Site iconSite icon Janayugom Online

അമ്പരപ്പിച്ച് പ്രഭാസും ടീമും; ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി രാജാസാബിന്റെ ടീസര്‍ പുറത്തിറങ്ങി

റിബല്‍ സ്റ്റാര്‍ പ്രഭാസിന്റെ പുതിയ ചിത്രമായ ‘ദി രാജാ സാബിന്റെ ടീസര്‍ പുറത്തിറങ്ങി. ഇതുവരെയും ഒരു സിനിമയിലും പരീക്ഷിക്കാത്ത പുതിയ രൂപഭാവത്തില്‍ എത്തിയിരിക്കുകയാണ് പ്രഭാസ്. അമ്പരപ്പിക്കുന്ന ദൃശ്യ വിസ്മയങ്ങളാല്‍ സമ്പന്നമാണ് ടീസര്‍. ഭയം നിറയ്ക്കുന്ന നിരവധി ദൃശ്യങ്ങള്‍ ടീസറിലുണ്ട്. മികച്ച കമ്പ്യൂട്ടര്‍ ഗ്രാഫിക്സും സൌണ്ട് ഡിസൈനുമാണ് ടീസറിന്‍റെ പ്രത്യേകത. കലാസംവിധായകന്‍ രാജീവന്‍ നമ്പ്യാര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഭയപ്പെടുത്തുന്ന കൊട്ടാരത്തിന്‍റെ ദൃശ്യങ്ങളാണ് ടീസറിന്‍റെ പ്രധാന ആകര്‍ഷണം. മാരുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഡിസംബര്‍ 5 ന് ലോകവ്യാപകമായി റിലീസ് ചെയ്യും. ടീസറിൽ സംഗീത മാന്ത്രികൻ തമൻ എസ് ഒരുക്കിയിരിക്കുന്ന വിസ്മയിപ്പിക്കുന്ന സംഗീതം രാജാസാബിന്റെ ആത്മാവ് എന്താണെന്ന് പ്രേക്ഷകര്‍ക്ക് വിവരിക്കുകയാണ്. ടീസറിൽ, പ്രഭാസ് വ്യത്യസ്തമായ രണ്ട് ലുക്കുകളിലാണെത്തിയിരിക്കുന്നത്.”രാജാസാബിലൂടെ, ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വലിയ സിനിമ നിർമ്മിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. പ്രേക്ഷകരെ ഒരു അതിശയകരമായ ലോകത്തേക്ക് ആകർഷിക്കുന്നതാണ് ഇതിലെ കഥയും സെറ്റുകളും”, നി‍ർമ്മാതാവ് ടി.ജി വിശ്വപ്രസാദ് ടീസര്‍ ലോഞ്ചില്‍ പറഞ്ഞ വാക്കുകള്‍. സഞ്ജയ് ദത്ത്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങിയവരും ടീസര്‍ ലോഞ്ച് ചടങ്ങിനെത്തിയിരുന്നു.

മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ.

Exit mobile version