ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് പാകിസ്ഥാനിലെ കറാച്ചിയിലുള്ള അമേരിക്കൻ കോൺസുലേറ്റിന് നേരെ വൻ പ്രതിഷേധം. നൂറുകണക്കിന് ആളുകൾ കോൺസുലേറ്റ് പരിസരത്തേക്ക് അതിക്രമിച്ചു കയറുകയും കെട്ടിടത്തിന്റെ ജനൽ ചില്ലകൾ തകർക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസും പാരാമിലിട്ടറി സേനയും ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ട് പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതു. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഖമേനി വധിക്കപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് കറാച്ചിയിൽ അക്രമാസക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. നിലവിൽ കോൺസുലേറ്റ് പരിസരത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

