Site iconSite icon Janayugom Online

കൊല്ലം സുധിക്ക് വീട് വയ്ക്കാന്‍ സ്ഥലം നല്‍കി പുരോഹിതന്‍

അന്തരിച്ച മിമിക്രി താരവും നടനുമായ കൊല്ലം സുധിക്ക് വീട് ഒരുങ്ങുന്നു. വീട് വയ്ക്കാന്‍ സഹായവുമായി പലരും വന്നെങ്കിലും സ്ഥലം ഇല്ലാത്തതിനാല്‍ വൈകുകയായിരുന്നു. ഇപ്പോള്‍ സുധിയുടെ കുടുംബത്തിന് സഹായവുമായി എത്തിയിരിക്കുകയാണ് അംഗ്ലീക്കന്‍ സഭയുടെ മിഷണറി ബിഷപ്പായ നോബിള്‍ ഫിലിപ്പ് അമ്പലവേലി. സുധിക്ക് വീട് വയ്ക്കാൻ സൗജന്യമായി ഏഴു സെന്റ് സ്ഥലം നല്‍കിയിരിക്കുകയാണ് അദ്ദേഹം.

സുധിയുടെ മക്കളായ റിതുലിന്റേയും രാഹുലിന്റേയും പേരിലാണ് സ്ഥലം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുധിയുടെ ഭാര്യ രേണുവും മകന്‍ രാഹുലും അത് സംബന്ധിച്ച രേഖകള്‍ നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍ നിന്നും ഏറ്റുവാങ്ങി. കേരള ഹോം ഡിസൈന്‍സ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് സുധിയുടെ കുടുംബത്തിനുള്ള വീട് പണിതു കൊടുക്കുന്നത്.

തന്റെ കുടുംബസ്വത്തില്‍ നിന്നുള്ള സ്ഥലമാണ് സുധിക്കും കുടുംബത്തിനും നല്‍കിയത്. എന്റെ വീട് പണിയുന്നതും ഇതിന് തൊട്ടരികിലാണ്. രജിസ്‌ട്രേഷന്‍ പൂര്‍ണമായും കഴിഞ്ഞു. സുധിയുടെ മക്കളുടെ പേരിലാണ് സ്ഥലം ഇഷ്ടദാനമായി നല്‍കിയതെന്നും വീടുപണി ഉടന്‍ ആരംഭിക്കുമെന്നും ബിഷപ്പ് നോബിള്‍ ഫിലിപ്പ് പറഞ്ഞു.

ജൂണ്‍ അഞ്ചാം തീയതിയാണ് കൊല്ലം സുധി അപകടത്തില്‍ മരിക്കുന്നത്. പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

Eng­lish Sum­ma­ry: priest gave free land for kol­lam sud­hi family
You may also like this video

Exit mobile version