Site iconSite icon Janayugom Online

ഓസ്കാർ പുരസ്‍കാരം നേടിയ “നാട്ടു നാട്ടു” ഗാനത്തിന്റെ നൃത്തസംവിധായകൻ പ്രേം രക്ഷിത് സംവിധായകനാവുന്നു; നായകൻ പ്രഭാസ്

തെലുങ്ക് സിനിമയിലെ പ്രശസ്ത നൃത്ത സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ പ്രേം രക്ഷിത് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു എന്ന് വാർത്തകൾ. പാൻ ഇന്ത്യൻ സൂപ്പർതാരമായ പ്രഭാസ് ആയിരിക്കും ചിത്രത്തിലെ നായകനെന്നും, ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ തന്നെ ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായി പ്ലാൻ ചെയ്യുന്ന ഈ പ്രോജെക്ടിലൂടെ ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത ഒരു കഥ ആയിരിക്കും അവതരിപ്പിക്കുക എന്നും വാർത്തകൾ പറയുന്നുണ്ട്.

എസ് എസ് രാജമൗലി ഒരുക്കിയ ‘ആർആർആർ’ എന്ന ചിത്രത്തിൽ രാം ചരണും ജൂനിയർ എൻടിആറും തകർത്താടിയ “നാട്ടു നാട്ടു” എന്ന ഗാനത്തിന് നൃത്ത സംവിധാനം ചെയ്തതിനാണ് പ്രേം രക്ഷിതിന് ദേശീയ പുരസ്‍കാരം ലഭിച്ചത്. ഈ ഗാനത്തിന് മികച്ച ഒറിജിനൽ സോങിനുള്ള ഓസ്കാർ പുരസ്‍കാരവും ലഭിച്ചിരുന്നു. ഓസ്കാർ അവാർഡ് ഈ ഗാനത്തിന് സമ്മാനിച്ച വേദിയിൽ നൃത്തസംവിധായകനായി പ്രേം രക്ഷിത്തിന്റെ പേരും പരാമർശിക്കപ്പെട്ടു എന്ന് മാത്രമല്ല, കഴിഞ്ഞ വർഷം അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആൻഡ് ആർട്സിൽ ജോയിൻ ചെയ്യാൻ അദ്ദേഹത്തിന് ഔദ്യോഗിക ക്ഷണവും ലഭിക്കുകയുണ്ടായി.

ആറ് ഫിലിം ഫെയർ അവാർഡുകളും മൂന്നു നന്ദി അവാർഡുകളും സ്വന്തമാക്കിയിട്ടുള്ള പ്രേം രക്ഷിത് ഇതിനോടകം തമിഴ്, തെലുങ്ക് ഭാഷകളിലായി 76 ഓളം ചിത്രങ്ങൾക്ക് നൃത്തമൊരുക്കിയിട്ടുണ്ട്. കുരുവി, റെഡി, ബില്ല, മഗധീര, ആര്യ 2 , സിംഹ, ബദരീനാഥ്, വേലായുധം, വീരം, ബാഹുബലി, ബാഹുബലി 2 , മെർസൽ, രംഗസ്ഥലം, ആർആർആർ, വീരസിംഹ റെഡ്‌ഡി, ദസറ, പുഷ്പ 2 , കങ്കുവ എന്നിവയാണ് അദ്ദേഹം നൃത്തമൊരുക്കിയ വമ്പൻ ചിത്രങ്ങളിൽ ചിലത്.

Exit mobile version