Site iconSite icon Janayugom Online

ആലുവ യുസി കോളജ് മുറ്റത്ത് മാവിന്‍ തൈ നട്ട ഭാരതത്തിന്റെ വിശ്വകവി

Rabindranatha tagoreRabindranatha tagore

താന്താങ്ങളുടെ വ്യക്തിപ്രഭാവങ്ങള്‍‍ കൊണ്ട് ഒരു ജനതയെ മുഴുവന്‍ ഉദ്ബുദ്ധരാക്കിയ മൂന്നു പേര്‍ കഴിഞ്ഞകാലങ്ങളില്‍ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. സ്വാമി വിവേകാനന്ദന്‍, മഹാത്മാഗാന്ധി, മഹാകവി രവീന്ദ്രനാഥ ടാഗോര്‍ എന്നീ മഹാന്മാരാണിവര്‍. സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനം‍ 1892 നവംബര്‍ 27 മുതല്‍ ഡിസംബര്‍ 22 വരെ നീണ്ടുനിന്നു. ഗാന്ധിജി അഞ്ചുതവണ കേരളം സന്ദര്‍ശിച്ചു. 1920 ഓഗസ്റ്റ് 18ന് ഖിലാഫത്ത് പ്രചാരണാര്‍ത്ഥവും 1925 മാര്‍ച്ച് എട്ടിന് വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാനായും 1927 ഒക്ടോബര്‍ ഒമ്പതിന് ദക്ഷിണേന്ത്യന്‍ പര്യടനത്തിനായും 1934 ജനുവരി 10ന് ഹരിജന ഫണ്ടിലേക്കുള്ള വിഭവ സമാഹരണാര്‍ത്ഥവും 1937 ജനുവരി 12ന് ക്ഷേത്രപ്രവേശന വിളംബരത്തോടനുബന്ധിച്ചും ഗാന്ധിജി കേരളം സന്ദര്‍ശിക്കുകയുണ്ടായി. തുടര്‍ന്ന് ജനുവരി 14-ാം തീയതി നെയ്യാറ്റിന്‍കര ഊരൂട്ടുകാല ക്ഷേത്ര മൈതാനിയിലും അദ്ദേഹം പ്രസംഗിച്ചു. കേന്ദ്ര മന്ത്രിയായിരുന്ന ജി രാമചന്ദ്രന്റെ വസതിയായ മാധവി മന്ദിരത്തില്‍ ഒരു രാത്രി വിശ്രമിക്കുകയും ചെയ്തു. മാധവി മന്ദിരം ഇന്നും നെയ്യാറ്റിന്‍കരയില്‍ ഗാന്ധിജിയുടെ സ്മരണയുണര്‍ത്തുന്ന ഒരു മ്യൂസിയമായി സംരക്ഷിക്കപ്പെട്ടു വരുന്നു. അദ്ദേഹം വിശ്രമിച്ച മുറിയും ഉപയോഗിച്ച വസ്തുക്കളും അതേപോലെ ഇന്നും സൂക്ഷിക്കുന്നു. ഈ സന്ദര്‍ശനങ്ങളിലാണ് ഗാന്ധിജി നാരായണഗുരുവിനെയും അയ്യന്‍കാളിയെയും വള്ളത്തോളിനെയുമൊക്കെ സന്ദര്‍ശിച്ചത്.

G Ramachan­dran


മാധവീമന്ദിരം,നെയ്യാറ്റിൻകര

വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ കേരള സന്ദര്‍ശനത്തിന് 100 വര്‍ഷം തികയുന്ന വേളയാണിത്. ശാന്തിനികേതനവും വിശ്വഭാരതിയും സ്ഥാപിക്കുന്നതിനായുള്ള ധനശേഖരണാര്‍ത്ഥം ഇന്ത്യയില്‍ പലയിടത്തും ടാഗോര്‍ സന്ദര്‍ശനം നടത്തി. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ ക്ഷണമനുസരിച്ചാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. 1922 നവംബര്‍ ഒന്‍പതാം തീയതി റയില്‍മാര്‍ഗമാണ് ടാഗോര്‍ അനന്തപുരിയില്‍ എത്തുന്നത്. ഒപ്പം മകന്‍ രതീന്ദ്രനാഥ ടാഗോറും പത്നി പ്രതിമാദേവിയും ഉറ്റ സുഹൃത്ത് സി എസ് ആന്‍ഡ്രൂസും. മൈസൂര്‍, ബാംഗ്ലൂര്‍, മദ്രാസ് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ കഴിഞ്ഞാണ് ഇവിടെ എത്തിച്ചേര്‍ന്നത്. പൗരാവലിക്കുവേണ്ടി മണ്ണൂര്‍ ഗോവിന്ദപ്പിള്ളയുടെ അധ്യക്ഷതയിലുള്ള സ്വാഗതസംഘവും ഔദ്യോഗികമായി ദിവാന്‍ സി രാഘവയ്യയുടെ നേതൃത്വത്തിലും ടാഗോറിനെ സ്വീകരിച്ചു. തൈക്കാട് ഗസ്റ്റ് ഹൗസിലായിരുന്നു താമസസൗകര്യം ഒരുക്കിയത്. ഇന്ന് യൂണിവേഴ്സിറ്റി ലൈബ്രറി ഇരിക്കുന്നിടം വലിയ മൈതാനമായിരുന്നു. അവിടെ പൗരസ്വീകരണവുമൊരുക്കി. നിറഞ്ഞ സദസില്‍ വച്ച് കുമാരനാശാന്റെ ‘ദിവ്യകോകില’മെന്ന കവിത സി കേശവന്‍ സുന്ദരമായി ആലപിച്ചു. സി ലക്ഷ്മണന്‍പിള്ള നല്ലൊരു തമിഴ് ഗാനവും പാടി. തുടര്‍ന്നും തലസ്ഥാനത്ത് മഹാകവിക്ക് സ്വീകരണങ്ങള്‍ നടന്നു. 

