പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറി റിമാന്‍ഡിലായതോടെ കോണ്‍ഗ്രസ് നേതൃത്വം പ്രതിസന്ധിയിലായി. കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെ വെകുന്നേരം മൂന്നുമണിയോടെ മാനന്തവാടി സബ്ജയിലിലേക്ക് കെ കെ അബ്രഹാമിനെ മാറ്റി. സഹായി സജീവന്‍ കൊല്ലപ്പളളി ഒളിവിലാണ്. അന്നത്തെ ബാങ്ക് സെക്രട്ടറി രമാദേവിയും റിമാന്‍ഡിലാണ്. വഞ്ചന, ആത്മഹത്യാപ്രേരണാ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ബാങ്ക് തട്ടിപ്പില്‍ സഹകരണ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെ കെ കെ അബ്രഹാമിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബലറാമിനെയും ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യനെയും അന്വേഷണകമ്മിഷനായി നിയോഗിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
ആരോപണവിധേയനായിരിക്കെയാണ് അബ്രഹാമിനെ കെപിസിസി ജനറല്‍ സെക്രട്ടറിയാക്കിയത്. ബാങ്ക് ഭരണസമിതി അംഗങ്ങളായിരുന്നവര്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളാണ്. തട്ടിപ്പിനിരയായ മുപ്പതോളം പേര്‍ അന്ന് ഡിസിസിയില്‍ എത്തി മൊഴിനല്‍കുകയും ചെയ്തു. കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അന്ന് കെ കെ അബ്രഹാം കുറ്റക്കാരനല്ലെന്ന നിലപാടാണ് പാര്‍ട്ടിനേതൃത്വം സ്വീകരിച്ചതെന്ന് ഒരുവിഭാഗം പറയുന്നു. 2018ല്‍ സഹകരണ വകുപ്പിന്റെ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ എ ഗ്രൂപ്പ് കെ കെ അബ്രഹാമിനെതിരെ രംഗത്ത് വന്നിരുന്നു. വയനാട്ടില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ ഭിന്നതയായിരുന്നു ഇതുമായി ബന്ധപ്പെട്ടുണ്ടായത്.
കെ സി വേണുഗോപാല്‍ ഗ്രൂപ്പുമായി ഏറെ അടുപ്പമുള്ള ആളാണ് കെ കെ അബ്രഹാം. പുല്‍പ്പള്ളിയിലെ വീട്ടില്‍ നിന്നാണ് കെ കെ അബ്രഹാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഡാനിയേല്‍ എന്നയാളും നേരത്തെ പരാതി നല്‍കിയിരുന്നു. പൊലീസ് സ്റ്റേഷനിലിരിക്കെ കെ കെ അബ്രഹാമിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആദ്യം ബത്തേരിയിലെ താലുക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സ്ഥലം ഈടുവെച്ച് വായ്പയെടുത്ത കര്‍ഷകര്‍ അറിയാതെ അവരുടെ പേരില്‍ തന്നെ ലക്ഷങ്ങള്‍ അധികമായി എടുത്ത് വായ്പാത്തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഇത് സംബന്ധിച്ച അന്വേഷണത്തില്‍ കുറ്റപത്രം വൈകുന്നതായ ആരോപണത്തിനിടെയാണ് രാജേന്ദ്രന്‍ എന്ന കര്‍ഷകന്‍ ജീവനൊടുക്കിയത്. സംഭവത്തില്‍ ജില്ലയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. രാജേന്ദ്രന്റെ മൃതദ്ദേഹവുമായി കേളക്കവല, ചെമ്പകമൂല നിവാസികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക സംഘടനകളും ബാങ്കിലേക്ക് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. വരുംദിവസങ്ങളില്‍ പ്രതിഷേധം തുടരുമെന്നാണ് വിവരം.
അതിനിടെ വായ്പാത്തട്ടിപ്പ് കേസില്‍ ഒരാഴ്ചക്കകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് വയനാട് വിജിലന്‍സ് ഡിവൈഎസ്പി സിബി തോമസ് അറിയിച്ചു. തുച്ഛമായ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പകള്‍ അനുവദിച്ച് ഭരണസമിതി കോടികള്‍ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ജീവനക്കാരുമടക്കം പത്ത് പ്രതികളാണുള്ളത്. 2019ല്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ പ്രതികളെ സംരക്ഷിക്കുന്നതായി നേരത്തെ ആരോപണമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ജീവനൊടുക്കിയ രാജേന്ദ്രന്‍ നായര്‍ പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ ഭൂമി പണയപ്പെടുത്തി 25 ലക്ഷം രൂപ വായ്പയെടുത്തതായും നിലവില്‍ പലിശ സഹിതം ഏകദേശം 40 ലക്ഷം രൂപ കുടിശികയുണ്ടെന്നും ബാങ്ക് രേഖയിലുണ്ട്. എന്നാല്‍ 73,000 രൂപ മാത്രമാണ് താന്‍ വായ്പയെടുത്തതെന്നാണ് രാജേന്ദ്രന്‍ നായര്‍ കുടുംബത്തോടും സുഹൃത്തുക്കളോടും പറഞ്ഞത്. തന്റെ പേരില്‍ മറ്റാരോ പണം തട്ടിയതായാണ് ഇയാള്‍ ആരോപിച്ചിരുന്നത്. പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ സമാന തട്ടിപ്പ് വേറെയും നടന്നതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.