Site iconSite icon Janayugom Online

പൂരത്താലാറാട്ട്- കൊല്ലം പൂരം

അഴകിന്റെ കുടമാറ്റവും മേളക്കൊഴുപ്പും നിറഞ്ഞ പകല്‍. എണ്ണം പറഞ്ഞ കൊമ്പന്‍മാര്‍ക്കൊപ്പം വാദ്യകലയിലെ കുലപതിമാരും ഒത്തുചേര്‍ന്നതോടെ കാഴ്ചയുടെ പൂരത്തിന് മേളത്തികവ്. കരിവീരന്മാരുടെ മുകളില്‍ കയറിയ വര്‍ണക്കുടകളുടെ അലുക്കുകളില്‍ സായാഹ്നസൂര്യന്‍ കളംവരച്ചു. മഹാമാരിക്കുശേഷം ഇതാദ്യമായി ആശ്രാമം മൈതാനം നിറഞ്ഞുകവിഞ്ഞു. ആനച്ചന്തവും മേളപ്പെരുക്കവും കണ്‍നിറയെ പുരുഷാരം ആസ്വദിച്ചു. പാണ്ടിയും പഞ്ചാരിയും ഹൃദയത്തിലാവാഹിച്ച് ആസ്വാദകര്‍ അന്തരീക്ഷത്തില്‍ കളംവരച്ചു. പൂരലഹരിയില്‍ കൊല്ലം നഗരം മതിമയങ്ങി.
രാവിലെ മുതല്‍ തന്നെ നഗരത്തിലെ ക്ഷേത്രങ്ങളില്‍ നിന്ന് ചെറുപൂരങ്ങള്‍ ആരംഭിച്ചിരുന്നു. ദേവീദേവന്മാര്‍ ആശ്രാമം കണ്ണനെ മുഖം കാണിച്ചു. തുടര്‍ന്നായിരുന്നു ആന നീരാട്ട്. ക്ഷേത്രാങ്കണത്തില്‍ സജ്ജീകരിച്ചിരുന്ന ‘ഷവറി‘നടിയില്‍ നിന്ന് കൊമ്പന്മാര്‍ വിസ്തരിച്ചു കുളിച്ചു. പിന്നീട് ക്ഷേത്രത്തിന്റെ മുന്നിലെ ആല്‍ത്തറയ്ക്ക് ചുറ്റും ആന ഊട്ടിനായി അവര്‍ തിങ്ങിക്കൂടി. ചമയക്കാര്‍ക്ക് പൂരസദ്യയും ഒരുക്കിയിരുന്നു.
ഉച്ചകഴിഞ്ഞ് താമരക്കുളം മഹാഗണപതിയും പുതിയകാവ് ഭഗവതിയും എഴുന്നെള്ളി. ഗജവീരന്‍ പല്ലാട്ട് ബ്രഹ്മദത്തന്‍ താമരക്കുളം ഗണപതിയുടെ തിടമ്പേറ്റിയപ്പോള്‍ കരിവീരന്‍ പുത്തന്‍കുളം അര്‍ജ്ജുന്‍ ആയിരുന്നു പുതിയകാവ് ഭഗവതിയുടെ തിടമ്പ് വഹിച്ചത്. തിരുമുമ്പില്‍ മേളത്തിന് ചൊവ്വല്ലൂര്‍ മോഹനവാര്യരും തൃക്കടവൂര്‍ അഖിലും നേതൃത്വം നല്‍കി. വൈകിട്ട് 3.30ഓടെ കൊടിയിറക്കിയശേഷം തിടമ്പേറ്റിയ ഗജവീരന്‍, കൊല്ലംകാരുടെ ഇഷ്ടതോഴന്‍ തൃക്കടവൂര്‍ ശിവരാജു എഴുന്നെള്ളി നിന്നതോടെ തിരുമുമ്പില്‍ കുടമാറ്റം ആരംഭിച്ചു.
കൊല്ലം പൂരം അരങ്ങേറുന്ന ആശ്രാമം മൈതാനിയില്‍ ഇതിന്റെ ഭാഗമായ സമ്മേളനം മന്ത്രി കെഎന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി ജെ ചിഞ്ചുറാണി ദീപം തെളിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ്, എന്‍കെ പ്രേമചന്ദ്രന്‍ എംപി, എംഎല്‍എമാരായ എം മുകേഷ്, എം നൗഷാദ്, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ. അനന്തഗോപന്‍ തുടങ്ങിയ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
വൈകിട്ട് ഏഴ് മണിയോടെ ആശ്രാമം മൈതാനത്ത് പുതിയകാവ് ഭഗവതിയും താമരക്കുളം മഹാഗണപതിയും മുഖാമുഖം നിന്നതോടെ കുടമാറ്റം ആരംഭിച്ചു. 11 കൊമ്പന്‍മാര്‍ വീതമാണ് ഇരുഭാഗത്തും അണിനിരന്നത്. കരിവീരന്മാരുടെ മുകളില്‍ സൗന്ദര്യചാര്‍ത്തുകള്‍ മിന്നിമറിഞ്ഞു. പൂരലഹരിയില്‍ പുരുഷാരം മതിമയങ്ങി. രാത്രി വൈകിയും പൂരക്കാഴ്ചയില്‍ അലിഞ്ഞ് ജനങ്ങളും…

Exit mobile version