ശ്രീമൂലം തിരുനാള്‍ മഹാരാജാവിനെ സന്ദര്‍ശിച്ച ടാഗോറിന് അദ്ദേഹം ഒരു പണക്കിഴി സമ്മാനിച്ചു. തിരുവനന്തപുരത്തെ താമസത്തിനുശേഷം ആറ്റിങ്ങല്‍ കൊട്ടാരത്തിലേക്ക് ടാഗോര്‍ പോവുകയും അവിടെ വര്‍ക്കലയില്‍ ശ്രീനാരായണ ഗുരുവിന്റെ ആതിഥ്യം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് കൊല്ലം, ആലപ്പുഴ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിനുശേഷം ആലുവ അദ്വൈതാശ്രമത്തില്‍ ഗംഭീര സ്വീകരണം നടന്നു. മഹാകവി കുമാരനാശാന്റെ ‘സ്വാഗത പഞ്ചകം’ ആലപിച്ച് സമര്‍പ്പിച്ചു. തൃപ്പൂണിത്തുറയില്‍ വച്ച് കൊച്ചി മഹാരാജാവും അദ്ദേഹത്തിന് പണക്കിഴി സമ്മാനിച്ചു. ആലുവ യുസി കോളജ് മുറ്റത്ത് ടാഗോര്‍ ഒരു മാവിന്‍ തൈ നട്ടു. സ്വീകരണങ്ങള്‍ക്കെല്ലാം ശേഷം നവംബര്‍ 19ന് ഷൊര്‍ണൂര്‍ വഴി ബാംഗ്ലൂരിലേക്ക് ടാഗോര്‍ തിരിച്ചുപോയി. 

മഹാകവിയുടെ സന്ദര്‍ശനം കേരളീയസമൂഹത്തില്‍ വലിയ സ്വാധീനമുണ്ടാക്കി. ആ മഹാന്റെ വ്യക്തിപ്രഭാവത്തില്‍ ആകൃഷ്ടരായി ഒട്ടേറെ മലയാളികള്‍ ശാന്തിനികേതനത്തില്‍ പഠിക്കുവാന്‍ പോയി. കേന്ദ്രമന്ത്രിയായിരുന്ന ജി രാമചന്ദ്രന്‍, കെ സി പിള്ള, മിത്രാനികേതന്‍ വിശ്വനാഥന്‍, ഗുരുഗോപിനാഥ്, എ രാമചന്ദ്രന്‍, പി ബാലഗംഗാധര മേനോന്‍, സി ഗോപിനാഥന്‍ നായര്‍, ശാന്തിനികേതന്‍ കൃഷ്ണന്‍നായര്‍, മൃണാളിനി സാരാഭായി തുടങ്ങി ഈയടുത്ത കാലത്ത് നമ്മെ വിട്ടുപിരിഞ്ഞ ഗാന്ധിയന്‍ നെയ്യാറ്റിന്‍കര പി ഗോപിനാഥന്‍ നായര്‍ വരെ എത്രയോപേര്‍.

മഹാകവിയുടെ സന്ദര്‍ശനം ശതാബ്ദിയിലെത്തുന്ന ഈ വേളയില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കിയ പാളയത്തെ യൂണിവേഴ്സിറ്റി ലൈബ്രറി വളപ്പില്‍ ഉചിതമായ സ്മാരകമുയരണം. പ്രതിമയ്ക്കുപകരം ‘ടാഗോര്‍ തിയേറ്റര്‍’ പോലെ മഹാകവിയുടെ പേരില്‍ ഒരു ആധുനിക സൗകര്യങ്ങളോടുകൂടിയ ഗ്രന്ഥശാലയും ടാഗോറിനെ അനുസ്മരിപ്പിക്കുന്ന ഇതര സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയിരുന്നെങ്കില്‍ ആ മഹാനോടുള്ള തികഞ്ഞ ആദരവ് തന്നെയായിരിക്കും. 

Exit mobile version