വിജ്ഞാനത്തിന്റെ ചക്രവാള സീമകളിലേക്ക് ഒരു കിളിവാതിലിലൂടെയെങ്കിലും എത്തി നോക്കാൻ മലയാളിയെ പഠിപ്പിച്ച, ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ പ്രചാരകൻ, വായനയുടെ പുത്തൻ വാതായനങ്ങൾ സാധാരണക്കാരന് മലർക്കെ തുറന്നിട്ട ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരൻ, അക്ഷരത്തിന്റെ കാന്തികശക്തി മലയാണ്മയ്ക്ക് പകർന്നു നൽകിയ സാക്ഷരതാ പ്രസ്ഥാനത്തിന് ശിലയിട്ട അക്ഷരഖനി, കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലെത്തിച്ച ജനകീയ ഭരണാധികാരത്തിന്റെ രാജശില്പി, ചെങ്കോലും കിരീടവും അകറ്റി നിർത്തി കേരളീയ സമൂഹത്തിന്റെ, മനസിന്റെ അകത്തളങ്ങളിൽ ഇന്നും ജീവിക്കുന്ന മാനവികതയുടെ ഉണർത്തുപാട്ടുകാരൻ അതായിരുന്നു പിടിബി എന്ന മൂന്നക്ഷരങ്ങളിൽ നിറഞ്ഞു നിന്ന പുത്തൻ മഠത്തിൽ തമ്മെ ഭാസ്കരപ്പണിക്കർ. പി ടി ഭാസ്കരപ്പണിക്കര്‍ വിടപറഞ്ഞിട്ട് ഡിസംബര്‍ 30 ന് കാൽ നൂറ്റാണ്ട് തികയുകയാണ്. 1922 ഒക്ടോബർ 15ന് പാലക്കാട് ജില്ലയിലെ അടക്കാപൂതൂരിലാണ് അദ്ദേഹത്തിന്റെ ജനനം. പാലക്കാട്ടും മദിരാശിയിലുമായാണ് വിദ്യാഭ്യാസം. മദ്രാസ് പ്രസിഡൻസി കോളജിൽ ശാസ്ത്ര ബിരുദ വിദ്യാർത്ഥിയായിരിക്കുമ്പോൾ വിദ്യാർത്ഥി സംഘടനാ പ്രവർത്തനവും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനവുമുണ്ടായിരുന്നു. തുടർന്ന് കോയമ്പത്തൂര്‍ കാർഷിക കോളജിൽ കൃഷിശാസ്ത്ര ബിരുദ പഠനത്തിന് ചേർന്നു. വിദ്യാർത്ഥി സംഘടനാ പ്രവർത്തനവും പഠിപ്പുമുടക്കവും മൂലം കാർഷികശാസ്ത്ര പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. അതല്ലായിരുന്നെങ്കിൽ കേരളത്തിനും രാജ്യത്തിനും മികച്ചൊരു കാർഷിക ശാസ്ത്രജ്ഞനെ ലഭിക്കുമായിരുന്നു. പിന്നീട് അധ്യാപനത്തിൽ ബിരുദമെടുത്തു. 1945ൽ കാറൽമണ്ണ സ്കൂളിൽ അധ്യാപകനായിരിക്കുമ്പോഴാണ് സാക്ഷരതാ പ്രവർത്തകനാവുന്നത്. സംസ്ഥാനം സമ്പൂർണ സാക്ഷരത കൈവരിക്കുന്നതിനും നാലര പതിറ്റാണ്ട് മുമ്പാണിതെന്ന കാര്യം ശ്രദ്ധേയമാണ്.
