Site icon Janayugom Online

മലയാളത്തിൽ ആദ്യമായി മമ്മൂട്ടി വനിതാ സംവിധായകയുടെ ചിത്രത്തിൽ അഭിനയിക്കുന്നു; ‘പുഴു‘വിന് തുടക്കമായി

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും നടി പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പുഴു‘വിന് തുടക്കമായി. ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്കൂളിൽ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിൻ്റെ പൂജ. നവാഗതയായ റത്തീന ഷർഷാദാണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്. സിൻ സിൽ സെല്ലുലോയ്ഡിൻറെ ബാനറിൽ എസ്. ജോർജ്ജ് ആണ് നിർമാണം. ദുൽഖർ സൽമാൻറെ വേ ഫെറർ ഫിലിംസാണ് ചിത്രത്തിൻ്റെ സഹനിർമ്മാണവും വിതരണവും. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഉണ്ടക്ക് ശേഷം ഹർഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹർഷാദിനൊപ്പം ചേ‍‍ർന്നാണ് തിരക്കഥയൊരുക്കുന്നത്. ഇതിനോടകം സിനിമയുടേതായി വന്ന ടൈറ്റിൽ പോസ്റ്റർ ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.

മമ്മൂട്ടി, പാർവതി എന്നിവർക്കൊപ്പം നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്. പേരൻപ്, ധനുഷ് ചിത്രം കർണ്ണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥൈകൾ തുടങ്ങിയ ചിത്രങ്ങളുടെ കാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്. ബാഹുബലി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം.

റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റർ — ദീപു ജോസഫ്, സംഗീതം — ജേക്സ് ബിജോയ്, പ്രൊജക്ട് ഡിസൈനർ- എൻ. എം ബാദുഷ, വിഷ്ണു ഗോവിന്ദും, ശ്രീശങ്കറും ചേർന്നാണ് സൗണ്ട് നിർവ്വഹിച്ചിരിക്കുന്നത്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ ചന്ദ്രനും & എസ്. ജോർജ്ജും ചേർന്നാണ് മേക്കപ്പ്, പബ്ലിസിറ്റി ഡിസൈൻസ്- ആനന്ദ് രാജേന്ദ്രൻ, പി. ആർ. ഒ- പി. ശിവപ്രസാദ്. എറണാകുളം, കുട്ടിക്കാനം എന്നിവിടങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ.

Eng­lish sum­ma­ry: puzhu film poo­ja ceremony

You may also like this video:

Exit mobile version