി ദ്വയാംഗ മണ്ഡലത്തിൽ നിന്ന് 1957ലെ പ്രഥമ തെരഞ്ഞെടുപ്പിൽ പട്ടിക വിഭാഗത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച സി സി അയ്യപ്പൻ വിജയിച്ച വിപ്ലവ പാരമ്പര്യമാണ് ചേലക്കരയ്ക്കുള്ളത്. സംവരണ മണ്ഡലം രൂപീകൃതമായ 1967 മുതൽ തുടര്‍ച്ചയായി കോൺഗ്രസ് സ്ഥാനാർത്ഥികളാണ് വിജയിച്ചുവന്നത്. എന്നാൽ 1996ലെ പത്താം കേരള നിയമസഭാ തെരഞ്ഞെടുപ്പു മുതൽ ചരിത്രം വഴിമാറി. തുടർച്ചയായി നാലു തവണ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച കെ രാധാകൃഷ്ണനെ വിജയിപ്പിച്ച് ചേലക്കര അതിന്റെ കമ്മ്യൂണിസ്റ്റ് പാരമ്പര്യം വീണ്ടെടുത്തു. 

2016ൽ പതിനാലാം കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു ആർ പ്രദീപ് ആദ്യമായി ചേലക്കരയിൽ നിന്ന് മത്സരിച്ചു. അന്ന് അഞ്ചാം തവണയും തുടർച്ചയായി ഇടതു മുന്നണി വിജയിച്ചു. 16,400 വോട്ടിന്റെ മികച്ച ഭൂരിപക്ഷം അന്ന് പ്രദീപിന് ലഭിച്ചു. കോവിഡിനു ശേഷം 2021ൽ നടന്ന തെരഞ്ഞെടുപ്പിൽ കെ രാധാകൃഷ്ണൻ വീണ്ടും ജനവിധി തേടി. ആകെ പോൾ ചെയ്തതിന്റെ 54.41 ശതമാനം വോട്ടും (മുഖ്യ എതിരാളിക്ക് ലഭിച്ചതിന്റെ ഏകദേശം ഇരട്ടിയോളം) 39,400 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷവും നേടി അഞ്ചാം തവണ രാധാകൃഷ്ണൻ ഒരിക്കൽകൂടി നിയമസഭയിലെത്തി പട്ടികജാതി വികസന ക്ഷേമ- ദേവസ്വം വകുപ്പുമന്ത്രിയായി. 

2024ൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നപ്പോൾ 2019ൽ നഷ്ടപ്പെട്ട ആലത്തൂർ സംവരണ മണ്ഡലം തിരിച്ചു പിടിക്കണമെന്ന് എൽഡിഎഫ് തീരുമാനിച്ചു. മന്ത്രിസ്ഥാനമൊഴിഞ്ഞ് കെ രാധാകൃഷ്ണൻ ആലത്തൂരിൽ നിന്ന് പാർലമെന്റിലേക്ക് മത്സരിച്ചു. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ മറ്റെല്ലാ പാർലമെന്റ് സീറ്റുകളിലും പരാജയപ്പെട്ടപ്പോൾ ആലത്തൂരിൽ കെ രാധാകൃഷ്ണൻ 20,171 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫിന് ആശ്വാസ വിജയം സമ്മാനിച്ചു. അത്രയും പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിലും 5,600ലധികം വോട്ടുകളുടെ ഭൂരിപക്ഷം കെ രാധാകൃഷ്ണന് സമ്മാനിച്ച അസംബ്ലി മണ്ഡലമാണ് ചേലക്കര.
അന്ന് കേരളം മുഴുവൻ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോൾ ചേലക്കര അസംബ്ലി സെഗ്മെന്റിലും ആലത്തൂർ പാർലമെന്റ് സീറ്റിലും രാധാകൃഷ്ണൻ പരാജയപ്പെടുത്തിയ യുഡിഎഫ് സ്ഥാനാർത്ഥിയെയാണ് ഈ ഉപതെരഞ്ഞെടുപ്പിൽ യു ആർ പ്രദീപ് നേരിടുന്നത്. അതുകൊണ്ടു തന്നെ 2016 മുതൽ ചേലക്കര എംഎൽഎയായി മികച്ച പ്രവർത്തനം കാഴ്ചവച്ച് ചേലക്കരയുടെ ഹൃദയം കവർന്ന യു ആർ പ്രദീപിന്റെ വിജയം സുനിശ്ചിതമാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ചേലക്കരയിലെ ജനങ്ങൾ തോല്പിച്ച സ്ഥാനാർത്ഥി വീണ്ടും നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത് പരിഹാസ്യമാണ്. പിന്നിട്ട 28 വർഷക്കാലമായി ചേലക്കര മണ്ഡലത്തിന്റെ എല്ലാ പ്രദേശങ്ങളിലും അന്യാദൃശമായ വികസന മുന്നേറ്റം കാഴ്ചവച്ച കെ രാധാകൃഷ്ണന്റെയും യു ആർ പ്രദീപിന്റെയും പ്രവർത്തനങ്ങൾക്ക് ചേലക്കര നാളെ അതിന്റെ ഹൃദയത്തിൽ നിന്നുയരുന്ന സ്നേഹത്തിന്റെ വിജയമുദ്ര ചാർത്തുമെന്നു തന്നെയാണ് രാഷ്ട്രീയ രംഗത്തെ വിലയിരുത്തല്‍.

Exit mobile version