Site iconSite icon Janayugom Online

നിലപാടുകളിൽ ഉറച്ചു നിന്ന രാഷ്ട്രീയ വ്യക്തിത്വമാണ് ആർ ബാലകൃഷ്ണ പിള്ള: കാനം രാജേന്ദ്രൻ

നിലപാടുകളിൽ ഉറച്ചു നിന്ന രാഷ്ട്രീയ വ്യക്തിത്വമാണ് ആർ ബാലകൃഷ്ണ പിള്ളയുടേതെന്ന് കാനം രാജേന്ദ്രൻ. കേരള രാഷ്ട്രീയത്തിൽ വിലപ്പെട്ട സംഭാവന നൽകിയ നേതാവാണ് അദ്ദേഹമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കൊട്ടാരക്കരയിൽ പറഞ്ഞു. ആർ ബാലകൃഷ്ണപിള്ളയുടെ ഒന്നാം അനുസ്മരണ സമ്മേളനത്തിൽ കൊട്ടാരക്കര മാർത്തോമാ മന്ദിരത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ചു നിലപാടുകൾ എടുക്കുന്ന കാലത്ത് തന്റെതായ നിലപാട് മുറുകെ പിടിക്കാൻ ശ്രമിച്ച നേതാവായിരുന്നു അദ്ദേഹം. ഭരണാധികാരിയെന്ന നിലയിൽ മികവ് തെളിയിച്ചു. അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും വ്യക്തി ബന്ധങ്ങൾ കാത്തു സൂക്ഷിച്ച ആളാണ് അദ്ദേഹം. പ്രതിപക്ഷ ബഹുമാനത്തോടെ ഇടപെടാൻ എപ്പോഴും കഴിഞ്ഞിരുന്നു. വിമർശനങ്ങളെ തികഞ്ഞ സ്വീകാര്യതയോടെ കാണാനുള്ള മനസുണ്ടായിരുന്നു. കേരളത്തിൽ ഗതാഗത രംഗത്ത് കാതലായ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ട്രേഡ് യൂണിയൻ രംഗത്തും അദ്ദേഹത്തിന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നുവെന്നും കാനം പറഞ്ഞു. വളരെ ക്ഷീണിതാവസ്ഥയിലും പൊതു രാഷ്ട്രീയം നന്നായി വീക്ഷിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. വിദ്യാർത്ഥി ഫെഡറേഷനിലൂടെ പൊതുരംഗത്തു വന്ന് ജനാധിപത്യ പ്രസ്ഥാനത്തിലൂടെ കേരള രാഷ്ട്രീയ ഭൂമിയിൽ തന്റേതായ നിലയിൽ സുദൃഢമായ സ്ഥാനം ഉണ്ടാക്കിയെടുത്തുവെന്നും കാനം കൂട്ടിച്ചേർത്തു.
അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കെ ബി ​ഗണേശ് കുമാർ എംഎൽഎ അധ്യക്ഷനായി. മന്ത്രി കെ എൻ ബാല​ഗോപാൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ​ഗോപകുമാർ, എൻ കെ പ്രേമചന്ദ്രൻ എംപി, എംഎൽഎ മാരായ എം നാഷാദ്, കോവൂർ കുഞ്ഞുമോൻ, പി സി വിഷ്ണുനാഥ്, സിപിഎം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർ രാജേന്ദ്രൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എസ് ഇന്ദുശേഖരൻ നായർ, മുൻ എംഎൽഎ പി അയിഷാപോറ്റി, മാർത്തോമ്മ സഭ കൊട്ടാരക്കര പുനലൂർ രൂപത അധ്യക്ഷൻ ജോസഫ് മാർ ബെർണബാസ് സഫ്ര​ഗൻ മെത്രാപ്പോലീത്ത, ലാറ്റിൻ കാത്തലിക് പുനലൂർ രൂപത മെത്രാൻ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ, മലങ്കര ഓർത്തഡോക്സ് സഭ മാനേജിം​ഗ് കമ്മിറ്റി അം​ഗം ഫാ. സാജൻ തോമസ് തുടങ്ങിയവർ സംസാരിച്ചു. കെ ബി ​ഗണേശ് കുമാർ ഉൾപ്പെടെയുള്ള 50 പേരുടെ മരണാനന്തര അവയവ ദാന സമ്മതപത്രം സമ്മേളനത്തിൽ വച്ച് മന്ത്രി കെ എൻ ബാല​ഗോപാലിന് കൈമാറി. എ ഷാജു സ്വാ​ഗതവും ജി ​ഗോപാലകൃഷ്ണപിള്ള നന്ദിയും പറഞ്ഞു.

Exit mobile version