Site icon Janayugom Online

പുനലൂർ ശിവകുമാർ വധക്കേസ് പ്രതികളെ കോടതി വെറുതെ വിട്ടു

പുനലൂരിലെ വർക്ക്ഷോപ്പ് ജീവനക്കാരൻ ആയിരുന്ന ശിവകുമാറിനെ ഭാര്യയും ഭാര്യ മാതാവും ചേർന്ന് കൊലപ്പെടുത്തി എന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയ കേസിലാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. പുനലൂർ മണിയാർ പരവട്ടത്ത് കൃഷ്ണശ്രീ വീട്ടിൽ കൃഷ്ണൻകുട്ടി നായർ മകൾ രഞ്ജിനി (36), മാതാവായ രാധാമണിയമ്മ(60) എന്നിവരെയാണ് കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജ് ‑6 എം മനോജ് കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. 2011 മെയ് 31 നാണ് കേസിന് ആസ്പദമായ സംഭവം. രാത്രി മദ്യപിച്ച് വീട്ടിൽ വന്ന് ശിവകുമാർ രഞ്ജിനി യുമായി വഴക്കുണ്ടാക്കുകയും മർദ്ദിക്കുകയും ചെയ്ത വിരോധത്താൽ തൊട്ടിൽ കയർ കഴുത്തിൽ മുറുക്കി ശിവകുമാറിനെ പ്രതികൾ കൊലപ്പെടുത്തി എന്നായിരുന്നു കേസ്. ലോക്കൽ പോലീസിന്റെ അന്വേഷണത്തിനെതിരെ ശിവകുമാറിന്റെ പിതാവ് കേരള ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഹൈക്കോടതിയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകിയത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് ഹാജരാക്കിയ സാക്ഷിമൊഴികളും രേഖകളും പിന്നീട് കെട്ടിച്ചമച്ചതാണെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ അഡ്വ. അനീസ് തങ്ങൾകുഞ്ഞ്, അഡ്വ. മുഹമ്മദ് ഷാഫി, അഡ്വ. രാഹുൽ ആർ ജെ എന്നിവർ കോടതിയിൽ ഹാജരായി.

Exit mobile version