Site iconSite icon Janayugom Online

പ്രേമഭാഷ

പ്രേമത്തിന്റെ ഭാഷയില്‍
പറഞ്ഞാല്‍

രാത്രിയിലുദിച്ച മണ്‍സൂര്യനാണ്
ചന്ദ്രിക

തീവയില്‍ പെറ്റ മഴമിന്നലാണ്
പൂമരം

ഏകാകികള്‍ പാര്‍ക്കും ശലഭഹൃദയമാണ്
മഞ്ചാടി

നീര്‍മാതളങ്ങള്‍ പൂത്ത വിരഹമുറ്റമാണ്
സായാഹ്നം!!

പ്രേമത്തിന്റെ ഭാഷയില്‍
പറഞ്ഞാല്‍

സങ്കടംപെറ്റ കടങ്കഥയാണ്
വസന്തം

കരള്‍പിഴിഞ്ഞ്
വിരുന്നെത്തിയ മിഴിനീരാണ്
സമുദ്രം

മഴവില്ലിന്റെ ആത്മാവ്
ചുട്ടുപൊള്ളിച്ചതാണ്
ചുംബനം!!

പ്രേമത്തിന്റെ ഭാഷയില്‍
പറഞ്ഞാല്‍

കൈവെള്ളയില്‍ ദിക്കുകളെ
തിറയാടിക്കാനാണ്
ചിലമ്പ്

നിശാഗന്ധിയെ
നെഞ്ചോടുചേര്‍ത്ത നീല
നക്ഷത്രങ്ങളുടെ
നിശ്ശബ്ദഗീതമാണ്
ഈ നിമിഷം

പ്രേമത്തിന്റെ ഭാഷ
ഈ നിമിഷത്തിലല്ലാതെ
പിന്നീടൊരിക്കലും ഉച്ചരിക്കാന്‍
പോകുന്നില്ലെന്ന്
പ്രേമമേ, നീയറിയുന്നുണ്ടോ?!

Exit mobile version