അന്നുതന്നെ ഗ്രന്ഥശാലാ പ്രവർത്തനവും തുടങ്ങിയിരുന്നു. ‘വായിച്ചു വളരുക’ എന്നതായിരുന്നു മുദ്രാവാക്യം. യഥാർത്ഥത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനും സാക്ഷരത പ്രസ്ഥാനത്തിനും അടിത്തറ പാകിയവർ കെ ദാമോദരനും പിടിബിയുമാണ്. ഇതിന്റെയെല്ലാം പിതൃത്വം ഇന്ന് മറ്റ് പലർക്കുമാണെന്നത് കേരളീയ സമൂഹത്തിന്റെ ജാതകദോഷം. കാറൽമണ്ണ, പെരിഞ്ഞനം, പുറമേരി, ശ്രീകൃഷ്ണപുരം, അടക്കാപൂതൂർ തുടങ്ങിയ സ്കൂളുകളിൽ അധ്യാപകനോ പ്രധാനാധ്യാപകനോ ആയിരുന്നു പിടിബി. പെരിഞ്ഞനം സ്കൂളിൽ പിടിബിയുടെ വിദ്യാർത്ഥിയായിരുന്നു രക്തസാക്ഷി സർദാർ ഗോപാലകൃഷ്ണൻ. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ രക്തസാക്ഷികളിലൊരാളാണ് സർദാർ. 1948ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൽക്കത്ത പാർട്ടി കോൺഗ്രസിൽ പിടിബി പ്രതിനിധിയായിരുന്നു. കൽക്കത്ത തീസീസിനെ തുടർന്ന് നാട്ടികയിൽ ഒളിവിൽ പോയി. അവിടെ നിന്നും അറസ്റ്റ് ചെയ്ത് കണ്ണൂർ ജയിലിലാക്കി. ജയിൽ മോചനത്തിന് ശേഷമാണ് വടകര, പുറമേരി രാജാസ് ഹൈസ്കൂളിൽ അധ്യാപകനായത്. ഒ വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിന് കാരണക്കാരൻ പിടിബി ആണെന്ന് വിജയൻ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. “പെരുവയൽ എന്ന കോഴിക്കോടൻ ഗ്രാമത്തിൽ നിന്നും ഞങ്ങൾ രണ്ടു പേരും പ്രസംഗിച്ച് മടങ്ങുന്ന വഴി ‘ഒരു യുദ്ധത്തിന്റെ ആരംഭം’ നല്ല കഥയാണ്, പക്ഷേ കുറച്ചുകൂടി വലിയത്, കുറച്ചു കൂടി ‘ഇങ്ക്വിലാബ്’ ഉള്ളത് എന്തെങ്കിലും എഴുതു” എന്ന് പിടിബി പറഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ‘ട്രിഗറിങ് ഓഫ്’ ആയിരുന്നു. ‘ആവാം’ എന്ന് വിനയത്തോടെ ഞാൻ പറഞ്ഞത് ഖസാക്കായി തീരും എന്ന് ഞാനോർത്തില്ല”- ഒ വി വിജയൻ രേഖപ്പെടുത്തുന്നു. പിടിബി, ശാസ്ത്രസാഹിത്യകാരനും മികച്ച ലേഖകനും മാത്രമായിരുന്നില്ല, കവിതകളുമെഴുതിയിരുന്നു.
ഇതുകൂടി വായിക്കൂ: കേരള നവോത്ഥാനത്തിന്റെ സൂര്യതേജസ്
അദ്ദേഹത്തിന്റെ ഒരു നോവൽ തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ചന്ദ്രൻ’ എന്ന തൂലികാനാമത്തിൽ ‘പാർട്ടി’ എന്ന പേരിലെഴുതിയ നോവൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭിന്നിപ്പിനെക്കുറിച്ചായിരുന്നു. നോവലിന്റെ ആമുഖത്തിൽ പിടിബി കുറിച്ചതിങ്ങനെയാണ്- ‘കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നത് അടുത്ത കാലത്തുണ്ടായ ലോകസംഭവങ്ങളിലൊന്നാണ്. കേരളത്തിലും അതുണ്ടായി. അതിനെ തുടർന്നുള്ള ഒരു രാഷ്ട്രീയ നോവലാണിതെന്നു പറയാം. കലാപരമായി ഇതിലും നന്നാക്കാമായിരുന്നു. പക്ഷേ, അപ്പോൾ ഇതിന്റെ ‘ചൂട്’ കുറയും. അതിനു ഞാനൊരുങ്ങുന്നില്ല. ജീവിച്ചിരിക്കുന്ന നേതാക്കളുടെ പേരുകൾ ഞാൻ കരുതിക്കൂട്ടി ഒഴിവാക്കിയിരിക്കുകയാണ്. അവർക്ക് വിഷമമുണ്ടാവരുതല്ലോ.’ വള്ളുവനാട്ടിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പശ്ചാത്തലത്തിലാണ് നോവലിന്റെ രചന. കമ്മ്യൂണിസ്റ്റ് നേതാക്കളായ കൊങ്ങശ്ശേരി കൃഷ്ണനും പി വി കുഞ്ഞുണ്ണി നായരുമെല്ലാം ഇതിൽ കഥാപാത്രങ്ങളായെത്തുന്നുണ്ട്. പിടിബിയുടെ തന്നെ അംശവും നോവലിൽ അനുഭവിക്കാനാവും. 1939 മുതൽ 1959 ല്‍ കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗമാകുന്നതു വരെ പിടിബി കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു. 1965ൽ പിഎസ്‌സി അംഗത്വമൊഴിഞ്ഞതിന് ശേഷം അംഗത്വം പുതുക്കിയില്ല. പാർട്ടിയിലെ പിളർപ്പ് ഉണ്ടാക്കിയ വേദനയാണിതിന് കാരണം. എന്നാൽ പാർട്ടിയുമായും ബഹുജന പ്രസ്ഥാനങ്ങളുമായുമുള്ള ഗാഢബന്ധം മരണം വരെ അദ്ദേഹം ഉയർത്തിപ്പിടിച്ചു. ‘പാർട്ടികളിൽ അംഗമല്ലെങ്കിലും ഞാനിന്നും ഒരു കമ്മ്യൂണിസ്റ്റാണ് ’ എന്നദ്ദേഹം പറഞ്ഞിരുന്നു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലെത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ച മലബാറിലെ അധ്യാപക പ്രസ്ഥാനത്തിന്റെയും കർഷക പ്രസ്ഥാനത്തിന്റെയും വളർച്ചക്ക് പിടിബിയുടെ സംഭാവന വിലമതിക്കാനാവാത്തതാണ്. മനുഷ്യ ജീവിത വികസനമാണ് യഥാര്‍ത്ഥ വികസനത്തിന്റെ കാതൽ എന്ന് തെളിയിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ അവസാനത്തെ പ്രസിഡന്റായിരുന്ന പിടിബി, ബോർഡിന്റെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രസിഡന്റുമായിരുന്നു.
1954 മുതൽ 57 വരെ പ്രസിഡന്റായിരുന്ന പിടിബി കമ്മ്യൂണിസ്റ്റുകാരെ കുറിച്ച് അന്നുവരെ നിലനിന്നിരുന്ന എല്ലാ സങ്കല്പങ്ങളും ചിന്തകളും മാറ്റിമറിച്ചു. 48 സീറ്റിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും സ്വതന്ത്രന്മാർക്കും കൂടി 24 സീറ്റുകളിലാണ് വിജയിക്കാനായത്. കെ ദാമോദരൻ ആയിരുന്നു അന്ന് മലബാറില്‍ പാർട്ടി സെക്രട്ടറി. ഇ പി ഗോപാലനും (പട്ടാമ്പി), കൊങ്ങശ്ശേരി കൃഷ്ണനും (മണ്ണാർക്കാട്), ഇ പി കൃഷ്ണൻ നമ്പ്യാരും (ഇരിക്കൂർ), പി കെ മാധവനും (തലശ്ശേരി), എം കുമാരനും (വടകര), കെ വി മൂസ്സാൻകുട്ടി മാസ്റ്ററും (തളിപ്പറമ്പ്) അടക്കമുള്ള മലബാറിലെയും