Site iconSite icon Janayugom Online

തിയേറ്റർ റിലീസ് റദ്ദാക്കിയതിനെതിരെ നിയമ നടപടിയുമായി പിവിആർ; ‘ഭൂൽ ചുക് മാഫ്’ ഒടിടി റിലീസിന് ഹൈക്കോടതിയുടെ വിലക്ക്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്ന് രാജ്കുമാർ റാവുവും വാമിഖ ഗബ്ബിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ഭൂൽ ചുക് മാഫ്’ എന്ന സിനിമയുടെ തിയേറ്റർ റിലീസ് നിർമ്മാതാക്കൾ റദ്ദാക്കി. മെയ് 9‑ന് ചിത്രം തിയേറ്ററുകളിൽ എത്താനിരിക്കെയാണ് റിലീസ് റദ്ദാക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം റിലീസ് ചെയ്യുന്നതിന് പകരം ഒടിടി പ്ലാറ്റ്‌ഫോമിൽ നേരിട്ട് റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിച്ചതോടെ, തിയേറ്റർ ഉടമകളായ പിവിആർ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ദിനേശ് വിജൻ്റെ ഉടമസ്ഥതയിലുള്ള മാഡോക്ക് ഫിലിംസിനെതിരെ 60 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പിവിആർ കേസ് ഫയൽ ചെയ്തത്. 

‘സ്ത്രീ 2’, ‘ഛാവ’ തുടങ്ങിയ വിജയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രൊഡക്ഷൻ ഹൗസാണ് മാഡോക്ക് ഫിലിംസ്. അവസാന നിമിഷം റിലീസ് റദ്ദാക്കിയത് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമായതായി പിവിആർ സിഇഒ കമൽ ഗിയാൻചന്ദാനി സ്ഥിരീകരിച്ചു. നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഏറ്റവുമൊടുവിലെ റിപ്പോർട്ടുകൾ പ്രകാരം, ബോംബെ ഹൈക്കോടതി ഈ വിഷയത്തിൽ പിവിആറിന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ‘ഭൂൽ ചുക് മാഫ്’ ഒടിടിയിൽ റിലീസ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. പിവിആറിനും ഐനോക്‌സിനും കോടതിയുടെ ഈ നടപടി ആശ്വാസം നൽകുന്നതാണ്. 

Exit mobile version