വള്ളുവനാട്ടിലെയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളാണ് ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിനും മുസ്ലിം ലീഗിനും സോഷ്യലിസ്റ്റ് പാർട്ടിക്കും കൂടിയായിരുന്നു ശേഷിച്ച 24 സീറ്റുകൾ. കോൺഗ്രസും ലീഗും പ്രസിഡന്റ് — വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ മത്സരിച്ചു. പിടിബി പ്രസിഡന്റായും മൂസാൻകുട്ടി മാസ്റ്റർ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. ഇ പി ഗോപാലൻ, പി കെ മാധവൻ, കെ ഉണ്ണികൃഷ്ണവാര്യർ (കെ യു വാര്യർ) എന്നിവര്‍ കൂടിയുള്‍പ്പെട്ട ജനാധിപത്യ മുന്നണി നേതൃത്വത്തിനായിരുന്നു ഭരണപരമായ ചുമതല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വച്ച് പൊതുനന്മയ്ക്കായി ബോർഡ് ഭരണം നടത്തണമെന്നായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനം. അത് അക്ഷരംപ്രതി നടപ്പിലാക്കാൻ കഴിഞ്ഞതാണ് മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെയും പിടിബിയുടെയും വിജയം. വിദ്യാഭ്യാസ‑തൊഴിൽ മേഖലകളിൽ ഇന്നും കേരളത്തിന് മാതൃകയാണ് ബോർഡിന്റെ പ്രവർത്തനം. വ്യാപകമായി വിദ്യാലയങ്ങൾ ആരംഭിക്കുകയും തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാൻ പരമാവധി പരിശ്രമിക്കുകയും ചെയ്തു. കേരളത്തിൽ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അധികാരത്തിലെത്തിക്കുന്നതിൽ മലബാർ ബോർഡിന്റെ പ്രവർത്തനങ്ങൾ ഏറെ സഹായിച്ചു. 1957ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നിന്നും പിടിബി മാറി നിന്നു. അദ്ദേഹം ഡിസ്ട്രിക്റ്റ് ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീകൃഷ്ണപുരത്ത് നിന്നും മത്സരിച്ച് ജയിച്ചത് കൊങ്ങശ്ശേരി കൃഷ്ണനായിരുന്നു. അന്ന് പിടിബി നിയമസഭാംഗമായിരുന്നെങ്കിൽ മികച്ചൊരു മാതൃക ഭരണാധികാരിയെ കേരളത്തിന് ലഭിക്കുമായിരുന്നു.
ഇതുകൂടി വായിക്കൂ: പ്രതിസന്ധികളെ അചഞ്ചലമായി നേരിട്ട നേതാവ്
കേരളപ്പിറവിക്കു ശേഷം അടയ്ക്കാപൂതൂർ ഹൈസ്കൂൾ ഹെഡ‌്മാസ്റ്റർ ആയിരിക്കേയാണ് പിടിബിയെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശേരിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുന്നത്. പിന്നീട് നീണ്ട മൂന്നരപ്പതിറ്റാണ്ട് കാലം തലസ്ഥാനത്തിന്റെ സാമൂഹ്യ‑സാംസ്കാരിക‑വിദ്യാഭ്യാസ മേഖലകളിലെല്ലാം തന്റെ കൈയൊപ്പ് ചാർത്തി. പിടിബി നട്ടുവളർത്തിയ പ്രസ്ഥാനങ്ങൾ നിരവധിയാണ്. അവയിൽ പലതും പിന്നീട് അദ്ദേഹത്തെ ഓർക്കാതെ പോവുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടുമുണ്ട്. കേരള ഗ്രന്ഥശാല സംഘം, കേരള ശാസ്ത്ര‑സാഹിത്യ പരിഷത്ത്, കാൻഫെഡ്, ശാസ്ത്ര (കണ്ണൂർ), സ്പാർക്ക് (എറണാകുളം), സ്ഥലനാമ സമിതി (പ്ലാൻസ്), ഭരണപരിഷ്കാര വേദി, ഇൻസിസ്, സ്റ്റെപ്സ്, ചിത്രകലാ പരിഷത്ത്, സേവമന്ദിർ തുടങ്ങിയവയെല്ലാം പിടിബിയുടെ സ്മാരകങ്ങളാണ്. പ്രസിദ്ധീകരണങ്ങളുടെ കാര്യത്തിലും അക്ഷരങ്ങളെ അഗ്നിയാക്കിയ പിടിബി ഒരു ലോഭവും കാണിച്ചില്ല. ഭരണചക്രം, പ്ലാൻസ് ബുള്ളറ്റിൻ, പുസ്തക സമീക്ഷ, വിദ്യാലോകം, ശാസ്ത്ര കേരളം, പ്രൈമറി ടീച്ചർ, ശാസ്ത്രഗതി, ശാസ്ത്രം ജനങ്ങളിലേക്ക് തുടങ്ങിയവയെല്ലാം പിടിബിയുടെ ബൗദ്ധിക ചിന്തയിൽ നിന്നും ഉയിര്‍കൊണ്ടതാണ്. ശാസ്ത്ര‑സാഹിത്യ പരിഷത്തിന്റെ രൂപീകരണത്തിൽ പിടിബിക്കൊപ്പം മുഖ്യപങ്ക് വഹിച്ച എൻ വി കൃഷ്ണവാര്യരുമായുള്ള ചർച്ചകളിൽ നിന്നും ഉടലെടുത്തതാണ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. നൂറിലെറെ ശാസ്ത്ര‑സാഹിത്യ കൃതികളുടെ കർത്താവാണ് അദ്ദേഹം. ശാസ്ത്രവും ജീവചരിത്രവും കുട്ടികളിൽ പുസ്തകരൂപത്തിലെത്തിക്കാൻ 1950കൾ മുതൽ ശ്രമം നടത്തിയിരുന്നു. 1967ൽ ‘വിശ്വവിജ്ഞാനകോശ’ത്തിന്റെ മുഖ്യ പത്രാധിപരായിരുന്നു.
ജീവചരിത്രകോശം കുട്ടികൾക്ക്, സയൻസ് എൻസൈക്ലോപീഡിയ കുട്ടികൾക്ക്, ശാസ്ത്ര വിജ്ഞാനകോശം കുട്ടികൾക്ക്, ബാലവിജ്ഞാന കോശം, ദ്രാവിഡ വിജ്ഞാനകോശം, ഭാരത വിജ്ഞാനകോശം തുടങ്ങിയവയുടെ പത്രാധിപരുമായിരുന്നു. സമാധാന സൗഹൃദ സമിതികൾ, ഇന്തോ- സോവിയറ്റ് സൗഹൃദസമിതി തുടങ്ങിയവയുടെ പ്രസീഡിയം അംഗമായിരുന്നു. കേരള സർവകലാശാലയിൽ മലയാളത്തിലും പരീക്ഷ എഴുതാൻ അവസരം ഒരുക്കിയത് പിടിബിയാണ്. സർവകലാശാല സെനറ്റ് അംഗമായിരുന്നപ്പോൾ അദ്ദേഹം കൊണ്ടുവന്ന പരിഷ്കരണമായിരുന്നു അതെന്ന് എത്ര പേർക്കറിയാം. പിടിബിക്ക് ഒരു നിത്യസ്മാരകം പാലക്കാട് ഉണ്ടാക്കാൻ നടത്തിയ ശ്രമങ്ങളൊന്നും ഇന്നും വിജയം കണ്ടിട്ടില്ല. ജോസ് ബേബി നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ആയിരുന്നപ്പോൾ ഒരു ശാസ്ത്രമ്യൂസിയത്തിനായി പരിശ്രമിച്ചു. സംസ്ഥാന ബജറ്റിൽ അതിനായി തുകയും വകയിരുത്തി. എന്നാൽ ആ തുക പിന്നീട് വകമാറ്റിയത് ഏറെ ദുഃഖകരമാണ്. പിടിബിയുടെ സ്മാരകം ചിന്തിക്കുന്നവന്റെ, അക്ഷരത്തെ സ്നേഹിക്കുന്നവന്റെ, ശാസ്ത്രം ജനങ്ങളിലെത്തിക്കാൻ ശ്രമിക്കുന്നവന്റെ മനസുകളിലാണ്. അദ്ദേഹം പകർന്നു നൽകിയ വിജ്ഞാനത്തിന്റെ കലവറ പോലെ മരണമില്ലാതെ പിടിബി എന്ന മൂന്നക്ഷരം കേരളീയ സമൂഹത്തിൽ ജീവിക്കും, അറിവിനായുള്ള മനുഷ്യന്റെ അന്വേഷണത്വര ഉള്ള കാലത്തോളം.